
ദില്ലി: സി പി എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ പേരിലുളള ബാങ്ക് അക്കൗണ്ട് ആദായ നികുതി വകുപ്പ് മരവിപ്പിച്ചതിൽ പ്രതികരിച്ച് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്ത്. ആദായ നികുതി വകുപ്പ് നടപടിക്ക് പിന്നിൽ രാഷ്ട്രീയമാണുള്ളത്. അക്കൗണ്ട് മരവിപ്പിച്ചത് ഒരു കാരണവും ബോധിപ്പിക്കാതെയാണെന്നും യെച്ചൂരി പറഞ്ഞു. നടപടി ദുരൂഹമാണെന്നും തെരഞ്ഞെടുപ്പിൽ പാർട്ടിയെ വേട്ടയാടുകയാണ് ഉദ്ദേശമെന്നും സി പി എം ജനറൽ സെക്രട്ടറി കൂട്ടിച്ചേർത്തു.
എന്താണ് ക്രമക്കേടെന്ന തെളിവ് നൽകട്ടെയെന്ന് പറഞ്ഞ യെച്ചൂരി, എല്ലാ അക്കൗണ്ടുകളും തെരഞ്ഞെടുപ്പ് കമ്മീഷനെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും വിവരിച്ചു. ആദായനികുതി വകുപ്പിന്‍റെ അല്ലാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെയോ ധനമന്ത്രാലയത്തിന്‍റെയോ ഭാഗത്ത് നിന്ന് ബന്ധപ്പെട്ടിട്ടില്ല. സുപ്രീംകോടതി ഇത്തരം നീക്കങ്ങളിൽ സ്വമേധയാ ഇടപെടണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു. ജനങ്ങൾ ബി ജെ പിക്ക് മറുപടി നൽകുമെന്നും സി പി എം ജനറൽ സെക്രട്ടറി പറഞ്ഞു.
അതേസമയം സി പി എം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടാണ് ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്കിൽ ഇന്നലെ ഇൻകംടാക്സ് ഇൻവെസ്റ്റിഗേഷൻ പരിശോധന നടത്തിയിരുന്നു. ആദായ നികുതി റിട്ടേണിൽ ഈ അക്കൗണ്ട് കാണിച്ചിരുന്നില്ലെന്ന് കാട്ടിയാണ് നടപടി. 1998 ൽ തുടങ്ങിയ അക്കൗണ്ടിൽ ഇപ്പോഴുള്ളത് അഞ്ച് കോടി പത്തു ലക്ഷം രൂപയാണ്. ഇതിൽ ഒരു കോടി രൂപ ഫിക്സഡ് ഡിപ്പോസിറ്റാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam