
ദില്ലി:ഇന്ത്യയിൽ കുറ്റകൃത്യം ചെയ്ത ശേഷം അതിർത്തി കടന്ന് അഭയം പ്രാപിക്കുന്ന ഭീകരരെ വധിക്കാൻ പാക്കിസ്ഥാനിലേക്ക് കടന്നുള്ള ആക്രമണത്തിനും ഇന്ത്യയ്ക്ക് മടിയില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. അയൽരാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ ആരെങ്കിലും ഇന്ത്യയ്ക്കെതിരായ നീക്കങ്ങൾ നടത്തുകയും തീവ്രവാദ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്താൽ അവരെ വെറുതെ വിടില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞു.
ഇന്ത്യ അയൽരാജ്യങ്ങളുമായി ആരോഗ്യകരമായ ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്നു. അന്യരാജ്യത്തിന്‍റെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്താൻ ഇന്ത്യ ശ്രമിച്ചിട്ടില്ല.ഇതാണ് ഇന്ത്യയുടെ സ്വഭാവം.എന്നാൽ, ആരെങ്കിലും ഇന്ത്യയെ തുടരെ പ്രകോപിപ്പിച്ചാലോ ഇവിടെ വന്ന് ഭീകര പ്രവർത്തനങ്ങൾ നടത്തുകയും ചെയ്താലോ വെറുതെ വിടില്ലെന്നും രാജ്നാഥ് സിങ്ങ് വ്യക്തമാക്കി.