ഇന്ത്യൻ മുസ്ലീമിനെ തൊടാൻ ആരും ധൈര്യപ്പെടില്ല: പ്രതിരോധമന്ത്രി രാജ് നാഥ് സിം​ഗ്

By Web TeamFirst Published Jan 23, 2020, 12:17 PM IST
Highlights

ഹിന്ദുവിനും മുസ്ലീമിനും ഇടയിൽ സാമുദായിക വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളിൽ നിന്ന് വിട്ടു നിൽക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മീററ്റിലെ ശതാബ്ദി ന​ഗറിൽ പൗരത്വ നിയമ ഭേദ​ഗതി റാലിയെ പിന്തുണക്കുന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദില്ലി: ഇന്ത്യൻ മുസ്ലീമിനെ തൊടാൻ ആരും ധൈര്യപ്പെടില്ലെന്ന പ്രസ്താവനയുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. ദേശീയ പൗരത്വ രജിസ്റ്റും പൗരത്വ നിയമ ഭേ​ദ​ഗതിയും നടപ്പിലാക്കുന്നത് വഴി ലക്ഷ്യമിടുന്നത് ഈ സമുദായത്തെ ഇല്ലാതാക്കാനാണെന്ന വാദത്തെയും അദ്ദേഹം തള്ളിക്കളഞ്ഞു. ഹിന്ദുവിനും മുസ്ലീമിനും ഇടയിൽ സാമുദായിക വിഭജനം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശക്തികളിൽ നിന്ന് വിട്ടു നിൽക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. മീററ്റിലെ ശതാബ്ദി ന​ഗറിൽ പൗരത്വ നിയമ ഭേദ​ഗതിയെ പിന്തുണക്കുന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാകിസ്താൻ, അഫ്ഗാനിസ്താൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ന്യൂനപക്ഷങ്ങൾ ദുരിതപൂർണമായ ജീവിതം നയിക്കുകയാണ്. ഈ നിയമം കൊണ്ടുവന്നതിലൂടെ ഇന്ത്യ അവരോടുള്ള ധാർമ്മിക ബാധ്യത നിറവേറ്റുകയാണ് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്ററിനെയും പൗരത്വ നിയമ ഭേദ​ഗതിയെയും എതിർക്കുന്ന പ്രതിഷേധക്കാരെ ചോദ്യം ചെയ്ത അദ്ദേഹം, ഈ നിയമങ്ങൾ മൂലം മുസ്‍ലിംകള്‍ ഇന്ത്യയിൽ നിന്ന് പുറത്താകുമെന്ന ആശങ്ക അസ്ഥാനത്താണെന്നും കൂട്ടിച്ചേർത്തു.

''ദേശീയ പൌരത്വ രജിസ്റ്ററിനെക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. പക്ഷേ, ഒരു രാജ്യം പൗരന്മാരുടെ ദേശീയ രജിസ്റ്റർ സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്ന് കരുതുക, പിന്നെന്തിന് ഇതിനെ എതിർക്കണം? സർക്കാർ പദ്ധതികളിലൂടെ ആനുകൂല്യങ്ങൾ തേടുന്നതിന് ജനങ്ങൾക്ക് ഒരു രേഖ ആവശ്യമല്ലേ? എന്നാൽ അവർ പറയുന്നത് ദേശീയ പൗരത്വ രജിസ്റ്റർ നടപ്പാക്കുന്നത് വഴി എല്ലാ മുസ്‌ലിംകളെയും പുറത്താക്കുമെന്നാണ്. ഇന്ത്യൻ പൗരനായ ഒരു മുസ്‌ലിമിനെയും തൊടാൻ ആർക്കും കഴിയില്ലെന്ന് ഇവിടെയുള്ള മുസ്‌ലിംകളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകുന്നു. ആർക്കെങ്കിലും എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ അവർക്ക് ഞങ്ങളുടെ അടുത്തേക്ക് വരാം. ഞങ്ങൾ ആ മുസ്‍ലിം പൗരനോടൊപ്പം നിൽക്കും,” രാജ്നാഥ് സിങ് പറഞ്ഞു.
 

click me!