
ഉദയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂരിലെ ആഡംബര ഹോട്ടലിൽ 10 ദിവസം താമസിച്ച ഡൽഹിയിൽ നിന്നുള്ള നാലംഗ കുടുംബം 5.74 ലക്ഷം രൂപയുടെ ബിൽ അടച്ചില്ലെന്നു പരാതി. പ്രശസ്തമായ 'ദി ഒബറോയ് ഉദയ്‌വിലാസ് ഹോട്ടലിലാണ് സംഭവം. സംഭവത്തിൽ ഡൽഹി സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. ഡൽഹിയിൽ സ്വകാര്യ കമ്പനി ജീവനക്കാരനായ അനുരാഗ് യാദവും കുടുംബത്തിനെതിരെയാണ് കേസെടുത്തത്. ട്രാവൽ ഏജൻസി പണം നൽകുമെന്നാണ് കുടുംബം ഹോട്ടൽ അധികൃതരെ അറിയിച്ചത്. എന്നാൽ അതിനെക്കുറിച്ച് അറിയില്ലെന്ന് ഏജൻസി വ്യക്തമാക്കിയതോടെ ഹോട്ടൽ അധികൃതർ പൊലീസിനെ സമീപിക്കുകയായിരുന്നു.
ഓഗസ്റ്റ് 14 മുതൽ 23 വരെ 10 ദിവസമാണ് അനുരാഗും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബം ഹോട്ടലിൽ തങ്ങിയത്. താമസത്തോടൊപ്പം ഭക്ഷണവും മറ്റ് ആഡംബര സേവനങ്ങളും ഇവർ ഉപയോഗിച്ചിരുന്നു. ഓഗസ്റ്റ് 24-ന് ചെക്ക്-ഔട്ട് ചെയ്യുമ്പോൾ 5,74,000 രൂപയുടെ ബില്ലാണ് ഹോട്ടൽ മാനേജ്‌മെന്റ് ഇവർക്ക് നൽകിയത്. എന്നാൽ തുക നൽകാൻ അനുരാഗ് യാദവ് തയ്യാറായില്ല. താൻ ഒരു ട്രാവൽ ഏജൻസി വഴിയാണ് മുറി ബുക്ക് ചെയ്തതെന്നും, അവർ ബിൽ തുക അടയ്ക്കുമെന്നുമാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ ഇത്തരമൊരു കരാർ ഇല്ലെന്നും ബിൽ അടയ്ക്കാനുള്ള ഉത്തരവാദിത്തം തങ്ങൾക്കില്ലെന്നും 'മേക്കർ ബഹാ' എന്ന ബന്ധപ്പെട്ട ട്രാവൽ ഏജൻസി വ്യക്തമാക്കി.
ഇതോടെ ഹോട്ടലിന്റെ ലൈസൺ മാനേജരായ രവീന്ദ്ര സിംഗ് പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ ഉദയ്പൂരിലെ അംബമാതാ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു. അനുരാഗ് യാദവും ട്രാവൽ ഏജൻസിയും തമ്മിൽ ഒത്തുചേർന്ന് നടത്തിയ തട്ടിപ്പാണിതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടെ ബുക്കിംഗ് വിവരങ്ങളും സാമ്പത്തിക ഇടപാടുകളും കേന്ദ്രീകരിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam