ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ദില്ലിയിലെ കേസിലും ജാമ്യം

Published : Jul 15, 2022, 02:48 PM IST
ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ദില്ലിയിലെ കേസിലും ജാമ്യം

Synopsis

സീതാപൂരിലെ കേസിന് പിന്നാലെ ദില്ലി കേസിലും ജാമ്യം, യുപിയിലെ മറ്റ് കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡി തുടരുന്നതിനാൽ പുറത്തിറങ്ങാനാകില്ല

ദില്ലി: ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന്, ദില്ലിയിൽ രജിസ്റ്റ‍ർ ചെയ്ത കേസിലും ജാമ്യം. പട്യാല ഹൗസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം. 50,000 രൂപയുടെ ആൾജാമ്യം, കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ ഉപാധികളിന്മേലാണ് ജാമ്യം അനുവദിച്ചത്. എന്നാൽ ഉത്തർപ്രദേശിലെ കേസുകളിൽ ജുഡീഷ്യൽ കസ്റ്റഡി നിലനിൽക്കുന്നതിനാൽ മുഹമ്മദ് സുബൈറിന് പുറത്തിറങ്ങാൻ സാധിക്കില്ല. അഞ്ച് ജില്ലകളിലായി 6 കേസുകളാണ് മുഹമ്മദ് സുബൈറിനെതിരെ യുപിയിൽ രജിസ്റ്റർ ചെയ്തതിട്ടുള്ളത്. നേരത്തെ സീതാപ്പൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇത് പിന്നീട് സെപ്തംബർ 7 വരെ നീട്ടി.

1983ലെ  'കിസി സേ ന കഹാ' എന്ന ഹിന്ദി ചിത്രത്തിലെ ഒരു ദൃശ്യം പങ്കുവച്ച് നടത്തിയ ട്വീറ്റിലാണ് മാധ്യമപ്രവര്‍ത്തകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മതവികാരം വ്രണപ്പെടുത്തല്‍, വിദ്വേഷം വളർത്തല്‍ തുടങ്ങിയ വകുപ്പുകള്‍ സുബൈറിനെതിരെ ചുമത്തിയിട്ടുണ്ട്. ഹനുമാന്‍ ഭക്ത് എന്ന വ്യക്തിവിവരങ്ങള്‍ ഇല്ലാത്ത ട്വിറ്റർ ഐ‍ഡി ഇക്കാര്യം ചൂണ്ടിക്കാട്ടി ദില്ലി പൊലീസിനെ ടാഗ് ചെയ്തതിന്‍റെ  അടിസ്ഥാനത്തിലാണ്  നടപടിയുണ്ടായത്. 

മുഹമ്മദ് സുബൈറിന് എതിരായ യുപിയിലെ കേസുകൾ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിലായി 6 കേസുകളാണ് സുബൈറിന് എതിരെ യുപിയിൽ റജിസ്റ്റർ ചെയ്തത്. ഹാഥ്റാസ്, സീതാപൂർ, ഗാസിയാബാദ്, ലഖീംപൂർ ഖേരി, മുസഫർനഗർ എന്നിവിടങ്ങളിലാണ് സുബൈറിനെതിരെ കേസുള്ളത്. ഈ കേസുകളുടെ അന്വേഷണത്തിനാണ് പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഐജി ഡോ. പ്രീതിന്ദർ സിങ്ങിന്റെ നേതൃത്വത്തിൽ രണ്ടംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. 

ഇതിനിടെ, തനിക്കെതിരായ കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുഹമ്മദ് സുബൈർ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. യുപി പൊലീസ് രജിസ്റ്റ‍ര്‍ ചെയ്ത ആറ് കേസുകൾ റദ്ദാക്കണമെന്നാണ് സുപ്രീംകോടതിയിൽ സമര്‍പ്പിച്ച പ്രത്യേക ഹ‍ര്‍ജിയിലെ ആവശ്യം. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ച നടപടിയെയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

വിധി പറഞ്ഞിട്ട് ആറ് വർഷം, ഇനിയും നിർമാണം ആരംഭിക്കാതെ അയോധ്യയിലെ മുസ്ലിം പള്ളി, ഏപ്രിലിൽ തുടങ്ങുമെന്ന് പ്രഖ്യാപനം
കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു