
ചെന്നൈ: ദളിത് വിദ്യാർത്ഥിയെ മൂത്രം കുടിപ്പിച്ച സംഭവത്തിൽ രണ്ട് സഹപാഠികൾക്കെതിരെ നടപടിയുമായി തിരുച്ചിറപ്പളളി തമിഴ്നാട് ദേശീയ നിയമ സർവ്വകലാശാല. അവസാന വർഷ ബിരുദ വിദ്യാർത്ഥികളായ രണ്ട് പേരെ ഒരു വർഷത്തേക്ക് വിലക്കിയതായി സർവ്വകലാശാല അറിയിച്ചു. അധ്യാപക സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇരുവരെയും സെമസ്റ്റർ പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നും രജിസ്ട്രാർ വ്യക്തമാക്കി.
ഈ മാസം ആറിനാണ് മൂത്രം കലർത്തിയ ശീതളപാനീയം കടലൂർ സ്വദേശിയായ വിദ്യാർത്ഥിക്ക് നൽകിയത്. അടുത്ത ദിവസം ക്ലാസ്സിൽ വച്ച് കളിയാക്കിയപ്പോഴാണ് വിദ്യാർത്ഥി ഇക്കാര്യം അറിയുന്നത്. വിദ്യാർത്ഥി ആദ്യം നൽകിയ പരാതി പിൻവലിച്ചെങ്കിലും സർവ്വകലാശാല സമിതി അന്വേഷണവുമായി മുന്നോട്ട് പോവുകയായിരുന്നു.