
ഇന്‍ഡോര്‍: ദളിതുകള്‍ക്ക് പ്രവേശനം നിഷേധിച്ചതിനെ തുടര്‍ന്ന് വിവാഹദിവസം രാമക്ഷേത്രത്തില്‍ കയറി തൊഴാന്‍ പൊലീസ് സംരക്ഷണം തേടി യുവാവ്. മദ്ധ്യപ്രദേശിലെ ഔറംഗ്പുരയിലാണ് സംഭവം നടന്നത്.
അജയ് മാല്‍വിയ്യ എന്ന ദളിത് യുവാവാണ് തന്റെ വിവാഹദിവസം ഗ്രാമത്തിലുള്ള രാമക്ഷേത്രത്തില്‍ കയറി പ്രാര്‍ത്ഥിക്കാനായി പൊലീസ് സംരക്ഷണം തേടിയത്. 'ബലായ്' എന്ന ദളിത് സമുദായത്തില്‍ പെട്ടയാളാണ് അജയ്. കാലങ്ങളായി ഇവരുടെ സമുദായത്തിന് നാട്ടിലുള്ള രാമക്ഷേത്രത്തില്‍ പ്രവേശനമില്ല.
ക്ഷേത്ര പ്രവേശനത്തില്‍ നിന്ന് ദളിത് സമുദായക്കാരെ വിലക്കുന്നത് നാട്ടില്‍ തന്നെയുള്ള മറ്റ് സമുദായങ്ങളാണെന്നാണ് ബലായ് മഹാസഭയുടെ പ്രവര്‍ത്തകര്‍ പറയുന്നത്. ഈ അടിച്ചമര്‍ത്തലിനെ ചോദ്യം ചെയ്യാന്‍ തന്നെയാണ് തങ്ങളുടെ തീരുമാനമെന്നും ഇവര്‍ പറയുന്നു. വിവാഹദിവസം ക്ഷേത്രത്തില്‍ കയറാന്‍ അജയ്ക്ക് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസിന് അപേക്ഷ സമര്‍പ്പിച്ചതും ബലായ് മഹാസഭയാണ്.
തുടര്‍ന്ന് വിവാഹദിവസം പൊലീസെത്തി, സംരക്ഷണം നല്‍കി വധൂവരന്മാരെ ക്ഷേത്രത്തിനകത്ത് കയറ്റുകയായിരുന്നു. അപേക്ഷയില്‍ സൂചിപ്പിച്ചത് പ്രകാരമുള്ള സംരക്ഷണം യുവാവിന് നല്‍കിയെന്നും അനിഷ്ടസംഭവങ്ങളൊന്നുമുണ്ടായില്ലെന്നും പൊലീസ് അറിയിച്ചു.
നേരത്തേ വിവാഹദിവസം രാമക്ഷേത്രത്തില്‍ കയറി തൊഴാന്‍ ഒരു ദളിത് യുവാവ് ശ്രമിച്ചത് ഗ്രാമത്തില്‍ വലിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നുവെന്നും അതിനാലാണ് പൊലീസ് സംരക്ഷണം ആവശ്യപ്പെടാന്‍ തങ്ങള്‍ തീരുമാനിച്ചതെന്ന് യുവാവിന്റെ ബന്ധുക്കളും പറഞ്ഞു.
'ഞാന്‍ ജനിച്ചതില്‍ പിന്നെ എന്റെ സമുദായത്തില്‍ പെട്ട ഒരാളുപോലും ആ രാമക്ഷേത്രത്തില്‍ കയറി കണ്ടിട്ടില്ല. 2009ലായിരുന്നു എന്റെ വിവാഹം. അന്ന് ഞാന്‍ കുതിരപ്പുറത്ത് കയറി വന്നതിന് എന്നെ അവര്‍ കല്ലെറിഞ്ഞിട്ടുണ്ട്. അതുകൊണ്ട് എന്റെ അനിയന്‍ അവിടെ കയറണമെന്ന് ഞങ്ങള്‍ തീരുമാനിക്കുക തന്നെയായിരുന്നു...' - അജയുടെ ജ്യേഷ്ഠന്‍ ധര്‍മ്മേന്ദ്ര മാല്‍വിയ്യ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam