കടുത്ത ജാതിവെറി, കോയമ്പത്തൂരിൽ ദളിത് ഉദ്യോഗസ്ഥനെ കാല് പിടിപ്പിച്ചു - വീഡിയോ

By Web TeamFirst Published Aug 7, 2021, 12:24 PM IST
Highlights

ഗൗണ്ടർ വിഭാഗക്കാരനായ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്‍റ് മുത്തുസ്വാമിയെക്കൊണ്ട് കാല് പിടിപ്പിച്ചത്. വീടിന്‍റെ രേഖകൾ ശരിയാക്കാനാണ് വില്ലേജ് ഓഫീസിൽ ഗോപിനാഥ് എത്തിയത്. മതിയായ രേഖകളില്ലാത്തതിനാൽ അത് ഹാജരാക്കാൻ വില്ലേജ് ഓഫീസർ പറഞ്ഞു. എന്നാൽ പ്രകോപിതനായ ഗോപിനാഥ് വില്ലേജ് ഓഫീസറെ അസഭ്യം പറഞ്ഞു. 

ചെന്നൈ: വീണ്ടും തമിഴ്നാട്ടിൽ നിന്ന് കടുത്ത ജാതി വിവേചനത്തിന്‍റെ കാഴ്ച. കോയമ്പത്തൂരിൽ ദളിതനായ സർക്കാർ ഉദ്യോഗസ്ഥനെക്കൊണ്ട് മേൽജാതിക്കാരനായ ഒരാളുടെ കാല് പിടിപ്പിച്ച ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പൊട്ടിക്കരഞ്ഞുകൊണ്ട് വൃദ്ധനായ ഈ ദളിത് ഉദ്യോഗസ്ഥൻ സവർണജാതിക്കാരനായ ഒരാളുടെ കാല് പിടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോയമ്പത്തൂരിലെ അന്നൂർ വില്ലേജോഫീസിൽ നിന്നാണ് നടുക്കുന്ന ഈ ദൃശ്യം പുറത്തുവരുന്നത്. 

ഗൗണ്ടർ വിഭാഗക്കാരനായ ഗോപിനാഥാണ് വില്ലേജ് അസിസ്റ്റന്‍റ് മുത്തുസ്വാമിയെക്കൊണ്ട് കാല് പിടിപ്പിച്ചത്. വീടിന്‍റെ രേഖകൾ ശരിയാക്കാനാണ് വില്ലേജ് ഓഫീസിൽ ഗോപിനാഥ് എത്തിയത്. മതിയായ രേഖകളില്ലാത്തതിനാൽ അത് ഹാജരാക്കാൻ വില്ലേജ് ഓഫീസർ പറഞ്ഞു. എന്നാൽ പ്രകോപിതനായ ഗോപിനാഥ് വില്ലേജ് ഓഫീസറെ അസഭ്യം പറഞ്ഞു. തർക്കത്തിനിടെ ഇടപെട്ട വില്ലേജ് അസിസ്റ്റന്‍റ് മുത്തുസ്വാമി ഇത് തടയാൻ ശ്രമിച്ചു. 

ഇതോടെയാണ് ഗൗണ്ടർ വിഭാഗക്കാരനായ ഗോപിനാഥ് കൂടുതൽ പ്രകോപിതനായത്. ജോലി കളയിക്കുമെന്ന് മുത്തുസ്വാമിയെ ഇയാൾ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്നാണ് മുത്തുസ്വാമിയെക്കൊണ്ട് ഗൗണ്ടർ കാല് പിടിപ്പിച്ചത്. 

തമിഴ്നാട്ടിലെ പാഠപുസ്തകങ്ങളിൽ നിന്ന് പ്രമുഖരുടെ ജാതിപ്പേരുകൾ ഒഴിവാക്കാനുള്ള നീക്കം ഡിഎംകെ സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഈ ദൃശ്യവും പുറത്തുവരുന്നത് എന്നതാണ് ഏറ്റവും പ്രധാനം. ഗൗണ്ടർ വിഭാഗം പ്രബലശക്തിയായ മേഖലയാണ് കോയമ്പത്തൂർ ഉൾപ്പടെയുള്ള കിഴക്കൻ തമിഴ്നാട്ടിലെ മേഖലകൾ. ജാതി രൂഢമൂലമായ കോയമ്പത്തൂർ ഉൾപ്പടെയുള്ള മേഖലകളിൽ ഇത്തരം സംഭവങ്ങൾ പതിവാണ്. ദളിതർക്ക് കുടിക്കാൻ വേറെ ഗ്ലാസ്സും, ദളിതരെ വേർതിരിക്കാൻ വേറെ മതിലും പണിയപ്പെട്ട നാടാണ് തമിഴ്നാട്. അതിനാൽത്തന്നെയാണ് ജാതിവിവേചനത്തിനെതിരായ പോരാട്ടത്തിന്‍റെ ഭാഗമായി, ജാതിപ്പേരുകൾ ഇനി പാഠപുസ്തകങ്ങളിൽ വേണ്ടെന്ന് തമിഴ്നാട് സർക്കാർ തീരുമാനിച്ചതും. 

click me!