
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയുണ്ടായ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 13ായി. തിങ്കളാഴ്ച വൈകീട്ടോടെ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്ഫോടനത്തിൽ ഇരുപതോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷന്റെ ഒന്നും നാലും ഗേറ്റുകൾക്കിടയിലെ റോഡിലാണ് വൈകുന്നേരം 6.52ന് സ്ഫോടനമുണ്ടായത്. ഹരിയാന രജിസ്ട്രേഷനിലുള്ള ഐ 20 കാറാണ് പൊട്ടിത്തെറിച്ചത്. വാഹനത്തിൽ ഒന്നിലധികം ആളുണ്ടായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തുണ്ടായിരുന്ന എട്ട് കാറുകളും ഇലക്ട്രിക് ഓട്ടോറിക്ഷകളും പൊട്ടിത്തെറിച്ചതോടെ കാൽനടയാത്രക്കാർ അടക്കമുള്ളവർ മരണപ്പെടുകയായിരുന്നു.
മുഹമ്മദ് സൽമാൻ എന്നയാളുടെ പേരിൽ രജിസ്റ്റർ ചെയ്ത എച്ച് ആർ 26 ഇ 7674 എന്ന കാറാണ് പൊട്ടിത്തെറിച്ചത്. പരുക്കേറ്റവർ ദില്ലിയിലെ എൽഎൻജിപി ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ആഭ്യന്തര മന്ത്രി അമിത് ഷാ സ്ഫോടനം നടന്ന സ്ഥലവും ആശുപത്രിയും സന്ദർശിച്ചു. സ്ഫോടനത്തിന്റെ കാരണം ഇപ്പോൾ പറയാറായിട്ടില്ലെന്നും എല്ലാ വശങ്ങളും പരിശോധിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും അമിത് ഷാ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ്ഫോടനം ഭീകരാക്രമണമെന്ന സൂചനയാണ് ഉന്നത വൃത്തങ്ങൾ നൽകുന്നത്.
എൻ ഐ എ അടക്കമുള്ള എല്ലാ ഏജൻസികളും സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. ഇന്ന് ഹരിയാനയിൽ അറസ്റ്റിലായ രണ്ട് ഡോക്ടർമാർക്ക് ദില്ലി സ്ഫോടനത്തിൽ പങ്കുള്ളതായാണ് സംശയിക്കുന്നത്. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു മെഡിക്കൽ കോളേജുമായി ബന്ധമുള്ള ഡോക്ടർമാരിൽ നിന്ന്, സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന 360 കിലോഗ്രാം അമോണിയം നൈട്രേറ്റ്, ഒരു അസോൾട്ട് റൈഫിൾ, വൻ ആയുധ ശേഖരം എന്നിവയാണ് പിടിച്ചെടുത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam