
ദില്ലി: അത്യപൂർവ്വമായ ഒരു നേട്ടത്തിന്റെ വാർത്തയാണ് കഴിഞ്ഞ ദിവസം ദില്ലി എയിംസിൽ നിന്ന് പുറത്തേക്ക് വന്നത്. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ലാപ്രോസ്കോപ്പിക് സർജറിയിലൂടെ രോഗശമനം ഉണ്ടാക്കാൻ എയിംസിലെ ഒരു കൂട്ടം ഡോക്ടർമാർക്ക് സാധിച്ചു. ഇത് ആഗോള തലത്തിൽ തന്നെ വമ്പൻ റെക്കോർഡിലേക്ക് എയിംസിനെ കൈപിടിച്ചുയർത്തുകയും ചെയ്തു. ലോകത്ത് തന്നെ ഇത്തരമൊരു സർജറി നടത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ കുഞ്ഞായിരുന്നു ഇത്. സാധാരണമായി പറഞ്ഞാൽ മുത്ര തടസമായിരുന്നു കുട്ടിക്കുണ്ടായിരുന്ന ബുദ്ധിമുട്ട്.
മൂത്രനാളി തടസ്സപ്പെടുത്തുകയും, വൃക്കകളിൽ നിന്ന് മൂത്രസഞ്ചിയിലേക്കുള്ള മൂത്രപ്രവാഹം തടസ്സപ്പെടുത്തുന്നതുമായ ജന്മനാ ഉണ്ടാകുന്ന അവസ്ഥയായിരുന്നു കുഞ്ഞിനുണ്ടായിരുന്നത്. എന്നാൽ ഇത് പരിഹരിക്കാൻ അപൂർവവും ബുദ്ധിമുട്ടുള്ളതുമായ ലാപ്രോസ്കോപ്പിക് ശസ്ത്രക്രിയയാണ് ഡോക്ടർമാർ നടത്തിയത്. ശസ്ത്രക്രിയ വിജയമായതോടെ ഒരിക്കൽ കൂടി ദില്ലി എയിംസിന്റെ ശിശുരോഗ ശസ്ത്രക്രിയ, അനസ്തേഷ്യ വിഭാഗങ്ങളുടെ കാര്യക്ഷമത പ്രശംസിക്കപ്പെടുകയാണ്. ഈ ശസ്ത്രക്രിയ കഴിഞ്ഞത് മൂന്ന് ദിവസത്തിനുള്ളിൽ കുട്ടിയെ ഡിസ്ചാർജ് ചെയ്യാൻ കഴിഞ്ഞുവെന്നതും വലിയ നേട്ടമായി.
മൂത്രനാളി തടസ്സപ്പെടുത്തുന്ന അവസ്ഥയായ യൂറിറ്ററോപെൽവിക് ജംഗ്ഷൻ തടസ്സം (UPJO)നീക്കാൻ ഉപയോഗിക്കുന്ന ഏറ്റവും കുറവ് മുറിവുകളും സ്റ്റിച്ചുകളും ഉള്ള ശസ്ത്രക്രിയാ രീതിയാണ് ലാപ്രോസ്കോപ്പിക് പൈലോപ്ലാസ്റ്റി. മൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഇരുവൃക്കകളിലും തടസ്സമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇരു വൃക്കകളിലും ശസ്ത്രക്രിയ വേണ്ടിവന്നു. പരമ്പരാഗത രീതിയിൽ ഓരോ വൃക്കയ്ക്കും പ്രത്യേക ശസ്ത്രക്രിയകൾ ആവശ്യമാണ്. എന്നാൽ രണ്ട് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിൽ തടസ്സപ്പെട്ട യൂറിറ്ററോപെൽവിക് ജംഗ്ഷൻ സൂക്ഷ്മമായി പുനർനിർമ്മിച്ചു. ഇരു വൃക്കകളുടെയും സർജറി മാഗ്‌നിഫൈഡ് വീഡിയോ അസിസ്റ്റഡ് സാങ്കേതികവിദ്യയുടെ സഹായത്തോടെ വിജയകരമായി പൂർത്തിയാക്കുകയായിരുന്നു. രണ്ട് വൃക്കകളും ലാപ്രോസ്കോപ്പി രീതി ഉപയോഗിച്ച് പ്രവർത്തിപ്പിക്കാനുള്ള നടപടിക്രമം തീരുമാനിച്ച് നടപ്പിലാക്കിയത് ശിശുരോഗ വിഭാഗത്തിലെ അഡീഷണൽ പ്രൊഫസർ ഡോ. വിശേഷ് ജെയിനിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. ശസ്ത്രക്രിയയ്ക്ക് മുമ്പ് വിപുലമായ ആസൂത്രണം നടത്തിയിരുന്നു.
Read more: ഡോ. വന്ദനയുടെ വീട്ടിലെത്തി അസ്ഥിത്തറയിൽ പ്രണാമം അർപ്പിച്ച് മന്ത്രിമാരായ സ്മൃതി ഇറാനിയും മുരളീധരനും
ശസ്ത്രക്രിയ കഴിഞ്ഞ് മൂന്ന് മാസത്തിന് ശേഷം, ശസ്ത്രക്രിയ വിജയകരമാണെന്ന് അറിയാനും തടസം നീങ്ങിയെന്ന് ഉറപ്പിക്കാനും ഡോക്ടർമാർ റെനോഗ്രാം എന്ന ടെസ്റ്റ് നടത്തിയതായി ഡോക്ടർ വിശേഷ് ജെയിൻ പറഞ്ഞു. 'മൂന്ന് മാസം പ്രായമുള്ള കുട്ടിയിൽ ബൈലാറ്ററൽ ലാപ്രോസ്കോപ്പിക് പൈലോപ്ലാസ്റ്റി നടത്താൻ സാധിച്ചത് ശിശുരോഗ ശസ്ത്രക്രിയയിലെ പുരോഗതിയാണ് വ്യക്തമാക്കുന്നത്. ഞങ്ങളുടെ വിജയം, ഞങ്ങളുടെ ടീമിന്റെ അർപ്പണബോധവും വൈദഗ്ധ്യവും പ്രകടമാക്കുന്നതാണ്, ഒപ്പം തന്നെ ഏത് പ്രായത്തിലുമുള്ള രോഗികൾക്കും അത്യാധുനിക പരിചരണം നൽകാനുള്ള എയിംസിന്റെ പ്രതിബദ്ധതയും അനസ്തേഷ്യാ മികവും ശ്രദ്ധേയമാണ്- ഡോക്ടർ കൂട്ടിച്ചേർത്തു. നൂതന ശസ്ത്രക്രിയ സംവിധാനങ്ങൾക്കും അനസ്തേഷ്യാ മാനേജ്മെന്റിനും നന്ദി, കുഞ്ഞ് വേഗത്തിൽ സുഖം പ്രാപിച്ചു. വെറും മൂന്ന് ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്ത് അവരുടെ കുടുംബത്തിലേക്ക് വേഗത്തിൽ മടങ്ങിയെത്താൻ അവരെ പ്രാപ്തമാക്കിയെന്നും പ്രസ്താവനയിൽ പറയുന്നു.