ഷഹീൻ ബാഗ് ഉൾപ്പെട്ട ഓഖ്‍ല അടക്കം ന്യൂനപക്ഷ മേഖലകളിൽ ആം ആദ്മി പാർട്ടി തേരോട്ടം

By Web TeamFirst Published Feb 11, 2020, 9:12 AM IST
Highlights

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി തകർന്നടിഞ്ഞിരുന്നു. അപ്പോഴും ന്യൂനപക്ഷ മേഖലകളായ മണ്ഡലങ്ങളിൽ മുന്നിലെത്തിയത് കോൺഗ്രസാണ്. അവിടെയാണിപ്പോൾ ആം ആദ്മി പാർട്ടി വൻ തിരിച്ചുവരവ് നടത്തുന്നത്. 

ദില്ലി: ന്യൂനപക്ഷ മേഖലകളിൽ ആം ആദ്മി പാർട്ടിയുടെ തേരോട്ടം. പൗരത്വ നിയമഭേദഗതിയുടെ മുഖമായ ഷഹീൻ ബാഗ് സമരവേദിയടക്കമുള്ള ഓഖ്‍ല നിയമസഭാ മണ്ഡലത്തിൽ ആം ആദ്മി പാ‍ർട്ടിയുടെ അമാനത്തുള്ള ഖാൻ ബഹുദൂരം മുന്നിലാണ്. ജാമിയ മിലിയ സർവകലാശാല നിലകൊള്ളുന്ന ജാമിയ നഗറും ഓഖ്‍ല നിയമസഭാ മണ്ഡലത്തിലാണ്.

പൗരത്വ നിയമഭേദഗതിക്ക് എതിരായ സമരങ്ങളിൽ ചിലത് അക്രമാസക്തമായ സീലംപൂർ മണ്ഡലത്തിലും ആം ആദ്മി പാർട്ടി ബഹുദൂരം മുന്നിലാണ്. ഇവിടെ ആം ആദ്മി പാർട്ടിയുടെ അബ്ദുൾ റഹ്മാൻ മുന്നിലെത്തിയിരിക്കുന്നു. 

ന്യൂനപക്ഷമേഖലയായ ബല്ലിമാരാൻ മണ്ഡലത്തിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നു. ആം ആദ്മി പാർട്ടിയുടെ മന്ത്രിയായ ഇമ്രാൻ ഹുസൈനും കോൺഗ്രസ് സ്ഥാനാർത്ഥി ഹാരൂൺ യൂസഫും തമ്മിലാണ് അവിടെ മത്സരം നടക്കുന്നത്. ഇവിടെ ഇപ്പോൾ മുന്നിൽ നിൽക്കുന്നത് കോൺഗ്രസാണ്. 

മറ്റൊരു ന്യൂനപക്ഷമേഖലയായ മാത്തിയ മഹൽ മണ്ഡലത്തിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഷോയബ് ഇഖ്‍ബാൽ തന്നെയാണ് മുന്നിൽ നിൽക്കുന്നത്. അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി തൊട്ടു പിന്നിൽ നിൽക്കുന്നു.

ചാന്ദ്‍നി ചൗക്കിൽ പക്ഷേ, ബിജെപിയാണ് തൽക്കാലം മുന്നിൽ നിൽക്കുന്നത്. ആം ആദ്മി പാർട്ടിയിൽ നിന്ന് പുറത്തേക്കെത്തിയ അൽക ലാംബ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മണ്ഡലമാണിത്. ഇവിടെ ആം ആദ്മി പാർട്ടിയുടെ വോട്ട് ബാങ്കിൽ അൽക ലാംബയ്ക്ക് വിള്ളലുണ്ടാക്കാൻ കഴിഞ്ഞെന്നാണ് സൂചന. ആദ്യം ഇവിടെ ആം ആദ്മി പാർട്ടിയാണ് മുന്നിൽ നിന്നതെങ്കിലും ഇപ്പോൾ ബിജെപി സ്ഥാനാർത്ഥിയാണ് മുന്നിൽ. അൽക ലാംബ മൂന്നാം സ്ഥാനത്താണ്. 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ദില്ലിയിലെ ആകെയുള്ള 70 നിയമസഭാ മണ്ഡലങ്ങളിൽ 65-ലും ബിജെപിയാണ് മുന്നിട്ട് നിന്നത്. ബാക്കിയുള്ള ഈ അഞ്ച് മണ്ഡലങ്ങളിലും മുന്നിലെത്തിയത് കോൺഗ്രസാണ്. ആ മണ്ഡലങ്ങളാണ്, ഒന്നൊഴികെ ബാക്കിയെല്ലാം ആപിനൊപ്പം നിൽക്കുന്നത്. ന്യൂനപക്ഷത്തിന്‍റെ മനസ്സും ആപ്പിനൊപ്പമെന്ന സൂചനയാണ് ലഭിക്കുന്നത്.

ഹനുമാൻ ചാലിസ ചൊല്ലി, കുടുംബത്തോടൊപ്പം ക്ഷേത്രസന്ദർശനം നടത്തുന്നതിനൊപ്പം ന്യൂനപക്ഷങ്ങളെയും ഒപ്പം നിർത്താനുള്ള കെജ്‍രിവാൾ തന്ത്രം വിജയത്തിലേക്കെന്ന സൂചനകളാണ് ലഭിക്കുന്നത്. 

തത്സമയവോട്ടെണ്ണൽ വിവരങ്ങൾക്ക് സന്ദർശിക്കുക :

click me!