
ദില്ലിയിൽ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. വായുഗുണനിലവാര സൂചിക ഇന്ന് രാവിലെ രേഖപ്പെടുത്തിയത് 383. അലിപ്പൂർ, ഭവാന തുടങ്ങി പലയിടങ്ങളിലും വായുഗുണനിലവാരം 400 നും മുകളിലാണ്. മലിനീകരണം രൂക്ഷമായതോടെ ദില്ലിയിൽ ശ്വാസകോശസംബന്ധമായ അസുഖങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണവും കൂടി എന്നാണ് കണക്കുകൾ.
അതേ സമയം, ലോകത്ത് ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുടെ പട്ടികയിൽ ദില്ലി ഒന്നാമതെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ദില്ലിയിലെ പകുതിയിലധികം കുടുംബങ്ങളും വായുമലിനീകരണം കാരണം ബുദ്ധിമുട്ടുന്നുവെന്ന സർവേ റിപ്പോർട്ടും പുറത്തുവന്നു.
സ്വിസ് സ്ഥാപനമായ ഐക്യു എയർ പുറത്തുവിട്ട പട്ടികയിലാണ് കഴിഞ്ഞ ദിവസം ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ദില്ലിയായത്. ദീപാവലി ആഘോഷങ്ങൾക്ക് പിന്നാലെ വായുമലിനീകരണ തോത് കുത്തനെ കൂടിയതാണ് കാരണം. ദില്ലി നഗരത്തിലും, സമീപ മേഖലകളിലും ലോക്കൽ സർക്കിൾസ് എന്ന സംഘടന നടത്തിയ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന കണക്കുകൾ.
പത്തിൽ 7 കുടുംബങ്ങളും രാജ്യതലസ്ഥാനത്ത് മലിനീകരണം കാരണം ബുദ്ധിമുട്ടുന്നുണ്ട്. 69 ശതമാനം കുടുംബങ്ങളിലും ഒരാളെങ്കിലും രോഗിയാണ്. 62 ശതമാനം കുടുംബങ്ങളിൽ ഒരാൾക്കെങ്കിലും കണ്ണെരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ അനുഭവപ്പെടുന്നുണ്ട്. 31 ശതമാനം കുടുംബങ്ങളിലും ശ്വാസ തടസ്സം, ആസ്തമ പോലുള്ള രോഗങ്ങളുണ്ടെന്നും സർവേയിൽ വ്യക്തമായി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam