
ദില്ലി: ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ വിവാഹച്ചടങ്ങിനിടെ വെള്ളം കുടിച്ചതിന്‍റെ പേരിൽ രണ്ട് ദളിത് യുവാക്കളെ മർദിച്ചെന്ന് ആരോപണം. ഗൗലാപാർ മേഖലയിലെ ദേവൽ മല്ല ഗ്രാമത്തിൽ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. വിവാഹവേദിയിൽ ഡിജെ നിയന്ത്രിച്ചുകൊണ്ടിരുന്ന ശുഭം എന്ന യുവാവ് സമീപത്തുണ്ടായിരുന്ന പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിനെ തുടർന്നാണ് തർക്കമുണ്ടായതെന്ന് പൊലീസ് പറയുന്നു. തുടർന്ന് ചിലർ ജാതിവിവേചനപരമായ അധിക്ഷേപങ്ങൾ നടത്തി ശുഭത്തെയും സഹോദരനായ ഉമേഷ് ചന്ദ്രയെയും മർദിച്ചുവെന്നാണ് പരാതി.
ഉമേഷിന്റെ പരാതിപ്രകാരം ഏകദേശം പത്ത് പേർ ചേർന്ന് ശുഭത്തെ ആക്രമിക്കുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയും ചെയ്തു. ചികിത്സയ്ക്കായി അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടപെടാൻ ശ്രമിച്ച ഉമേഷിനും മർദനമേറ്റതായും തലയിൽ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ചതായും പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിനിടെ ഒരു സ്ത്രീക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. സംഭവത്തിന് പിന്നാലെ നാട്ടുകാർ പൊലീസ് സ്റ്റേഷനു മുന്നിൽ പ്രതിഷേധം സംഘടിപ്പിച്ച് പ്രതികൾക്കെതിരെ അടിയന്തര നടപടി വേണമെന്ന് ആവശ്യപ്പെട്ടു. അതേസമയം, മറുവിഭാഗവും പരാതിയുമായി രംഗത്തെത്തി. ജാതിപരമായ അധിക്ഷേപം നടന്നെന്ന ആരോപണം വ്യാജമാണെന്നാണ് അവരുടെ വാദം. കേസില്‍ ചിലരെ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും അന്വേഷണത്തിന് പിന്നാലെ തുടർനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam