
ഭാണ്ടൂപ്: ഭർത്താവുമായി വാക്കുതർക്കം. പത്താം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് 25കാരിയായ നവവധു. എന്നാൽ കെട്ടിട സമുച്ചയത്തിന്റെ പരിസരത്തുണ്ടായിരുന്ന മരത്തിന്റെ കൊമ്പുകളിൽ കുടുങ്ങിയ 26കാരിയെ അഗ്നിരക്ഷാ സേനയെത്തി രക്ഷിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ മുംബൈയിലെ ഭാണ്ടൂപിലാണ് സംഭവം. മരത്തിന്റെ കൊമ്പുകളിൽ കുടുങ്ങിക്കിടന്നതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് നടത്തിയ പരിശ്രമങ്ങൾക്കൊടുവിലാണ് പരിക്കുകളോടെ ഇവരെ രക്ഷപ്പെടുത്തിയത്.
പ്രതീക്ഷ ഹിരാവാലേ എന്ന 26കാരിയേയാണ് അഗ്നി രക്ഷാസേന ആത്മഹത്യാ ശ്രമത്തിനിടെ രക്ഷിച്ചത്. ലേക്ക് റോഡിലെ സൺഷൈൻ ബിൽഡിംഗിൽ നിന്നാണ് യുവതി താഴേയ്ക്ക് ചാടിയത്. എന്നാൽ തറയിൽ നിന്ന് 25 അടിയോളം ഉയരത്തിൽ യുവതി മരത്തിന്റെ ചില്ലയിൽ തങ്ങിനിൽക്കുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ വലത് കാലിന് പരിക്കേറ്റിട്ടുണ്ട്. യുവതിയെ ഭാണ്ടൂപിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് മാസം മുൻപായിരുന്നു യുവതിയുടെ വിവാഹം.
വിവാഹം കഴിഞ്ഞ് ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ കുടുംബത്തിനുള്ളിൽ വാക്കുതർക്കങ്ങളും അസ്വാരസ്യങ്ങളും ആരംഭിച്ചിരുന്നതായി പോലീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ദിവസം സമാനമായ രീതിയിൽ ഭർത്താവുമായി തർക്കമുണ്ടായതോടെയാണ് യുവതി ജീവനൊടുക്കാൻ ശ്രമം നടത്തിയത്. വലിയ ശബ്ദം കേട്ട് ഓടിയെത്തിയ പ്രദേശവാസികൾ യുവതി മരത്തിൽ കുടുങ്ങിക്കിടക്കുന്നത് കണ്ട് ഉടൻ തന്നെ പൊലീസിനെയും അഗ്നിരക്ഷാ സേനയെയും വിവരമറിയിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ച ഭണ്ഡുപ് പൊലീസ്, ഗാർഹിക പീഡനമോ മറ്റ് എന്തെങ്കിലും സമ്മർദ്ദങ്ങളോ സംഭവത്തിന് പിന്നിലുണ്ടോ എന്ന് കണ്ടെത്തുന്നതിനായി കുടുംബാംഗങ്ങളിൽ നിന്നും ഭർത്താവിൽ നിന്നും മൊഴിയെടുത്തിട്ടുണ്ട്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam