മാങ്ങ പറിച്ചെന്നാരോപിച്ച് ദളിത് യുവാവിനെ തല്ലിക്കൊന്ന് കെട്ടിതൂക്കി; തോട്ടമുടമ അറസ്റ്റിൽ

By Web TeamFirst Published May 30, 2019, 11:37 PM IST
Highlights

ഉയർന്ന ജാതിക്കാരനായ ഉടമയുടെ തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ചെന്നാരോപിച്ചാണ് ബിക്കി ശ്രീനിവാസ അതിക്രൂരമായ മർദ്ദനത്തിനിരയായത്.

ഹൈദരബാദ്: തോട്ടത്തിൽനിന്ന് മാങ്ങ പറിച്ചെന്നാരോപിച്ച് ​ദളിത് യുവാവിനെ തോട്ടമുടമ തല്ലിക്കൊന്ന് പഞ്ചായത്ത് ഓഫീസിലെ സീലിംഗ് ഫാനിൽ കെട്ടിതൂക്കി. ബിക്കി ശ്രീനിവാസ (30) എന്നയാളാണ് കൊല്ലപ്പെട്ടത്. ആന്ധ്ര പ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ സിംഗമ്പള്ളിയിലാണ് സംഭവം.

ഉയർന്ന ജാതിക്കാരനായ ഉടമയുടെ തോട്ടത്തിൽ നിന്ന് മാങ്ങ പറിച്ചെന്നാരോപിച്ചാണ് ബിക്കി ശ്രീനിവാസ അതിക്രൂരമായ മർദ്ദനത്തിനിരയായത്. തോട്ടത്തിൽനിന്ന് ബിക്കി മാങ്ങ പറിക്കുന്നത് കാണാനിടയായ ഉടമ വടികൊണ്ടാണ് ബിക്കിയെ മർദ്ദിച്ചത്. ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ് ബിക്കി കൊല്ലപ്പെടുകയായിരുന്നു. തുടർന്ന് ബിക്കിയുടെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കുന്നതിന് തോട്ടമുടമയും സഹായികളും ചേർന്ന് മൃതദേഹം പഞ്ചായത്ത് ഓഫീസിലെ സീലിംഗ് ഫാനിൽ കെട്ടിതൂക്കുകയായിരുന്നുവെന്ന് ദി ഇന്ത്യൻ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മരണ വാര്‍ത്ത അറിഞ്ഞ് പഞ്ചായത്ത് ഓഫീസില്‍ എത്തിയ കുടുംബാംഗങ്ങളാണ് മൃതദേഹം താഴെയിറക്കിയത്. തന്റെ തോട്ടത്തിൽനിന്ന് മാങ്ങപ്പറിച്ചത് കയ്യോടെ പിടിച്ചതിൽ മനംനൊന്ത് ബിക്കി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് തോട്ട ഉടമ നാട്ടുകാരോട് പറഞ്ഞത്. എന്നാൽ ബിക്കിയുടെ ശരീരത്തിലേറ്റ മുറിവുകൾ ശ്രദ്ധിക്കാനിടയായ കുടുംബം ബിക്കിയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ചു. ബിക്കി ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ തോട്ട ഉടമ ശ്രമിക്കുകയാണെന്നും കുടുംബം ആരോപിച്ചു.

ബിക്കിയുടെ മരണ വാർത്തയറിഞ്ഞ് ആയിരത്തോളം ആളുകളാണ് നാട്ടിന്റെ വിവിധഭാ​ഗങ്ങളിൽ‌ നിന്നായെത്തിയത്. ബിക്കിയുടെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് നാട്ടുകാർ പ്രതിഷേധം സംഘടിപ്പിച്ചു. ദലിത് പീഡന നിരോധന നിയമപ്രകാരം കുറ്റവാളികള്‍ക്കെതിരെ കേസേടുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. മുന്‍ എംപി ജിവി ഹര്‍ഷ കുമാര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.
 

click me!