
മാൽപെ: മീൻ മോഷ്ടിച്ചെന്നാരോപിച്ച് യുവതിയെ മരത്തിൽ കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ 4 പേർ അറസ്റ്റിൽ. കർണാടക ഉഡുപ്പിയിലെ മാൽപേയിലാണ് സംഭവം. മാർച്ച് 18ന് നടന്ന സംഭവം സമൂഹമാധ്യമങ്ങളിലൂടെ വൈറലായതോടെയാണ് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ബുധനാഴ്ചയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. വീഡിയോയിൽ യുവതിയെ മർദ്ദിക്കുന്നവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. സംഭവം മനുഷ്യത്വ രഹിതമെന്നാണ് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചത്.
സ്ത്രീകൾ അടക്കം നാല് പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്. നിരവധി ആളുകൾ നോക്കി നിൽക്കെയാണ് മീൻ മോഷ്ടിച്ചെന്ന് ആരോപിച്ച് യുവതിയെ മർദ്ദിച്ചത്. ഇതിന് പിന്നാലെ യുവതിയെ മരത്തിലും കെട്ടിയിട്ട് മുഖത്തടിക്കുകയായിരുന്നു. ദളിത് വിഭാഗത്തിലുള്ളവർക്കെതിരായ അതിക്രമം തടയൽ അടക്കമുള്ള വകുപ്പുകളാണ് സംഭവത്തിൽ പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. വിജയനഗര സ്വദേശിയായ യുവതിയാണ് പൊതുജന മധ്യത്തിൽ വച്ച് ആക്രമിക്കപ്പെട്ടത്.
സുന്ദർ, ശിൽപ, ലക്ഷ്മി ഭായി എന്നിവരും മറ്റൊരാളുമാണ് അറസ്റ്റിലായിട്ടുള്ളത്. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഉഡുപി ഡെപ്യൂട്ടി കമ്മീഷണർ വിദ്യാ കുമാരി കെ വിശദമാക്കി. എന്തിന്റെ പേരിലും ആളുകളെ കൈകാര്യം ചെയ്യുന്നത് നിയമ വിരുദ്ധമാണ്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കാൻ എസ്പിക്ക് നിർദ്ദേശം നൽകിയതായി ഡെപ്യൂട്ടി കമ്മീഷണർ ദേശീയ മാധ്യമങ്ങളോട് വിശദമാക്കി. ഇത്തരം സംഭവങ്ങളിൽ അക്രമം തടയാനായി ആളുകൾ ഇടപെടാത്തത് ആശങ്കപ്പെടുത്തുന്നതാണെന്നാണ് കെപിസിസി വക്താവ് വെറോണിക്ക കൊർണേലിയോ പ്രതികരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam