
ജയ്പൂർ: അവിഹിത ബന്ധം എതിർത്ത ഭർത്താവിനെ യുവതിയും കാമുകനും ചേർന്ന് തലയ്ക്കടിച്ച് കൊന്നു. തുടർന്ന് തെളിവ് നശിപ്പിക്കാൻ മൃതദേഹം ചാക്കിലാക്കി വനമേഖലയിൽ കൊണ്ടുപോയി കത്തിച്ചു. എന്നാൽ പദ്ധതികളെല്ലാം പാതിവഴിയിൽ പാളിയതോടെ രണ്ട് പേരും പിടിയിലായി. ജയ്പൂരിൽ നടന്ന കൊലപാതകത്തിന്റെ വിവരങ്ങളാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ചുരളഴിഞ്ഞത്.
പച്ചക്കറി വിൽപനക്കാരനായ ധന്നലാൽ സൈനിയാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ഭാര്യ ഗോപാലി ദേവിക്ക് ദീൻദയാൽ എന്നൊരാളുമായി അഞ്ച് വർഷത്തെ അടുപ്പമുണ്ടായിരുന്നു. താൻ ഒരു ഫാക്ടറിയിൽ ജോലി ചെയ്യുന്നു എന്ന് പറഞ്ഞ് യുവതി വീട്ടിൽ നിന്ന് പോകുമായിരുന്നെങ്കിലും സംശയം തോന്നിയ ധന്നലാൽ ഒരു ദിവസം ഇവരെ രഹസ്യമായി പിന്തുടർന്നു. ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞ് പോകുന്ന യുവതി, കാമുകൻ ജോലി ചെയ്യുന്ന തുണി കടയിലേക്കാണ് പോകുന്നതെന്ന് ഭർത്താവ് കണ്ടെത്തി. അവിടെ എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന് അന്വേഷിക്കാൻ കയറിച്ചെന്നപ്പോൾ യുവതിയെയും കാമുകനെയും കണ്ടതോടെ കുപിതനായി.
ഇതോടെ യുവതിയും കാമുകനും ചേർന്ന് ഇയാളെ തൊട്ടടുത്തുള്ള ഒരു കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലേക്ക് കൂട്ടുക്കൊണ്ടുപോയി ലോഹ പൈപ്പ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. കയർ കൊണ്ട് കഴുത്ത് മുറുക്കുകയും ചെയ്തു. ബോധരഹിതനായ യുവാവ് അവിടെവെച്ച് തന്നെ മരണപ്പെട്ടിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. ശേഷം രണ്ട് പേരും ചേർന്ന് മൃതദേഹം വലിയൊരു ചാക്കിലാക്കി ബൈക്കിൽ കയറ്റി. കാമുകന്റെ ബൈക്കിന് പിന്നിലിരുന്ന് യുവതിയാണ് ചാക്ക് പിടിച്ചിരുന്നത്. മൃതദേഹം ഉപേക്ഷിക്കാൻ ഒരു സ്ഥലം കണ്ടെത്തുകയായിരുന്നു ലക്ഷ്യം. വലിയ ചാക്കുമായി മാർക്കറ്റിന് സമീപത്തുകൂടി ഇവർ ബൈക്കിൽ പോകുന്നത് സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.
ഒറ്റപ്പെട്ട വനമേഖലയിലെത്തിയപ്പോൾ റോഡരികിൽ മൃതദേഹം ഇറക്കിവെച്ച് തീയിട്ടു. മൃതദേഹ അവശിഷ്ടങ്ങൾ പിന്നീട് പൊലീസ് കണ്ടെത്തിയാലും ആരാണെന്ന് തിരിച്ചറിയരുതെന്നതായിരുന്നു ലക്ഷ്യം. എന്നാൽ പ്രദേശത്തുകൂടി ഒരു കാർ വരുന്നത് കണ്ട് ഇവർക്ക് അവിടെ നിന്ന് പെട്ടെന്ന് രക്ഷപ്പെടേണ്ടിവന്നു. മൃതദേഹം പകുതി മാത്രമേ അപ്പോൾ കത്തിയിരുന്നുള്ളൂ. റോഡിന് സമീപത്തു നിന്ന് ഈ മൃതദേഹം പിന്നീട് പൊലീസ് കണ്ടെത്തി. രണ്ട് ദിവസം കൊണ്ടാണ് ഫോറൻസിക് പരിശോധന പൂർത്തിയാക്കിയതും ആളെ തിരിച്ചറിഞ്ഞതു. പിന്നാലെ പിന്നാലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പ്രതികളെ കണ്ടെത്തുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam