
മലപ്പുറം: കൽനടയായി മലപ്പുറത്ത് നിന്ന് സൗദി അറേബ്യയിലേക്ക് ഹജ്ജിന് പോകുന്ന വളാഞ്ചേരി സ്വദേശി ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു എന്ന വാർത്ത തെറ്റാണെന്ന് വെളിപ്പെടുത്തലുമായി ശിഹാബ്. ഇദ്ദേഹത്തിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമെന്നും പച്ചക്കള്ളമെന്നും ശിഹാബ് തന്‍റെ യുട്യൂബ് ചാനൽ വഴി അറിയിച്ചു.
126 ദിവസമായി ശിഹാബ് യാത്ര തുടങ്ങിയിട്ട്. 3,200 കിലോമീറ്റർ ദൂരം ഇതിനകം ശിഹാബ് താണ്ടിക്കഴിഞ്ഞു. യാത്രയുടെ 35 മുതൽ 40 ശതമാനം വരെ പൂർത്തിയായിട്ടുണ്ടെന്നും ശിഹാബ് കൂട്ടിച്ചേര്‍ത്തു. തനിക്ക് മാനസികമായോ ശാരീരികമായോ ഒരു ബുദ്ധിമുട്ടുമില്ല. പുറത്ത് പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് അല്ലാഹുവിന്‍റെ നാമത്തില്‍ ഞാന്‍ പറയുകയാണെന്നും ശിഹാബ് പറയുന്നുണ്ട്.
പഞ്ചാബ് ഷാഹി ഇമാമിന്‍റെ വാക്കുകള്‍ വെച്ചാണ് ഷിഹാബിന് പാകിസ്ഥാൻ വിസ നിഷേധിച്ചു എന്ന വാർത്തകൾ പുറത്ത് വന്നിരുന്നത്. മലപ്പുറം വളഞ്ചേരിയിൽ നിന്ന് തുടങ്ങിയ കാൽനട യാത്രയ്ക്ക് വൻ ജനസ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഓരോ സ്ഥലത്ത് നിന്നും മറ്റ് സ്ഥലത്തേക്ക് നടക്കുമ്പോള്‍ ശിഹാബിനൊപ്പം നിരവധിയാളുകളാണ് നടക്കുന്നത്. 2023 -ലെ ഹജ്ജിന്‍റെ ഭാഗമാകാന്‍ 8,640 കിലോമീറ്റര്‍ നടന്ന് മക്കയില്‍ എത്താനാണ് ഷിഹാബ് യാത്ര ആരംഭിച്ചത്.
ജൂണ്‍ രണ്ട് തുടങ്ങിയ യാത്ര 280 ദിവസം കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷ. ഇപ്പോള്‍ ഇദ്ദേഹത്തിന്‍റെ യാത്ര വാഗ അതിർത്തി വരെ എത്തിയിട്ടുണ്ട്. യാത്രയുമായി ബന്ധപ്പെട്ട വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ജനപ്രിയമാണ്. വാഗാ അതിര്‍ത്തി വഴി പാകിസ്ഥാനില്‍ എത്തി അവിടെ നിന്നും ഇറാന്‍, ഇറാഖ്, കുവൈത്ത് വഴി സൗദി അറേബിയയില്‍ എത്തുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്. ഇതിനായി അഞ്ച് രാജ്യങ്ങളിലേക്കുള്ള വിസ എടുത്ത ശേഷമാണ് ശിഹാബിന്‍റെ യാത്ര. പാകിസ്ഥാൻ വിസ നിഷേധിച്ചുവെന്ന വാർത്തയ്ക്ക് അടിസ്ഥാനമില്ലെന്നും ഔദ്യോഗിക അറിയിപ്പുകൾ ഒന്നും ഇതുവരെ ലഭിച്ചില്ലെന്നും ശിഹാബ് വീഡിയോയിൽ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam