
ദില്ലി: ടൂൾ കിറ്റ് കേസിൽ അറസ്റ്റിലായ ദിഷ രവിക്ക് ജാമ്യം. ദിഷ രാജ്യദ്രോഹം ചെയ്തു എന്നതിന് തെളിവില്ലെന്നും സർക്കാരുകളുടെ ദുരഭിമാനത്തിന് അനുസരിച്ച് ഈ വകുപ്പ് പ്രയോഗിക്കരുതെന്നും ദില്ലി കോടതി ആവശ്യപ്പെട്ടു. ടുൾകിറ്റ് അക്രമത്തിന് ഇടയാക്കിയെന്ന് തെളിയിക്കാൻ പൊലീസിനായില്ലെന്നും കോടതി പറഞ്ഞു.
ടൂൾകിറ്റ് കേസിൽ ഈ മാസം പതിമൂന്നിന് ബംഗ്ളൂരുവിൽ കസ്റ്റഡിയിലായ ദിഷരവി പത്താം ദിവസമാണ് പുറത്തിറങ്ങുന്നത്. അന്വഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണം, രാജ്യം വിട്ടു പോകരുത് എന്നീ ഉപാധികളോടെയാണ് ജാമ്യം. ബെംഗളൂരുവിലേക്ക് പോകുന്നതിന് വിലക്കില്ല. ജാമ്യം നൽകിയ ഉത്തരവിൽ രൂക്ഷവിമർശനമാണ് കോടതി ദില്ലി പൊലീസിനെതിരെ ഉയർത്തിയത്.
ദിഷയ്ക്കെതിരെ രാജ്യദ്രോഹത്തിന് തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ഏതെങ്കിലും വിഘടനവാദി സംഘടനയുമായി ബന്ധമുണ്ടെന്നും കരുതാനാവില്ല. സർക്കാരുകളുടെ ദുരഭിമാനത്തിന് അനുസരിച്ച് പ്രയോഗിക്കേണ്ടതല്ല രാജ്യദ്രോഹകുറ്റം. ജനാധിപത്യത്തിൽ ജനങ്ങളാണ് സർക്കാരുകളുടെ മനസാക്ഷി സൂക്ഷിപ്പുകാരെന്നും കോടതി ഓർമ്മിപ്പിച്ചു.
കേസ് ഡയറിയിൽ പറയുന്നതിനപ്പുറം തെളിവുകൾ നിരത്താനായോ എന്ന് കോടതി നേരത്തെ ചോദിച്ചിരുന്നു. തെളിവുകൾ നല്കാം എന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ അക്രമത്തിന് ടൂൾകിറ്റ് ഇടയാക്കി എന്നതിന് വ്യക്തമായ തെളിവുകൾ ഹാജരാക്കാൻ പൊലീസിനായില്ല. കേസിലെ മറ്റ് രണ്ട് പ്രതികളായ ശാന്തനു മുളുക്, നികിത ജേക്കബ് എന്നിവർക്ക് ബോംബെ ഹൈക്കോടതി ഇടക്കാല സംരക്ഷണം നല്കിയിരുന്നു.
രണ്ടു പേരെയും ദിഷ രവിയേയും ഒന്നിച്ചിരുത്തി പൊലീസ് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ജാമ്യം നല്കിയുള്ള ഈ ഉത്തരവ്. ശന്തനുവും നികിതയും ജാമ്യത്തിനായി ദില്ലി കോടതിയിൽ അപേക്ഷ നല്കിയിട്ടുണ്ട്. ദിഷ രവിയുടെ അപേക്ഷയിലെ ഈ വിധി അതിനാൽ അവർക്കും ആശ്വാസമാകുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam