'ഗുജറാത്തിൽ ബിജെപി പരാജയം ഭയക്കുന്നു, ഞങ്ങളെ തകർക്കാൻ ശ്രിമിക്കുന്നു, എഎപി സർക്കാർ രൂപീകരിക്കും': കെജ്രിവാൾ

By Web TeamFirst Published Sep 18, 2022, 10:01 PM IST
Highlights

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ വിമർശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപി പരാജയഭീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ വിമർശനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഗുജറാത്ത് തെരഞ്ഞെടുപ്പിൽ ബിജെപി പരാജയഭീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ആദ്യ ദേശീയ സമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കെജ്‌രിവാൾ.

അഴിമതിക്കെതിരെ പോരാടുന്നതിന്റെ പേരിൽ എഎപിയെ തകർക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.  തന്റെ പാർട്ടി മന്ത്രിമാരെയും നേതാക്കളെയും കള്ള അഴിമതിക്കേസിൽ കുടുക്കാൻ ശ്രമിക്കുകയാണ്.  ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടിക്ക് ലഭിക്കുന്ന ജനപിന്തുണ കണ്ട് ബിജെപിക്ക് പേടി തുടങ്ങിയിരിക്കുന്നു.  ആം ആദ്മി പാർട്ടിയുടെ ഗുജറാത്തിലെ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യരുതെന്ന്, പ്രധാനമന്ത്രിയുടെ ഉപദേശകൻ ഹിരേൻ ജോഷി നിരവധി ടിവി ചാനൽ ഉടമകളോടും അവയുടെ എഡിറ്റർമാരോടും ഭീഷണി അറിയിപ്പ് നൽകിയിട്ടുണ്ട്. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഓഫീസും ഹിരേൻ ജോഷിയോ പ്രതികരിച്ചിട്ടില്ല. ജോഷിയുടെ സന്ദേശത്തിന്റെ സ്ക്രീൻഷോട്ടുകൾ എഡിറ്റർമാർ പുറത്തുവിട്ടാൽ പ്രധാനമന്ത്രിക്കും ഉപദേശകനും രാജ്യത്തെ ജനങ്ങളുടെ മുമ്പിൽ മുഖം കാണിക്കാൻ സാധിക്കില്ല. 

Read more: 'സർക്കാർ ജീവനക്കാർ 'ആപ്പി'നുവേണ്ടി ജോലി ചെയ്യണം': കെജ്രിവാളിനെതിരെ പരാതിയുമായി മുന്‍ ബ്യൂറോക്രാറ്റുകള്‍

ഞങ്ങൾ ഗുജറാത്തിൽ സർക്കാർ രൂപീകരിക്കാൻ പോവുകയാണ്. എഎപിയുടെ സൌജന്യങ്ങളെ വിമർശിക്കുന്നത്, സൌജന്യങ്ങൾ നൽകുന്നത് ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർക്കുമെന്ന കാരണം പറഞ്ഞാണ്. സൗജന്യങ്ങൾ രാജ്യത്തിന് നല്ലതല്ലെന്ന് സത്യസന്ധതയില്ലാത്തതും, അഴിമതിക്കാരനും രാജ്യദ്രോഹിയും ആയ ആൾക്ക് മാത്രമേ പറയാൻ സാധിക്കൂ. സൗജന്യങ്ങൾ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുമെന്ന് ഏതെങ്കിലും രാഷ്ട്രീയക്കാരൻ പറഞ്ഞാൽ, അദ്ദേഹത്തിന്റെ ഉദ്ദേശ്യം തെറ്റാണെന്നാണ് മനസിലാക്കേണ്ടതെന്നും കെജ്രിവാൾ കൂട്ടിച്ചേർത്തു.

​പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തട്ടകമായ ​ഗുജറാത്തിൽ തന്ത്രപ്രധാന നീക്കങ്ങളിലൂടെ വേരുറപ്പിക്കാനാണ് ആം ആദ്മി പാർട്ടിയുടെ ശ്രമം. സൗജന്യ വൈദ്യുതി, സ്ത്രീകൾക്കും തൊഴിൽരഹിതർക്കും അലവൻസ്, ​ഗുണമേന്മയുള്ള ചികിത്സാസൗകര്യങ്ങൾ, സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവയാണ് കെജ്രിവാൾ മുന്നോട്ടുവെക്കുന്ന വാ​ഗ്ദാനങ്ങൾ. 

click me!