ഇഡി ഓഫീസ് മാർച്ചിൽ കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്ത് പൊലീസ്, കുഴഞ്ഞുവീണു

Published : Jun 13, 2022, 12:31 PM ISTUpdated : Jun 13, 2022, 12:42 PM IST
ഇഡി ഓഫീസ് മാർച്ചിൽ കെ സി വേണുഗോപാലിനെ കയ്യേറ്റം ചെയ്ത് പൊലീസ്, കുഴഞ്ഞുവീണു

Synopsis

വെള്ളം കൊടുക്കാൻ മറ്റ് നേതാക്കളെല്ലാം പറയുന്നുണ്ടായിരുന്നുവെങ്കിലും ദില്ലി പൊലീസ് അതൊന്നും കേൾക്കാതെ കെ സി വേണുഗോപാലിനെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി. 

ദില്ലി: നാഷണൽ ഹെറാൾഡ് കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നൂറ് കണക്കിന് പ്രവർത്തകർക്കൊപ്പം രാഹുൽ ഗാന്ധി എൻഫോഴ്സ്മെന്‍റ് ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ വൻ സംഘർഷാവസ്ഥ. രാഹുലിനൊപ്പം നിരോധനാജ്ഞ ലംഘിച്ച് ഇഡി ഓഫീസിലേക്ക് മാർച്ച് ചെയ്ത എല്ലാ പ്രവർത്തകരെയും നേതാക്കളെയും ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. കെ സി വേണുഗോപാൽ എംപി, രൺദീപ് സുർജേവാല, കൊടിക്കുന്നിൽ സുരേഷ് എംപി, ഡീൻ കുര്യാക്കോസ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ അഭിഭാഷകനെ അടക്കം ഇഡി ഓഫീസിന് മുന്നിൽ വച്ച് പൊലീസ് തടഞ്ഞു. പൊലീസ് നടപടിക്കിടെ കെ സി വേണുഗോപാൽ കുഴ‌ഞ്ഞുവീണു.

കെസിക്ക് വെള്ളം കൊടുക്കാൻ മറ്റ് നേതാക്കളെല്ലാം പറയുന്നുണ്ടായിരുന്നുവെങ്കിലും ദില്ലി പൊലീസ് അതൊന്നും കേൾക്കാതെ കെ സി വേണുഗോപാലിനെ വാഹനത്തിൽ കയറ്റിക്കൊണ്ട് പോയി. കൊവിഡ് ബാധിതനായിരുന്നു കെ സി വേണുഗോപാൽ. കൊവിഡ് നെഗറ്റീവായി രണ്ട് ദിവസമേ ആയിരുന്നുള്ളൂ. കെ സി വേണുഗോപാലിന്‍റെ ഷർട്ടും മാസ്കുമെല്ലാം കീറിയ നിലയിലായിരുന്നു. 

കേരളത്തിൽ നിന്നുള്ള നേതാക്കൾ അടക്കം തുഗ്ലക് റോഡ് പോലീസ് സ്റ്റേഷനിൽ അറസ്റ്റ് ചെയ്യപ്പെട്ട നേതാക്കളുടെ നീണ്ട നിരയാണുള്ളത്. അറസ്റ്റിലായ കെ സി വേണുഗോപാൽ അവശനാണ്. അദ്ദേഹത്തെ ഡോക്ടർമാരെത്തി പരിശോധിക്കുന്നുമുണ്ട്. 

തീവ്രവാദികളെ കൈകാര്യം ചെയ്യും പോലെയാണ് പോലീസ് പെരുമാറിയത് എന്ന് ഡീൻ കുര്യാക്കോസ് എം പി ആരോപിക്കുന്നു. കെ സി വേണുഗോപാലിനെ ബസ്സിലേക്ക് പൊലീസ് വലിച്ചിഴച്ചുകയറ്റി ചവിട്ടി. കെ സി വേണുഗോപാൽ രണ്ട് ദിവസം മുമ്പാണ് കൊവിഡ് മുക്തനായത്. മോദി ജനാധിപത്യത്തിന്‍റെ എല്ലാ മര്യാദകളും ലംഘിക്കുന്നുവെന്നും ഡീൻ ആരോപിക്കുന്നു. 

അതേസമയം, ഒരു പ്രകോപനവും ഇല്ലാതെയാണ് എല്ലാ നേതാക്കളെയും ഉപദ്രവിച്ചതെന്ന് ശ്രീകണ്ഠൻ എംപിയും വ്യക്തമാക്കുന്നു. 

നാടകീയമായി 'ഇഡി'ക്കൂട്ടിലേക്ക്

സുരക്ഷാ ഉദ്യോഗസ്ഥരുടെ വലിയ വലയത്തിന് ഉള്ളിലായിരുന്നു രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയുമുൾപ്പടെ എഐസിസി ആസ്ഥാനത്ത് നിന്ന് നടന്ന് തുടങ്ങിയത്. വാഹനത്തിൽ പോകാൻ വിസമ്മതിച്ച രാഹുൽ ഇഡി ഓഫീസ് വരെ നടന്ന് പോകുമെന്നാണ് പ്രഖ്യാപിച്ചത്. ഇതോടെ ദില്ലി പൊലീസ് സ്ഥലത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയത്. എഐസിസി ആസ്ഥാനത്ത് പൂർണമായും കൂടുതൽ ബാരിക്കേഡുകൾ വച്ച് അടച്ചു. അക്ബർ റോഡിൽ നിന്ന് ഇഡി ആസ്ഥാനത്തേക്ക് പോകുന്ന വഴി മുഴുവൻ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. 

എന്നാലിതിനെയെല്ലാം ലംഘിച്ച് രാവിലെ മുതൽ ഇവിടേക്ക് കോൺഗ്രസ് പ്രവർത്തകർ പതാകയുമായി എത്തി. രാഹുൽ ഗാന്ധിയുടെ വസതിയ്ക്ക് മുന്നിലേക്ക് എത്തിയ കോൺഗ്രസ് പ്രവർത്തകരെ ദില്ലി പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ സംഘ‍ർഷമായി.

എഐസിസി ആസ്ഥാനത്തിന് സമീപത്ത് തന്നെയുള്ള രാഹുലിന്‍റെ വസതിക്ക് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയും ചെയ്തു. രാവിലെ നാടകീയരംഗങ്ങളാണ് എഐസിസി ആസ്ഥാനത്തിന് മുന്നിലും ഇഡി ഓഫീസിന് മുന്നിലും അരങ്ങേറിയത്. രാവിലെ ഇഡി ആസ്ഥാനത്തിന് മുന്നിലെത്തിയ മുൻ കോൺഗ്രസ് എംപി ഉദിത് രാജിനെ പൊലീസ് വലിച്ചിഴച്ചാണ് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത്.

ഇഡി ആസ്ഥാനത്തിന് മുന്നിലും വലിയ പൊലീസ് കാവലാണ് ഒരുക്കിയിരിക്കുന്നത്. ഇതിനിടെ, ഇതിനിടെ ഇഡി ഓഫീസിന് മുന്നിലെത്തിയ കൊടിക്കുന്നിൽ സുരേഷ് എംപിയെ പിടിച്ച് തള്ളി പൊലീസ്. പൊലീസും എംപിയും തമ്മിൽ വാക്കുതർക്കവുമുണ്ടായി.

11 മണിയോടെയാണ് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും പി ചിദംബരവും കെ സി വേണുഗോപാലും രൺദീപ് സുർജേവാലയും മറ്റ് മുതിർന്ന നേതാക്കളുമടക്കം മാർച്ച് ചെയ്ത് ഇഡി ഓഫീസിലേക്ക് പുറപ്പെട്ടത്. ദില്ലി പൊലീസ് പല തവണ തടഞ്ഞെങ്കിലും അതൊന്നും കാര്യമാക്കാതെ രാഹുൽ മുന്നോട്ട് നടക്കുകയായിരുന്നു. 

ഒടുവിൽ ഇഡി ആസ്ഥാനത്ത് എത്തിയ രാഹുലിനെ മാത്രമായി ഇഡി ഉദ്യോഗസ്ഥർ വാഹനത്തിൽ കയറ്റി അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു. മറ്റെല്ലാ നേതാക്കളെയും പ്രവർത്തകരെയും നിരവധി വാഹനങ്ങൾ കൊണ്ടുവന്ന് ദില്ലി പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ചോദ്യം ചെയ്യൽ കഴിഞ്ഞ് രാഹുൽ പുറത്തിറങ്ങുന്നത് വരെ പ്രതിഷേധം തുടരുമെന്നും ഇത് രാഷ്ട്രീയപകപോക്കൽ മാത്രമാണെന്നും മുതിർന്ന നേതാക്കൾ പ്രതികരിച്ചു. 

Read More: എന്താണ് നാഷണൽ ഹെറാൾഡ് കേസ്? കേസിന് പിന്നിലെന്ത്?

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു