'ആശുപത്രി കത്തിച്ചുകളയും'; മുകേഷ് അംബാനി കുടുംബത്തിന് നേരെ വധഭീഷണി

By Web TeamFirst Published Oct 5, 2022, 3:56 PM IST
Highlights

ബുധനാഴ്ചയാണ് അജ്ഞാത നമ്പറിൽ നിന്ന് ഫോൺവിളി വന്നത്. ആശുപത്രി കത്തിച്ചു കളയുമെന്നായിരുന്നു ഭീഷണി. മുകേഷ് അംബാനിയുടെ കുടുംബാം​ഗങ്ങൾക്ക് നേരെ വധഭീഷണിയും ഉണ്ടായിട്ടുണ്ട്. 

മുംബൈ: മുംബൈയിൽ മുകേഷ് അംബാനിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സർ എച്ച്എൻ ഫൗണ്ടേഷൻ ആശുപത്രിക്ക് നേരെ അജ്ഞാതന്റെ ഭീഷണി സന്ദേശം. ബുധനാഴ്ചയാണ് അജ്ഞാത നമ്പറിൽ നിന്ന് ഫോൺവിളി വന്നത്. ആശുപത്രി കത്തിച്ചു കളയുമെന്നായിരുന്നു ഭീഷണി. മുകേഷ് അംബാനിയുടെ കുടുംബാം​ഗങ്ങൾക്ക് നേരെ വധഭീഷണിയും ഉണ്ടായിട്ടുണ്ട്. 

ബുധനാഴ്ച ഉച്ചയ്ക്ക് 12.57 ആയപ്പോഴാണ് റിലയൻസ് ആശുപത്രിയിലെ ലാൻഡ്ലൈൻ നമ്പറിലേക്ക് വിളി വന്നത്. ഭീഷണി സന്ദേശത്തെത്തുടർന്ന് ഡിബി മാർ​ഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചു. ഓ​ഗസ്റ്റ് 15നും അംബാനി കുടുംബത്തിന് നേരെ വധഭീഷണി ഉണ്ടായിരുന്നു. ഇതേപോലെ തന്നെ ആശുപത്രിയിലെ ലാൻഡ് ലൈൻ നമ്പറിലേക്കാണ് അന്നും ഭീഷണി വന്നത്. എട്ട് ഫോൺവിളികളാണ് അന്ന് ഉണ്ടായത്. ഫോൺവിളി ട്രേസ് ചെയ്ത് പൊലീസ് അന്നുതന്നെ പ്രതിയെ പിടികൂടിയിരുന്നു. 

ഇന്നത്തെ ഭീഷണി സന്ദേശം പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് ഉച്ചയ്ക്ക് 12.57ന് സർ എച്ച് എൻ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലെ ലാൻഡ്ലൈൻ നമ്പറിലേക്ക് ഭീഷണി സന്ദേശം വന്നു. ആശുപത്രി കത്തിച്ചു തകർക്കുമെന്ന് അജ്ഞാതൻ ഭീഷണിപ്പെടുത്തി. അംബാനി കുടുംബത്തിലെ ചിലർക്കെതിരായും ഭീഷണി പുറപ്പെടുവിച്ചു. മുംബൈ പൊലീസ് വാർത്താക്കുറിപ്പിൽ പറഞ്ഞു. 

അതിനിടെ, രാജ്യത്തെ നാല് നഗരങ്ങളിൽ ഇന്ന് മുതൽ ജിയോ 5 ജി സേവനം എത്തുകയാണ്. ദില്ലി, മുംബൈ, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിൽ തെരഞ്ഞെടുത്ത ഉപഭോക്തക്കൾക്ക് വെൽകം ഓഫർ വഴി സേവനം ലഭ്യമാകും. 2023 ഡിസംബറോടെ രാജ്യത്തുടനീളം 5 ജി സേവനങ്ങൾ ലഭ്യമാക്കുകയാണ് റിലയൻസ് ജിയോ ലക്ഷ്യമിടുന്നതെന്ന് മുകേഷ് അംബാനി തന്നെ വെളിപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാമത് എഡിഷൻ ഉദ്ഘാടനത്തിന്റെ ഭാ​ഗമായി സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

2023 ഡിസംബറോടെ ജിയോ മിതമായ നിരക്കിൽ 5 ജി സേവനങ്ങൾ ആരംഭിക്കുമെന്നും രാജ്യത്തിന്റെ എല്ലാ ഭാ​ഗത്തേക്കും വ്യാപിപ്പിക്കുമെന്നും റിലയൻസ് ഇൻഡസ്ട്രീസ് മേധാവി പറഞ്ഞു. മൊബൈൽ ഫോണുകളിൽ അതിവേഗ ഇന്‍റര്‍നെറ്റിന്‍റെ യുഗത്തിന് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ചയാണ് 5 ജി ടെലിഫോൺ സേവനങ്ങൾ രാജ്യത്ത് ആരംഭിച്ചത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, റോബോട്ടിക്‌സ്, ബ്ലോക്ക്‌ ചെയിൻ, മെറ്റാവേർസ് തുടങ്ങിയ 21-ാം നൂറ്റാണ്ടിലെ മറ്റ് സാങ്കേതികവിദ്യകൾ അൺലോക്ക് ചെയ്യാൻ 5 ജി സാങ്കേതികവിദ്യയ്ക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: 'ഭീഷണിയെന്ന് ഇന്റലിജൻസ് റിപ്പോർട്ട്' മുകേഷ് അംബാനിയുടെ സുരക്ഷ ഇസഡ് പ്ലസ് കാറ്റഗറിയിലേക്ക് ഉയർത്തി, റിപ്പോർട്ട്

 

 .

click me!