
മുസഫര്‍ഫൂര്‍: ബീഹാറിലെ മുസഫർപൂരിൽ മസ്തിഷ്കജ്വരം ബാധിച്ച് മരിച്ച കുട്ടികളുടെ എണ്ണം നൂറ്റിനാലായി. മരിച്ചവരിലേറെയും ഒന്ന് മുതൽ പത്ത് വയസ് വരെ പ്രായമുള്ള കുട്ടികളാണ്. മരണസംഖ്യ ഉയരുമ്പോള്‍ ആശുപത്രികളില്‍ ആവശ്യത്തിന് അത്യാഹിത വിഭാഗങ്ങളില്ലാത്തത് വലിയ തിരിച്ചടിയാവുകയാണ്.
മരിച്ചവരിലേറെയും ഒന്ന് മുതൽ പത്ത് വയസ് വരെ പ്രായമുള്ളവരാണ്. മുസഫർപൂരിലെ ശ്രീകൃഷ്ണ മെഡിക്കൽ കോളേജിൽ 83ഉം കെജ്‍രിവാൾ മൈത്രിസദൻ ആശുപത്രിയിൽ 17 കുട്ടികളുമാണ് മസ്തിഷ്കജ്വരം ബാധിച്ച് ഇതിനോടകം മരിച്ചത്. ഇന്ന് മാത്രം ഇരുപത് കുട്ടികള്‍ മരിച്ചു. 300 കുട്ടികൾ ചികിത്സയിലുണ്ട്. ഇതില്‍ പലരുടെയും നില ഗുരുതരമാണ്. പനിയോടെയാണ് രോഗത്തിന്‍റെ തുടക്കം. പിന്നീട് കുട്ടികള്‍ അബോധാവസ്ഥയിലാകുന്നു. രോഗം മൂര്‍ച്ഛിക്കുന്ന കുട്ടികള്‍ക്ക് അടിയന്തര ചികിത്സ നല്കാനുള്ള സംവിധാനങ്ങള്‍ ആശുപത്രികളിലില്ല. കേന്ദ്രത്തില്‍ നിന്നുള്ള ആരോഗ്യ വിദഗ്ധരുടെ സംഘം സ്ഥലത്തുണ്ട്.
സാധ്യമായതെല്ലാം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ആവര്‍ത്തിച്ചു. അതേസമയം കുട്ടികള്‍ മരിച്ചുവീഴുമ്പോള്‍ ബീഹാര്‍ ആരോഗ്യമന്ത്രി മംഗള്‍പാണ്ഡേ ഇന്ത്യ പാക് ക്രിക്കറ്റ് മത്സരത്തെ കുറിച്ച് ട്വീറ്റ് ചെയ്തത് വിവാദമായി. കേന്ദ്ര ആരോഗ്യമന്ത്രാലയത്തോടും, ബീഹാര്‍ സര‍്‍ക്കാരിനോടും ഇതിനിടെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. കേന്ദ്ര, സംസ്ഥാന ആരോഗ്യമന്ത്രിമാർക്കെതിരെ മുസാഫർപൂർ ജില്ലാക്കോടതിയിൽ സാമൂഹികപ്രവർത്തകയായ തമന്ന ഹാഷ്മി ഫയല്‍ ചെയ്ത കേസ് അടുത്ത തിങ്കളാഴ്ച പരിഗണിക്കും.
അസുഖബാധ കഴിഞ്ഞ ജനുവരിയിൽത്തന്നെ തുടങ്ങിയിട്ടും കൃത്യമായ നടപടികളോ മുന്നറിയിപ്പോ ആരോഗ്യവകുപ്പ് നൽകാതിരുന്നതാണ് സ്ഥിതി വഷളാക്കിയതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.
നാഡീവ്യൂഹത്തിനെയാണ് അക്യൂട്ട് എൻസിഫിലൈറ്റിസ് സിൻഡ്രോം ബാധിച്ചത്. കുഞ്ഞുങ്ങളെയും ചെറുപ്പക്കാരെയുമാണ് രോഗം കൂടുതൽ ബാധിക്കുന്നത്. കടുത്ത പനിയാണ് രോഗത്തിന്‍റെ ആദ്യലക്ഷണം. പിന്നീട് ബോധമില്ലാതെ പിച്ചും പേയും പറയും. വിറയൽ, സ്ഥലകാലബോധമില്ലായ്മ അങ്ങനെ അസുഖം കോമയിലേക്ക് നീങ്ങും. മഴക്കാലത്താണ് ഈ രോഗം സാധാരണ പടർന്നു പിടിക്കാൻ സാധ്യത. എന്നാലിത്തവണ വേനൽക്കാലത്താണ് ബിഹാറിൽ രോഗം പടർന്നിരിക്കുന്നത്.
ജാപ്പനീസ് എൻസിഫലൈറ്റിസ് വൈറസ് (ജെഇവി) എന്ന വൈറസാണ് ഈ രോഗബാധയ്ക്ക് കാരണമാകുന്നത്. 1955-ൽ തമിഴ്‍നാട്ടിലാണ് രോഗം ആദ്യമായി കണ്ടെത്തുന്നത്. ഇതേ തരം വൈറസാണിപ്പോൾ ബിഹാറിലും പടർന്നുപിടിച്ചിരിക്കുന്നത്. പ്രധാനമായും അസം, ബിഹാർ, ജാർഖണ്ഡ്, കർണാടക, മണിപ്പൂർ, മേഘാലയ, ത്രിപുര, തമിഴ്‍നാട്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രധാനമായും ഈ വൈറസ് ബാധ കാണപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam