
ദില്ലി: വിവാദ കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ഇന്ന് ആറാം ദിവസത്തിലേക്ക്. ദില്ലി അതിര്‍ത്തികളിൽ കര്‍ഷകരുടെ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ സംസാരിച്ചിരുന്നു.
പ്രശ്നം ഒത്തുതീര്‍ക്കാൻ കേന്ദ്ര തലത്തിൽ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇന്ന് തന്നെ കര്‍ഷകരുമായി ചര്‍ച്ചയ്ക്കുള്ള സാധ്യതയും സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. കേന്ദ്രത്തിൻ്റെ ക്ഷണം സ്വീകരിക്കണോയെന്ന് തീരുമാനിക്കാൻ കർഷക സംഘടനകൾ രാവിലെ യോഗം ചേരും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് ചർച്ചയാകാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു.
കേന്ദ്ര സർക്കാരിന്‍റെ ഉപാധികൾ തള്ളി കർഷകസമരം കൂടുതൽ ശക്തമായതോടെയാണ് അമിത് ഷാ തന്നെ അനുനയ നീക്കം ആരംഭിച്ചത്. ബുറാഡിയിലെ നിരങ്കരി മൈതാനത്തേക്ക് മാറില്ലെന്ന് കർഷകർ അറിയിച്ചതിന് പിന്നാലെ അമിത് ഷായുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രിമാരായ രാജ്നാഥ് സിംഗ്, നരേന്ദ്ര സിംഗ് തോമർ എന്നിവർ ബിജെപി അധ്യക്ഷൻ ജെ പി നദ്ദയുടെ വീട്ടിൽ യോഗം ചേർന്നിരുന്നു.
മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ ദില്ലി ചലോ മാർച്ച് കഴിഞ്ഞ ദിവസം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ദില്ലി ചലോ പ്രക്ഷോഭത്തിനായി എത്തിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ കർഷകർ ദില്ലിയിലെത്തുമെന്ന് സമര നേതാക്കൾ പ്രഖ്യാപിച്ചതോടെ ജന്തർ മന്തർ, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിൽ കൂടുതൽ കേന്ദ്രസേനയേയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
കര്‍ഷക പ്രതിഷേധം ഇരമ്പുമ്പോഴും ബില്ലില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് പ്രധാനമന്ത്രിയുടെ ഇന്നലത്തെ വാക്കുകള്‍. നിയമം കര്‍ഷകരുടെ സംരക്ഷണത്തിനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. കര്‍ഷകരില്‍ ഭീതി നിറയ്ക്കുന്നത് രാഷ്ട്രീയം കളിക്കുന്നവരാണ്. ചിലര്‍ കര്‍ഷകരെ വഴിതെറ്റിക്കുന്നുവെന്നും മോദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam