പരിപാടിയുടെ സ്പോണ്‍സര്‍ അദാനി ഗ്രൂപ്പ്, അവാര്‍ഡ് നിഷേധിച്ച് ദളിത് വനിതാ എഴുത്തുകാരി

By Web TeamFirst Published Feb 9, 2023, 12:50 PM IST
Highlights

രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും സുകീര്‍ത്തറാണി

ചെന്നൈ: പരിപാടിയുടെ സ്പോണ്‍സര്‍ അദാനി ഗ്രൂപ്പ് ആയതിന് പിന്നാലെ  അവാര്‍ഡ് നിരസിച്ച് സുപ്രസിദ്ധ ദളിത് എഴുത്തുകാരി സുകീര്‍ത്തറാണി. തമിഴ് എഴുത്തുകാരില്‍ ഏറെ പ്രശസ്തി നേടിയ എഴുത്തുകാരിക്ക് നല്‍കിയ ദേവി അവാര്‍ഡാണ് സുകീര്‍ത്തറാണി നിരസിച്ചത്. അദാനി ഗ്രൂപ്പ് സ്പോണ്‍സര്‍ ആയ പരിപാടിയില്‍ നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നത് ആശയപരമായി തനിക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതാണെന്ന് വ്യക്തമാക്കിയാണ് നിരസിക്കല്‍.

ദളിത് വനിതാ അവകാശങ്ങളെ വ്യക്തമാക്കുന്ന എഴുത്തുകളിലൂടെ ഏറെ പ്രസിദ്ധയാണ് സുകീര്‍ത്തറാണി. സുകീര്‍ത്തറാണി അടക്കം 12 വനിതകള്‍ക്കായിരുന്നു അവാര്‍ഡ് നിശ്ചയിച്ചത്. തങ്ങുടെ പ്രവര്ത്തന മേഖലയിലെ മികവിനെ മാനിച്ചായിരുന്നു തീരുമാനം. അവാര്‍ഡ് നല്‍കാന്‍ കാണിച്ച തീരുമാനത്തിന് നന്ദി പറഞ്ഞുകൊണ്ടും അദാനി ഗ്രൂപ്പിനെ കുറ്റപ്പെടുത്തിയുമാണ് നിരസിക്കല്‍ പ്രഖ്യാപനം സുകീര്‍ത്തറാണി നടത്തിയിരിക്കുന്നത്. അദാനി ഗ്രൂപ്പിന്റെ സാമ്പത്തിക സഹായത്തില്‍ നിന്നുകൊണ്ട് ഒരു അവാര്‍ഡ് വാങ്ങാന്‍ താന്‍ വിശ്വസിക്കുന്ന രാഷ്ട്രീയത്തേയും പിന്തുടരുന്ന ആശയങ്ങളേയും ഒരു തരത്തിലും അനുവദിക്കുന്നില്ലെന്ന് ഫേസ്ബുക്കില്‍ എഴുത്തുകാരി വ്യക്തമാക്കി.

ശാസ്ത്രജ്ഞ ഗഗന്‍ദീപ് കാംഗ്, രാധികാ ശാന്താക്രിഷ്ണ, ജോഷ്ണ ചിന്നപ്പ അടക്കമുള്ളവര്‍ക്കായിരുന്നു അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. റാണിപേട്ട് ജില്ലയിലെ ലാലാപേട്ട് സ്കൂള്‍ അധ്യാപിക കൂടിയാണ് സുകീര്‍ത്തറാണി. ഏഴ് പുസ്തകങ്ങളാണ് സുകീര്‍ത്തറാണി എഴുതിയിട്ടുള്ളത്. കൈപട്രി എന്‍ കനവ് കേള്‍, ഇരവ് മിരുഗം, കാമാത്തിപ്പൂ, അവളെ മൊഴിപേയാര്‍ത്താള്‍, ഇപ്പടിക്കു യെവള്‍, തീണ്ടാപാടാത്ത മുത്തം എന്നിവ അടക്കമുള്ള കൃതികള്‍ ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു.  

അദാനി ഗ്രൂപ്പാണ് പരിപാടിയുടെ മുഖ്യ സ്പോണ്‍സറെന്ന് ഇന്നലെയാണ് മനസിലായത്. അദാനിയുടെ സാമ്പത്തിക പിന്തുണയില്‍ നിന്നുകൊണ്ടുള്ള ഒരു പരിപാടിയില്‍ നിന്ന് അവാര്‍ഡ് വാങ്ങാന്‍ ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ദേവി അവാര്‍ഡ് നിഷേധിക്കുന്നു. വിവരം പരിപാടി നടത്തിപ്പുകാരെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. രാഷ്ട്രീയ നിലപാടുകളില്‍ നിന്ന് ഒരിക്കലും പിന്നോട്ട് പോകില്ലെന്നും സുകീര്‍ത്തറാണി വ്യക്തമാക്കി. 

മൂന്ന് വർഷത്തിനിടെ പൗരത്വം ഉപേക്ഷിച്ചത് 3.9 ലക്ഷം ഇന്ത്യാക്കാർ, കുടിയേറിയത് അധികവും അമേരിക്കയിലേക്ക്

click me!