
ശ്രീനഗർ : ജമ്മു കശ്മീരിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ ഹേമന്ത് കുമാർ ലോഹ്യയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ യുവാവിന്റെ സ്വകാര്യ ഡയറി പൊലീസ് കണ്ടെടുത്തു. ലോഹ്യയുടെ വീട്ടുജോലിക്കാരനായ യാസിർ അഹമ്മദ് എഴുതിയതായി കരുതുന്ന വരികൾ സൂചിപ്പിക്കുന്നത് ഇയാൾ വിഷാദത്തിലായിരുന്നുവെന്നാണെന്ന് പൊലീസ് പറഞ്ഞു. യാസിറിന്റേത് എന്ന് കരുതുന്ന ഡയറിയിൽ 'ഭൂലാ ദേനാ മുജെ' പോലെയുള്ള ഹിന്ദി വിലാപ ഗാനങ്ങളുടെ വരികളും ഉണ്ട്. മറ്റ് പേജുകളിൽ ഹൃദയവേദന, ജീവിതം, മരണം എന്നിവയെക്കുറിച്ചുള്ള ചെറിയ കുറിപ്പുകളുമുണ്ട്.
"ഞാൻ എന്റെ ജീവിതത്തെ വെറുക്കുന്നു. ജീവിതം കഷ്ടപ്പാടുകൾ മാത്രമേ നൽകുന്നുള്ളൂ. മരണത്തിൽ നിന്ന് മാത്രമേ എനിക്ക് സമാധാനം ലഭിക്കൂ... (സിന്ദഗി തോ ബാസ് തക്ലിഫ് ദേതി ഹൈ. സുകൂൻ തോ അബ് മൗത് ഹി ദേതി) എനിക്ക് എന്റെ ജീവിതം പുനരാരംഭിക്കണം," അയാൾ എഴുതിയിരിക്കുന്നു. മറ്റൊരു പേജിൽ, "പ്രിയപ്പെട്ട മരണമേ, ദയവായി എന്റെ ജീവിതത്തിലേക്ക് വരൂ, ഞാൻ എപ്പോഴും നിനക്കായി കാത്തിരിക്കുന്നു." എന്നും അയാൾ എഴുതിയിരുന്നു.
യാസിറിന്റെ ഡയറിയിൽ നിന്ന് കണ്ടെെടുത്ത കുറിപ്പ് അയാളുടെ ഉള്ളിലെ അസ്വസ്ഥതയും മാനസ്സിക പ്രയാസവും വ്യക്തമാക്കുന്നതാണെന്ന് പൊലീസ് പറഞ്ഞു. അതിൽ ഇങ്ങനെ പറയുന്നു : ''എന്റെ ജീവിതം 1% സന്തോഷം 10% പ്രണയം 0% ടെൻഷൻ 90% ദുഃഖം 99% വ്യാജ പുഞ്ചിരി 100%.''
അതേസമയം അന്വേഷണങ്ങൾക്കൊടുവിൽ യാസിർ അഹമ്മദിനെ പൊലീസ് പിടികൂടി. ജമ്മു കാശ്മീർ പൊലീസാണ് യാസിർ അഹമ്മദിനെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്യുകയാണ് എന്ന് ജമ്മു എഡിജിപി അറിയിച്ചു. ദുരൂഹ സാഹചര്യത്തിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലാണ് ജയിൽ ഡിജിപിയെ സ്വവസതിയിൽ കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിൽ വീട്ടുജോലിക്കാരനായ യാസിർ അഹമ്മദാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. യാസിർ അഹമ്മദിനായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് അക്രമിച്ചത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് യാസിർ അഹമ്മദ് എന്നും ഡിജിപി പറഞ്ഞു. ഉദയ്വാലയിലുള്ള വസതിയില്‍ കഴുത്ത് മുറിച്ച് കൊല്ലപ്പെട്ട നിലയിലാണ് ലോഹ്യയെ കണ്ടെത്തിയത്.1992 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ലോഹ്യയ്ക്ക് 57 വയസായിരുന്നു. ജമ്മുകശ്മീരിലെ ജയിലുകളുടെ ചുമതലയില്‍ ഓഗസ്റ്റ് മാസത്തിലാണ് ലോഹ്യ നിയമിതനായത്.
Read More : ജയിൽ ഡിജിപിയുടെ കൊലപാതകം; വീട്ടുജോലിക്കാരൻ പിടിയിൽ; ചോദ്യം ചെയ്യുകയാണെന്ന് പൊലീസ്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam