'രാജ്യത്തെ പ്രശ്നങ്ങള്‍ പഠിച്ചിട്ട് തീരുമാനിക്കൂ'; ദീപികയ്ക്ക് തന്നെപ്പോലുള്ള ഉപദേശകര്‍ വേണമെന്ന് ബാബാ രാംദേവ്

By Web TeamFirst Published Jan 14, 2020, 12:19 PM IST
Highlights

പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് നടി ദീപിക പദുക്കോണ്‍ രാജ്യത്തിന്‍റെ സാമൂഹിക രാഷ്ട്രീയ സാസ്കാരിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കണമെന്ന് ബാബാ രാംദേവ്. 

ഇന്‍ഡോര്‍: പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് ദീപിക പദുക്കോണ്‍ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങള്‍ അറിയണമെന്ന് യോഗാ ഗുരു ബാബാ രാംദേവ്. നിലവിലെ പ്രശ്നങ്ങളെക്കുറിച്ച് അവബോധം ഉണ്ടാകാന്‍ തന്നെപ്പോലുള്ള ആളുകളെ ദീപിക ഉപദേശകനാക്കണമെന്ന് ബാബാ രാംദേവ് പരിഹസിച്ചു. ഇന്‍ഡോറില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'അഭിനേതാവെന്ന നിലയില്‍ ദിപീകയുടെ കഴിവ് വ്യത്യസ്തമാണ്. ആദ്യം അവര്‍ രാജ്യത്തെ സാമൂഹിക, രാഷ്ട്രീയ,സാസ്കാരിക പ്രശ്നങ്ങളെക്കുറിച്ച് പഠിക്കണം.  ഇക്കാര്യങ്ങളെക്കുറിച്ച് അറിവ് നേടിയതിന് ശേഷം മാത്രമെ പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കാവൂ. നല്ല ഉപദേശങ്ങള്‍ ലഭിക്കാന്‍ സ്വമി രാംദേവിനെ പോലുള്ളവരുടെ ഉപദേശം ദീപിക തേടണം'- രാംദേവ് പറഞ്ഞു.

ജെഎന്‍യു ക്യാമ്പസില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ദീപിക പദുക്കോണ്‍ എത്തിയതിന് പിന്നാലെ നടിക്കെതിരെ സാമൂഹിക മാധ്യമങ്ങളിലടക്കം വിദ്വേഷ പ്രചാരണങ്ങള്‍ വ്യാപകമായിരുന്നു. ചില ബിജെപി നേതാക്കള്‍ ദീപികയുടെ സന്ദര്‍ശനത്തെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.  

അതേസമയം പൗരത്വ നിയമ ഭേദഗതിയെ ശക്തമായി അനുകൂലിച്ച ബാബാ രാംദേവ്, സിഎഎ(സിറ്റിസണ്‍ഷിപ്പ് അമന്‍റ്മെന്‍റ് ആക്ട്) യുടെ പൂര്‍ണരൂപം പോലും അറിയാതെയാണ് ചിലര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മോശം വാക്കുകള്‍ ഉപയോഗിക്കുന്നതെന്നും പൗരത്വ നിയമ ഭേദഗതിയെന്നാല്‍ ആരുടെയും പൗരത്വം കളയുന്നതിനല്ല മറിച്ച് പൗരത്വം നല്‍കുന്നതിന് വേണ്ടിയാണെന്ന് മോദിയും അമിത് ഷായും പറഞ്ഞിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. 

Read More: ഫെബ്രുവരി പകുതിയോടെ ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കും; തിയ്യതി പ്രഖ്യാപനം പിന്നീട്

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങള്‍ രാജ്യത്തിന്‍റെ മുഖം കളങ്കപ്പെടുത്തുന്നു. രണ്ട് കോടിയോളം ജനങ്ങള്‍ ഇന്ത്യയില്‍ അനധികൃതമായി താമസിക്കുന്നവരാണ്. ഇന്ത്യയില്‍ അനധികൃതമായി താമസിക്കാന്‍ ഒരാളെപ്പോലും അനുവദിക്കില്ലെന്നും ദേശീയ പൗരത്വ രജിസ്റ്ററിനെ എതിര്‍ക്കുന്നവര്‍ ബദല്‍ സംവിധാനങ്ങള്‍ മുന്നോട്ട് വെക്കാന്‍ കൂടി തയ്യാറാകണമെന്നും ബാബാ രാംദേവ് പറഞ്ഞു. 


 

click me!