
ദില്ലി: ടൂള്‍ കിറ്റ് കേസില്‍ അറസ്റ്റിലായ ദിഷ രവി ദിഷ രവിക്ക് ജാമ്യം അനുവദിച്ചു. ദില്ലി പട്യാല ഹൗസ് കോടതിയാണ് ദിഷ രവിക്ക് ജാമ്യം നൽകിയത്. അറസ്റ്റിലായി പത്താം ദിവസത്തിലാണ് ജാമ്യം ലഭിക്കുന്നത്. ഫെബ്രുവരി 13 നാണ് ദിഷ രവിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ടൂള്‍കിറ്റ് കേസില്‍ അന്വേഷണം നടക്കുന്നതിനാല്‍ ദിഷക്ക് ജാമ്യം നല്‍കരുതെന്നായിരുന്നു ദില്ലി പൊലീസിന്‍റെ വാദം. എന്നാല്‍, ദില്ലി അക്രമണത്തില്‍ ദിഷയ്‍ക്കെതിരെ എന്ത് തെളിവുണ്ടെന്ന് കോടതി ചോദിച്ചു.
ഇരുഭാഗത്തിന്‍റെയും വാദങ്ങള്‍ കേട്ട ശേഷം ദില്ലി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ച് പറഞ്ഞ പ്രധാനപ്പെട്ട കാര്യങ്ങള്‍ ഇങ്ങനെയാണ്.
1. അവ്യക്തവും, അപര്യാപ്തവുമായ തെളിവുകള്‍ പരിശോധിക്കുമ്പോള്‍, മുന്‍കാലത്ത് ക്രിമിനല്‍ പാശ്ചത്തലമൊന്നും ഇല്ലാത്ത 22 കാരിയായ പെണ്‍കുട്ടിക്ക് നിയമവിധേയമായി ജാമ്യം അനുവദിക്കാതിരിക്കാന്‍ പ്രത്യക്ഷമായ കാരണങ്ങള്‍ ഒന്നും കണ്ടെത്താന്‍ സാധിക്കുന്നില്ല.
2. ദിഷ രവിക്ക് നിരോധിക്കപ്പെട്ട സിഖ് തീവ്രവാദ സംഘവുമായി ബന്ധമുണ്ടെന്നതിന് ഒരു തെളിവും ഹാജറാക്കാന്‍ സാധിച്ചിട്ടില്ല.
3. വാട്ട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നതും, നിരുപദ്രവമായ ഒരു ടൂള്‍കിറ്റിന്‍റെ എഡിറ്ററാകുന്നതും ഒരു കുറ്റമായി കാണുവാന്‍ സാധിക്കില്ല.
4. എന്തെങ്കില്‍ വിഘടനവാദ ആശയം പിന്തുടരുന്ന വ്യക്തിയാണ് ദിഷ എന്നതിന് രേഖകള്‍ ഒന്നും ഇല്ല.
5. മുന്‍ധാരണകള്‍ വച്ച് ഒരു പൌരന്‍റെ സ്വതന്ത്ര്യത്തില്‍ എന്തെങ്കിലും തടസ്സം സൃഷ്ടിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിക്കില്ല.
6. സര്‍ക്കാറിന്‍റെ മനസാക്ഷി സൂക്ഷിപ്പുകാരാണ് സര്‍ക്കാര്‍, അതിനാല്‍ തന്നെ എന്തെങ്കിലും നയത്തില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന പേരില്‍ അവരെ ജയിലിലാക്കുവാന്‍ സാധിക്കില്ല.
ഇന്നലെ പ്രോസിക്യൂഷന്‍റെ പല വാദങ്ങളും അനുമാനങ്ങള്‍ മാത്രമാണെന്ന് കോടതി വിലയിരുത്തി. ഗൂഢാലോചനക്കാരെന്ന് പൊലീസ് പറയുന്നവരെയും സംഘര്‍ഷമുണ്ടാക്കിയവരെയും എങ്ങനെ ബന്ധിപ്പിക്കുമെന്നും വാദത്തിനിടെ കോടതി ദില്ലി പൊലീസിനോട് ചോദിച്ചതും ശ്രദ്ധേയമായിരുന്നു. ദിഷയുടെ കസ്റ്റഡി കാലാവധിയും ഇന്ന് അവസാനിക്കാനിരിക്കെയാണ് ജാമ്യം ലഭിച്ചത്. അതേസമയം നിഖിത ജേക്കബിനെയും ഷന്തനും മുളുക്കിനെയും അന്വേഷണസംഘം ഇന്നും ചോദ്യം ചെയ്തതു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam