
ഡൽഹി: ഉപഭോക്താവ് നൽകിയ കീറിയ പത്ത് രൂപ നോട്ട് മാറ്റി നൽകാൻ ആവശ്യപ്പെട്ട ഫ്ലിപ്‌കാർട്ട് ഡെലിവറി പാർട്‌ണർ ക്രൂരമർദ്ദനത്തിനിരയായി, പിന്നാലെ ജീവനൊടുക്കി. കിഴക്കൻ ഡൽഹിയിലെ ഈസ്റ്റ് വിനോദ് നഗറിൽ താമസിക്കുന്ന സമീർ ഹുസൈൻ (24) ആണ് വിഷം കഴിച്ച് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. വിഷം കഴിക്കുന്നതിന് മുൻപ് താൻ നേരിട്ട ദുരനുഭവം വിവരിച്ച് യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ ദൃശ്യം വലിയ പ്രതിഷേധത്തിന് കാരണമായി. സമീറിനെ ആക്രമിച്ചെന്ന പരാതിയിൽ പ്രതികളായ റാംപാൽ സിംഗിനും കൊച്ചുമകൻ രാകേഷിനും എതിരെ പൊലീസ് കേസെടുത്തിരുന്നു. സമീർ ഹുസൈൻ മരിച്ചതോടെ ആത്മഹത്യാ പ്രേരണാക്കുറ്റം കൂടി ഇവർക്കെതിരെ പൊലീസ് ചുമത്തിയിട്ടുണ്ട്.
ഓക്ടോബർ 4-ന് രാത്രിയാണ് സംഭവം നടന്നത്. കാഷ് ഓൺ ഡെലിവറി ഓർഡറിന് ഉപഭോക്താവ് നൽകിയ പണം വാങ്ങിയപ്പോഴാണ് ഇതിൽ 10 രൂപയുടെ കീറിയ നോട്ടുള്ളത് സമീർ ഹുസൈൻ ശ്രദ്ധിച്ചത്. നോട്ട് മാറ്റി നൽകാൻ മാന്യമായാണ് അഭ്യർത്ഥിച്ചത്. എന്നാൽ ഉപഭോക്താവായ റാംപാൽ സിംഗ് (65) രോഷാകുലനായി. തുടർന്ന് സമീർ ഹുസൈനെ മുഖത്ത് മൂന്ന് വട്ടം അടിച്ചു. സ്ഥലത്തുണ്ടായിരുന്ന റാംപാൽ സിംഗിൻ്റെ കൊച്ചുമകൻ ബന്റി എന്ന് വിളിപ്പേരുള്ള രാകേഷും സമീർ ഹുസൈനെ മർദിച്ചു. ഇരുമ്പുവടി കൊണ്ടാണ് ക്രൂരമായി മർദിച്ചത്. നിരവധി പേർ നോക്കിനിൽക്കെയാണ് ഈ അക്രമം നടന്നതെങ്കിലും ആരും പ്രതികളെ തടഞ്ഞില്ല.
ആൾക്കൂട്ടം പരിഹസിക്കുക കൂടി ചെയ്തതോടെ കടുത്ത മനോവിഷമത്തിലായിരുന്നു സമീർ. താൻ അധ്വാനിച്ച് ജീവിക്കുന്ന ആളാണെന്നും ദാരിദ്ര്യം ഒരു കുറ്റമാണോയെന്നും ചോദിച്ചുകൊണ്ടാണ് സമീർ ഹുസൈൻ വിഷം കഴിക്കുന്നതിന് തൊട്ടുമുൻപ് വീഡിയോ ചിത്രീകരിച്ചത്. ഒക്ടോബർ 5-നാണ് ഇദ്ദേഹത്തെ വിഷം ഉള്ളിൽച്ചെന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിത്. 15 ദിവസത്തോളം ചികിത്സയിൽ കഴിഞ്ഞ യുവാവ് ഒക്ടോബർ 20-ന് മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam