വിവാഹപ്പിറ്റേന്ന് വധുവിനെ കാണാനില്ല, വീട്ടിലെ വിലപ്പെട്ടതൊക്കെയും കാണാനില്ല; പരാതിയുമായി പത്തിലേറെ യുവാക്കൾ

Published : Oct 14, 2025, 06:28 PM IST
Aligarh marriage scam

Synopsis

വിവാഹം തിരക്കിട്ട്  വീടുകളിൽ വെച്ചോ ചെറിയ ഹാളുകളിൽ വെച്ചോ ആയിരുന്നു നടത്തിയിരുന്നത്. പലപ്പോഴും കർവാ ചൗത്തിനോട് അടുപ്പിച്ചാണ് വിവാഹം നടത്തിയത്.

അലിഗഡ്: വിവാഹത്തിന് ശേഷം അടുത്ത ദിവസം രാവിലെ ഉണർന്നപ്പോൾ വധുവിനെ കാണാനില്ല. കൂടെ ആഭരണങ്ങളും പണവും കാണാതായി. പത്തിലേറെ യുവാക്കൾ പരാതിയുമായി രംഗത്തെത്തിയതോടെ പുറത്തുവന്നത് വൻ വിവാഹ തട്ടിപ്പാണ്. ഉത്തർപ്രദേശിലെ അലിഗഡിലാണ് സംഭവം.

വരനോടൊപ്പം ഒരു രാത്രി ചെലവഴിച്ച ശേഷം പിറ്റേന്ന് രാവിലെ പണവും ആഭരണങ്ങളും എടുത്ത് അപ്രത്യക്ഷമാകുന്ന ലൂട്ടേരി ദുൽഹൻസ് റാക്കറ്റ് (കടന്നുകളയുന്ന വധുക്കൾ) കാരണം ആശങ്കയിലാണെന്ന് യുവാക്കൾ പറയുന്നു. തട്ടിപ്പിന് നേതൃത്വം നൽകുന്നത് മുകേഷ് ഗുപ്ത എന്നയാളാണെന്ന് യുവാക്കൾ പറഞ്ഞു. വിവാഹം നടത്താൻ മുകേഷ് ഗുപ്ത 1.25 ലക്ഷം രൂപ വീതം വാങ്ങിയെന്ന് വഞ്ചിക്കപ്പെട്ട യുവാക്കൾ മൊഴി നൽകി.

കർവാ ചൗത്തിനോട് അടുപ്പിച്ച് തിരക്കിട്ട് വിവാഹം

വിഷയം യുവാക്കൾ പ്രാദേശിക ഭരണകൂടത്തിന്‍റെ ശ്രദ്ധയിൽ കൊണ്ടുവന്നു. അലിഗഡിലെ മുൻ മേയർ ശകുന്തള ഭാരതി പറഞ്ഞത് നിരവധി പുരുഷന്മാർ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി പരാതി നൽകിയിട്ടുണ്ടെന്നാണ്- "സോഷ്യൽ മീഡിയ വഴിയും ഫോൺ വഴിയുമാണ് യുവാക്കളെ ബന്ധപ്പെട്ടിരുന്നത്. സുന്ദരികളുടെ ഫോട്ടോ കാണിക്കും. എന്നിട്ട് വിവാഹം തിരക്കിട്ട്, അമ്പലങ്ങളിൽ വെച്ചോ വീടുകളിൽ വെച്ചോ ചെറിയ ഹാളുകളിൽ വെച്ചോ ആയിരുന്നു നടത്തിയിരുന്നത്. പലപ്പോഴും കർവാ ചൗത്തിനോട് അടുപ്പിച്ചാണ് വിവാഹം നടത്തിയത്. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ് പല യുവാക്കളും. പലരും നാണക്കേട് കാരണം പൊലീസിൽ പരാതിപ്പെട്ടിട്ടില്ല"

അലിഗഡ് സ്വദേശിയായ പ്രതീക് ശർമ്മയ്ക്ക് 4.01 ലക്ഷം രൂപയും സ്വർണ്ണാഭരണങ്ങളുമാണ് കർവാ ചൗത്തിന്‍റെ പിറ്റേന്ന് നഷ്ടമായത്. പ്രതിശ്രുത വധു ശോഭ കുടുംബത്തിന് മയക്കുമരുന്ന് കലർത്തി നൽകി സ്വർണവും പണവുമായി കടന്നുകളഞ്ഞു എന്നാണ് പരാതി. വിവാഹാലോചന കൊണ്ടുവന്നത് ആരോപണ വിധേയനായ മുകേഷ് ഗുപ്ത ആയിരുന്നു. 'ലൂട്ടേരി ദുൽഹൻസ്' സംഘത്തിലെ മറ്റ് അംഗങ്ങളെപ്പോലെ ഈ സ്ത്രീയും ബിഹാർ സ്വദേശിനിയായിരുന്നുവെന്ന് പ്രതീക് ശർമ്മ പറഞ്ഞു.

"അടുത്ത ദിവസം രാവിലെ ബോധം വന്നപ്പോൾ, അവൾ വീട്ടിലെ എല്ലാ വിലപിടിപ്പുള്ള വസ്തുക്കളുമായി രക്ഷപ്പെട്ടെന്ന് ഞങ്ങൾക്ക് മനസ്സിലായി. അവൾ എടുക്കാതെ പോയ മൊബൈൽ ഫോണിലേക്ക് ഇതേ സംഘവുമായി ബന്ധമുള്ള നിരവധി നമ്പറുകളിൽ നിന്ന് കോളുകൾ വരുന്നുണ്ടെന്ന് ഞങ്ങൾ കണ്ടെത്തി"- പ്രതീക് ശർമ്മ നൽകിയ പരാതിയിൽ പറയുന്നു. യുവാവിന്‍റെ പരാതിയിൽ അന്വേഷണം തുടങ്ങിയതായി പൊലീസ് പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'