Delhi Doctors Strike : സമരം തുടരുമെന്ന് ഡോക്ടർമാർ, മന്ത്രിയുടെ ഉറപ്പ് തള്ളി; എയിംസിലെ സമരം മാത്രം മാറ്റി

By Web TeamFirst Published Dec 28, 2021, 10:29 PM IST
Highlights

ഡോക്ടർമാർക്ക് നേരെയുണ്ടായ പൊലീസ് നടപടി  വലിയ പ്രതിഷേധത്തിന്  വഴിവച്ചതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിപ്പിച്ചത്. നീറ്റ് പിജി കൗൺസിലിംഗ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വിഷയത്തിൽ രേഖമൂലം ഉറപ്പ് നൽകാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു.


ദില്ലി: നീറ്റ് പിജി (NEET PG) കൌൺസിലിംഗ് പ്രശ്നത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൺസൂഖ് മാണ്ഡവ്യയുടെ (Mansukh Mandaviya) ഉറപ്പുകൾ തള്ളി ദില്ലിയിൽ സമരം ചെയ്യുന്ന ഡോക്ടർമാർ. ഡ്യൂട്ടി ബഹിഷ്ക്കരിച്ചുള്ള സമരം തുടരാനാണ് സമരക്കാരുടെ തീരുമാനം. സമരത്തെ തുടർന്ന് ചികിത്സ കിട്ടാതെ മടങ്ങുകയാണ് രോഗികൾ.

ഡോക്ടർമാർക്ക് നേരെയുണ്ടായ പൊലീസ് നടപടി  വലിയ പ്രതിഷേധത്തിന്  വഴിവച്ചതോടെയാണ് കേന്ദ്ര ആരോഗ്യമന്ത്രി ചർച്ചയ്ക്ക് വിളിപ്പിച്ചത്. നീറ്റ് പിജി കൗൺസിലിംഗ് വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാൽ വിഷയത്തിൽ രേഖമൂലം ഉറപ്പ് നൽകാൻ കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഈക്കാര്യത്തിൽ സർക്കാരിന് ചെയ്യാനാകുന്ന നടപടികൾ വേഗത്തിലാക്കാം. ദില്ലി പൊലീസിന്റെ നടപടിയിൽ ഖേദം പ്രകടിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. 

ഈ സാഹചര്യത്തിൽ സമരം അവസാനിപ്പിക്കാമെന്നാണ് ഫോർഡ ഭാരവാഹികൾ നിർദ്ദേശം മുന്നോട്ട് വച്ചു. എന്നാൽ കൗൺസിലിംഗ് എന്ന് തുടങ്ങാൻ കഴിയുമെന്ന് രേഖാമൂലം ഉറപ്പ് നൽകാത്ത സാഹചര്യത്തിൽ സമരം അവസാനിപ്പിക്കേണ്ടെന്ന് സഫ്ദർജംഗ് ആശുപത്രയിലെ ഡോക്ടർമാർ നിലപാടെടുത്തു ,ഇതോടെ റസിഡന്റ് ഡോക്ടർമാരും ഫോർഡാ പ്രതിനിധികളും തമ്മിൽ വീണ്ടും ചർച്ച നടത്തി. ഈ ചർച്ചയിൽ സമരം തുടരാൻ തീരുമാനിക്കുകയായിരുന്നു. അതേ സമയം എംയിസിലെ ഡോക്ടർമാർ നാളെ നടത്തിരുന്ന സമരം മാറ്റിവച്ചു. 

പ്രധാന ആശുപത്രികളിൽ സമരം തുടരുന്നതോടെ രോഗികൾ വലഞ്ഞു. അടിയന്തര ശസ്ത്രക്രിയകൾ അടക്കം മുടങ്ങി.

click me!