'വ്യോമാക്രമണത്തെ രാഷ്ട്രീയവത്കരിക്കരുതായിരുന്നു'; യെദ്യൂരപ്പയെ കെെവിട്ട് അമിത് ഷാ

By Web TeamFirst Published Mar 1, 2019, 11:48 AM IST
Highlights

ബിജെപി പരിപാടികളില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെ അമിത് ഷാ ന്യായീകരിച്ചു. ആ ധീരജവാന്മാര്‍ക്ക് ആദരമായുള്ള പുഷ്പചക്രങ്ങളായാണ് അങ്ങനെ ചെയ്യുന്നതെന്നായിരുന്നു ഷായുടെ വിശദീകരണം

ദില്ലി: പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങൾക്കെതിരായ വ്യോമാക്രമണം രാജ്യത്ത് മോദി തരംഗം ഉണ്ടാക്കുമെന്ന് പറഞ്ഞ് വിവാദത്തിലായ മുതിര്‍ന്ന ബിജെപി നേതാവ് ബി എസ് യെദ്യൂരപ്പയെ കെെവിട്ട് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വ്യോമാക്രമണത്തെ യെദ്യൂരപ്പ ഒരിക്കലും രാഷ്ട്രീയവത്കരിക്കരുതായിരുന്നുവെന്ന് ഇന്ത്യ ടുഡേ കോണ്‍ക്ലേവില്‍ അമിത് ഷാ വ്യക്തമാക്കി.

അന്തരീക്ഷം ഓരോ ദിവസവും ബിജെപിക്ക് അനുകൂലമാവുകയാണ്. ഇന്ത്യയുടെ തിരിച്ചടി യുവാക്കൾക്കിടയിൽ ബിജെപിക്ക് അനുകൂലമായ വികാരം ഉണ്ടാക്കിയിട്ടുണ്ടെന്നും ഇതിന്റെ ഫലം ലോക്സഭാ തെരഞ്ഞെടുപ്പിൽ അറിയാമെന്നുമായിരുന്നു യെദ്യൂരപ്പയുടെ പ്രസ്താവന. ഇതുവഴി കർണാടകത്തിൽ 22 സീറ്റ് വരെ ബിജെപി നേടുമെന്നും യെദ്യുരപ്പ അവകാശപ്പെട്ടിരുന്നു.

ഭീകര കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം രാജ്യത്ത് മോദി തരംഗമുണ്ടാക്കുമെന്ന് യെദ്യൂരപ്പ

എന്നാല്‍, പ്രതിപക്ഷം ഒന്നടങ്കം മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നതോടെ യെദ്യൂരപ്പയുടെ നില പരുങ്ങലില്‍ ആവുകയായിരുന്നു. വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ക‌‌ർണാടക ബിജെപി അധ്യക്ഷൻ എത്തിയെങ്കിലും വിമര്‍ശനങ്ങള്‍ക്ക് കുറവുണ്ടായില്ല.

ഇന്ത്യന്‍ തിരിച്ചടി വോട്ടാകുമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി യദ്യൂരപ്പ

ഈ സാഹചര്യത്തിലാണ് അമിത് ഷായും യെദ്യൂരപ്പയെ തള്ളിപ്പറഞ്ഞിരിക്കുന്നത്. ബിജെപി പരിപാടികളില്‍ പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനെയും അമിത് ഷാ ന്യായീകരിച്ചു. ആ ധീരജവാന്മാര്‍ക്ക് ആദരമായുള്ള പുഷ്പചക്രങ്ങളായാണ് അങ്ങനെ ചെയ്യുന്നതെന്നായിരുന്നു ഷായുടെ വിശദീകരണം.

രാജ്യം പ്രതിസന്ധി ഘട്ടങ്ങളിലൂടെ നീങ്ങുമ്പോള്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ച പ്രതിപക്ഷത്തിനെതിരെയും അമിത് ഷാ കടുത്ത വാക്കുകള്‍ ഉപയോഗിച്ചു. പ്രതിസന്ധി സമയത്ത് ബിജെപി സര്‍ക്കാരിനൊപ്പം ഉറച്ച് നിന്നു. എന്നാല്‍ പ്രതിപക്ഷം വ്യോമാക്രമണത്തെക്കുറിച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് ചെയ്തത്.

തീവ്രവാദത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി സ്വരം ഉയര്‍ത്തുകയാണ് ചെയ്യേണ്ടത്. തീവ്രവാദം അവസാനിപ്പിച്ചാല്‍ പാകിസ്ഥാനോട് ചര്‍ച്ച ചെയ്യാം. ഇത് വരെ പുല്‍വാമ ഭീകരാക്രമണത്തെ അപലപിക്കാന്‍ ഇമ്രാന്‍ ഖാന്‍ തയാറായിട്ടില്ലെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

click me!