'കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് അണിചേരും'; പാകിസ്ഥാൻ അഭയാർത്ഥികൾക്ക് അവശ്യസാധനങ്ങൾ എത്തിച്ച് ഡിസിപി

By Web TeamFirst Published Mar 28, 2020, 12:43 PM IST
Highlights

ദരിദ്രരെ സഹായിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്നും കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് അണിചേരുമെന്നും വിജയന്ത ആര്യ വ്യക്തമാക്കി.

ദില്ലി: പകിസ്ഥാൻ അഭയാർത്ഥികൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകി ദില്ലി നോർത്ത്- വെസ്റ്റ് ഡിസിപി വിജയന്ത ആര്യ. മജ്‌ലിസ് പാർക്കിലെ ഒരു ക്യാമ്പിൽ കഴിയുന്ന അഭയാർത്ഥി കുടുംബങ്ങൾക്കാണ് ഡിസിപി സാധനങ്ങൾ എത്തിച്ചു നൽകിയത്. 

280 ഓളം പാകിസ്ഥാൻ അഭയാർത്ഥി കുടുംബങ്ങളാണ് ഈ ക്യാമ്പിൽ താമസിക്കുന്നതെന്ന് ഡിസിപി പറഞ്ഞു. ദരിദ്രരെ സഹായിക്കേണ്ടത് കൂട്ടായ ഉത്തരവാദിത്തമാണെന്നും കൊവിഡിനെതിരായ പോരാട്ടത്തിൽ ഒരുമിച്ച് അണിചേരുമെന്നും വിജയന്ത ആര്യ വ്യക്തമാക്കി.

"മജ്‌ലിസിലെ അഭയാർത്ഥി ക്യാമ്പിൽ 280 ഓളം കുടുംബങ്ങളാണുള്ളത്. ലോക്ക് ഡൗണിനെത്തുടർന്ന് അവരുടെ ഉപജീവനമാർഗം തടസപ്പെട്ടിട്ടുണ്ട്. ഇവർക്ക് സഹായം ആവശ്യമാണെന്ന വിവരം ഞങ്ങൾക്ക് ലഭിച്ചു. ലോക്ക് ഡൗൺ കാലയളവായ 21 ദിവസത്തേക്ക് ഇവർക്ക് വേണ്ട സഹയാങ്ങൾ നൽകാനാണ് തീരുമാനം. ഭക്ഷണവും മരുന്നും ഉൾപ്പെടെയുള്ള അവശ്യവസ്തുക്കൾ ഞങ്ങൾ നൽകും" വിജയന്തആര്യ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

അതേസമയം, തങ്ങൾക്ക് 21ദിവസവും സഹായം നൽകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നാണ് അഭയാർത്ഥികളിൽ ഒരാളായ നെഹ്രുലാൽ പറയുന്നത്. "ഞങ്ങൾ പാകിസ്ഥാനിലെ സിന്ധിൽ നിന്നാണ് വന്നത്. 280 ഓളം കുടുംബങ്ങളുണ്ട്. ഞങ്ങൾക്ക് ജോലിക്ക് പോകാൻ കഴിയുന്നില്ല. ദില്ലി പൊലീസ് ഞങ്ങൾക്ക് മാസ്കുകളും റേഷനും നൽകുന്നുണ്ട്. ലോക്ക് ഡൗൺ കാലയളവിലുടനീളം ഞങ്ങൾക്ക് ഭക്ഷണം തരുമെന്ന് അവർ പറയുന്നു. ദില്ലി പൊലീസിനോട് ഞങ്ങൾ നന്ദി പറയുകയാണ്" നെഹ്രുലാൽ പറഞ്ഞു.

click me!