ദില്ലിയിൽ ചൂലോ, താമരയോ? വാശിയേറിയ പ്രചാരണ പോര് അവസാനിച്ചു; വോട്ടെടുപ്പ് മറ്റന്നാൾ; ജയപ്രതീക്ഷയിൽ പാർട്ടികൾ

Published : Feb 03, 2025, 08:18 PM IST
ദില്ലിയിൽ ചൂലോ, താമരയോ? വാശിയേറിയ പ്രചാരണ പോര് അവസാനിച്ചു; വോട്ടെടുപ്പ് മറ്റന്നാൾ; ജയപ്രതീക്ഷയിൽ പാർട്ടികൾ

Synopsis

മദ്യ നയ അഴിമതി മുതല്‍ കു‍ടിവെള്ളത്തില്‍ വിഷം വരെ നിറഞ്ഞു നിന്ന ആരോപണങ്ങള്‍ അടക്കം ഉയ‍ർന്ന ദില്ലിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിച്ചു

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പിനുള്ള പ്രചാരണത്തിന് വാശിയേറിയ അന്തരീക്ഷത്തിൽ തിരശ്ശീല വീണു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ബിജെപിക്കായി പ്രവര്‍ത്തിക്കുകയാണെന്ന് അരവിന്ദ് കെജരിവാള്‍ പ്രചാരണം അവസാനിപ്പിച്ച് നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചു. കെജ്രിവാളിന് ഇപ്പോഴും ഉള്ള നേരിയ മുൻതൂക്കം, ബജറ്റ് നിർദ്ദേശങ്ങൾക്ക് കിട്ടുന്ന പിന്തുണയിലൂടെ മറികടക്കാം എന്നാണ് ബിജെപിയുടെ പ്രതീക്ഷ.

മദ്യ നയ അഴിമതി മുതല്‍ കു‍ടിവെള്ളത്തില്‍ വിഷം വരെ നിറഞ്ഞു നിന്ന ആരോപണങ്ങള്‍ അടക്കം ഉയ‍ർന്നതാണ് തെരഞ്ഞെടുപ്പ് പോര്. ആംആദ്മി പാർട്ടിക്കും ബിജെപിക്കും ഒപ്പം കോൺഗ്രസും കളത്തിലിറങ്ങിയ ഒരു മാസത്തെ പ്രചാരണമാണ് അവസാനിച്ചത്. ദില്ലിയിലെ പ്രചാരണത്തിന് തിരശ്ശീല വീഴുമ്പോൾ ബിജെപിക്കും അരവിന്ദ് കെജ്രിവാളിനും ഇടയിൽ കടുത്ത മത്സരമാണ് ദൃശ്യമാകുന്നത്. 

അമിത് ഷായും ജെപി നഡ്ഡയും രാജ് നാഥ് സിംഗും ഇന്ന് ദില്ലിയിൽ പ്രചാരണത്തിനിറങ്ങി. മുഖ്യമന്ത്രി അതിഷിയുടെ മണ്ഡലത്തിലായിരുന്നു ഇന്ന് അരവിന്ദ് കെജ്രിവാളിൻറെ റോഡ് ഷോ. ഇന്നലെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാർട്ടി സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. മദ്യ നയ അഴിമതി കേസും കെജ്രിവാളിൻറെ വസതിക്ക് കോടികൾ ചെലവാക്കിയതുമാണ് പ്രചാരണത്തിന്‍റെ തുടക്കത്തില്‍ ആംആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയായത്. എന്നാൽ ക്ഷേമ പദ്ധതികളിലേക്ക് ശ്രദ്ധ തിരിച്ചു കൊണ്ടു വരാൻ കെജ്രിവാളിന് കഴിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൂടെ നിന്ന് പാർട്ടിയെ പരാജയപ്പെടുത്താൻ നോക്കുകയാണെന്ന് പാർട്ടി ആസ്ഥാനത്ത് ഇന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ കെജ്രിവാൾ ആരോപിച്ചു.

തുടക്കത്തിലെ തിരിച്ചടി മറികടന്ന് അവസാന ദിവസങ്ങളിൽ ശക്തമായ പ്രചാരണം നടത്താൻ ബിജെപിക്കായി. 12 ലക്ഷം വരെ വരുമാനം ഉളളവർ ആദായ നികുതി നൽകേണ്ടതില്ലെന്ന ബജറ്റ് പ്രഖ്യാപനത്തിൽ ഇന്നും ബിജെപി പരസ്യങ്ങൾ തുടർന്നു. ദളിത് വോട്ടുകൾ ലക്ഷ്യമിട്ട് ദില്ലിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൻറെ പേര് വാല്മീകി സ്റ്റേഡിയം ആക്കും എന്ന് പ്രഖ്യാപിച്ച ബിജെപി വിജയപ്രതീക്ഷയാണ് പ്രകടിപ്പിക്കുന്നത്. ആദ്യം പ്രചാരണത്തിൽ ഇളക്കമുണ്ടാക്കിയ കോൺഗ്രസ് അവസാന നാളുകളിൽ പ്രചാരണത്തിൽ പിന്നോട്ട് പോയി. അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ കെജ്രിവാളിൻറെ പിന്തുണയ്ക്ക് വലിയ മാറ്റം ഇല്ലാത്ത സാഹചര്യത്തിൽ ഇടത്തരക്കാരുടെ വോട്ട് ഒന്നിച്ച് ബിജെപിക്ക് മറിയുമോ എന്നതിനെ ആശ്രയിച്ചിരിക്കും ദില്ലിയിലെ ഫലം.

PREV
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം