Asianet News MalayalamAsianet News Malayalam

ഫെബ്രുവരി പകുതിയോടെ ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിച്ചേക്കും; തിയ്യതി പ്രഖ്യാപനം പിന്നീട്

റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതിന് ഒരു വര്‍ഷത്തിന് ശേഷമാണ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള അവസരമൊരുങ്ങുന്നത്. ഞാന്‍ അവിടെ ചെല്ലണമെന്ന് നരേന്ദ്രമോദി ആഗ്രഹിക്കുന്നുണ്ടെന്നും ഒരിക്കല്‍ അവിടെ പോകുമെന്നു ട്രംപ് കഴിഞ്ഞ നവംബറില്‍ പ്രതികരിച്ചിരുന്നു. 

India, US in talks to finalise dates for Donald Trumps visit
Author
Washington D.C., First Published Jan 14, 2020, 11:21 AM IST

ദില്ലി/ വാഷിങ്ടണ്‍: ഫെബ്രുവരി പകുതിയോടെ അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. ട്രംപിന്‍റെ ഇന്ത്യ സന്ദര്‍ശനത്തിന് സൗകര്യപ്രദമായ തിയ്യതികള്‍ ഇരുരാജ്യങ്ങളും പങ്കുവച്ചെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം ദില്ലിയിലെ റിപബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാനുള്ള അസൗകര്യം ട്രംപ് അറിയിച്ചിരുന്നു. ഇംപീച്ച്മെന്‍റ് നടപടികളുമായി ബന്ധപ്പെട്ട് ഈ ആഴ്ച തുടങ്ങാനിരിക്കുന്ന യുഎസ് സെനറ്റിന്‍റെ വിചാരണയുടെ പുരോഗതി അനുസരിച്ചാവും ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിന്‍റെ തിയ്യതികള്‍ പ്രഖ്യാപിക്കുക.
 
കഴിഞ്ഞ മാസം യുഎസ് സന്ദർശനം നടത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും ട്രംപിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നതിന് ഒരു വര്‍ഷത്തിന് ശേഷമാണ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനത്തിനുള്ള അവസരമൊരുങ്ങുന്നത്. ഞാന്‍ അവിടെ ചെല്ലണമെന്ന് നരേന്ദ്രമോദി ആഗ്രഹിക്കുന്നുണ്ടെന്നും ഒരിക്കല്‍ അവിടെ പോകുമെന്നു ട്രംപ് കഴിഞ്ഞ നവംബറില്‍ പ്രതികരിച്ചിരുന്നു. 

വിശ്വാസത്തിലും പരസ്പര ബഹുമാനത്തിലും ധാരണയിലും അധിഷ്ഠിതമായ ഇന്ത്യ, യുഎസ് ബന്ധം ശക്തമായി വളരുകയാണെന്ന് മോദി പറ‍ഞ്ഞതായി വിദേശകാര്യ മന്ത്രാലയം നേരത്തെ വിശദമാക്കിയിരുന്നു. യുഎസ് – ഇറാൻ സംഘർഷം രൂക്ഷമായതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഡോണൾഡ് ട്രംപുമായി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇന്ത്യയും യുഎസും തമ്മിൽ ഒരു ഹ്രസ്വകാല വ്യാപാര കരാറിനും സാധ്യതയുണ്ടെന്ന് നേരത്തെ സൂചനയുണ്ടായിരുന്നു.എന്നാല്‍ ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശന വാര്‍ത്തയേക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചില്ല. 

Follow Us:
Download App:
  • android
  • ios