ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതി മോടി പിടിപ്പിക്കാൻ 45 കോടി; ഗ്ലാസ് ഹൗസെന്ന് ബിജെപി, ന്യായീകരിച്ച് എഎപി

Published : Apr 27, 2023, 08:09 AM ISTUpdated : Apr 27, 2023, 08:12 AM IST
ദില്ലി മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വസതി മോടി പിടിപ്പിക്കാൻ 45 കോടി; ഗ്ലാസ് ഹൗസെന്ന് ബിജെപി, ന്യായീകരിച്ച് എഎപി

Synopsis

ഇന്റീരിയർ ഡെക്കറേഷനായി 11.3 കോടി രൂപയാണ് ചെലവാക്കിയത്. വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്ത മാർബിളിന് 6 കോടി രൂപ ചെലവാക്കി.

ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഔദ്യോ​ഗിക വസതി മോടി പിടിപ്പിക്കാൻ 44.78 കോടി ചെലവാക്കിയതായി റിപ്പോർട്ട്. 2020 നും 2022 നും ഇടയിലാണ് വീട് മോടി പിടിപ്പിക്കാൻ ദില്ലി സർക്കാർ ഇത്രയും പണം ചെലവാക്കിയത്. ഇറക്കുമതി ചെയ്ത മാർബിൾ, ഇന്റീരിയറുകൾ, ഇലക്ട്രിക്കൽ ഫിക്‌ചറുകൾ, ഉയർന്ന നിലവാരമുള്ള അടുക്കള ഉപകരണങ്ങൾ എന്നിവയ്ക്കായി പണം ചെലവഴിച്ചുവെന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇന്റീരിയർ ഡെക്കറേഷനായി 11.3 കോടി രൂപയാണ് ചെലവാക്കിയത്. വിയറ്റ്നാമിൽ നിന്ന് ഇറക്കുമതി ചെയ്ത മാർബിളിന് 6 കോടി രൂപ ചെലവാക്കി. ഇന്റീരിയർ ഡിസൈൻ കൺസൾട്ടൻസിക്ക് ഒരു കോടി രൂപ നൽകി. ഇലക്ട്രിക്കൽ, ഓട്ടോമാറ്റിക് സ്മാർട്ട് ലൈറ്റിംഗ്, അഗ്നിശമന സംവിധാനങ്ങൾ എന്നിവയ്ക്കായി 5.43 കോടി രൂപ ചെലവഴിച്ചു. ബിൽറ്റ്-ഇൻ ബാർബിക്യൂ ചാർക്കോൾ ഗ്രിൽ ഉൾപ്പെടെ അടുക്കളയിലെ വീട്ടുപകരണങ്ങൾക്ക് ₹1.1 കോടി രൂപയായി. തടികൊണ്ടുള്ള തറക്കും ഒരു കോടി രൂപ ചെലവായെന്ന് രേഖകളിൽ പറയുന്നു.

റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ എഎപിക്കെതിരെ വ്യാപകമായ വിമർശനമുയർന്നു. കൊവിഡ് കാലഘട്ടത്തിൽ സർക്കാറുകൾ ഫണ്ടിനായി ബുദ്ധിമുട്ടുന്ന സമയത്താണ് ഇത്രയും പണമുപയോ​ഗിച്ച് ദില്ലി മുഖ്യമന്ത്രി വീട് ആഡംബരം കൂ‌ട്ടി‌യതെന്ന് പ്രതിപക്ഷമായ ബിജെപി വിമർശിച്ചു. മുഖ്യമന്ത്രിയുടെ വസതി ​ഗ്ലാസ് ഹൗസ് ആണെന്നും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കണമെന്നും ദില്ലി ബിജെപി അധ്യക്ഷൻ സച്ച് ദേവ പറഞ്ഞു. അതേസമയം, മറുപടിയുമായി ആം ആദ്മി പാർട്ടിയും രം​ഗത്തെത്തി. മുഖ്യമന്ത്രിയുടെ വസതി മോശമായ അവസ്ഥ‌യിലായിരുന്നെന്നും സർക്കാർ സ്വത്തായി തുടരുകയാണെന്നും പറഞ്ഞു. സെൻട്രൽ വിസ്റ്റയുടെ ഭാഗമായി പ്രധാനമന്ത്രിക്കായി നിർമിക്കുന്ന പാർപ്പിട സമുച്ചയത്തിന്റെയും മറ്റ് നേതാക്കൾക്കുള്ള ഭവന നിർമ്മാണത്തിനായി ചെലാക്കുന്ന തുക എത്രയാണെന്നും എഎപി ചോദിച്ചു. 


1942ൽ നിർമ്മിച്ച ഈ വീട് ജീർണാവസ്ഥയിലായിരുന്നുവെന്ന് എഎപി അറിയിച്ചു. മുഖ്യമന്ത്രിയുടെ മാതാപിതാക്കളുടെ മുറിയുടെ സീലിംഗ് വീണതും മുഖ്യമന്ത്രിയുടെ കിടപ്പുമുറിയുടെ സീലിംഗ് തകർന്നതും ഓഫീസ് സീലിംഗ് തകർന്നതും ഉൾപ്പെടെ മൂന്ന് ഗുരുതരമായ സംഭവങ്ങൾക്ക് ശേഷം പൊതുമരാമത്ത് വകുപ്പ് പുതിയ വീട് നിർമിക്കാൻ ശുപാർശ ചെയ്തു. എന്നാൽ, പുതുക്കി പണിയാനാണ് സർക്കാർ തീരുമാനിച്ചത്. 36,268 ചതുരശ്ര അടി വിസ്തീർണമുള്ള പ്രധാനമന്ത്രിയുടെ പുതിയ വീടിന് മാത്രം 467 കോടി രൂപയാണ് എസ്റ്റിമേറ്റെന്ന് എഎപി തിരിച്ചടിച്ചു. തിയ വിമാനം വാങ്ങാൻ പ്രധാനമന്ത്രി 8,400 കോടി രൂപ ചെലവാക്കിയെന്നും എഎപി വിമർശിച്ചു. 

സുഡാനിൽ വെടിയേറ്റ് മരിച്ച മലയാളി ആൽബർട്ട് അഗസ്റ്റിൻ്റെ കുടുംബം ജിദ്ദയിലെത്തി; സ്വീകരിച്ച് മന്ത്രി വി മുരളീധരൻ

സർക്കാർ ബംഗ്ലാവും കാറും സുരക്ഷയും സ്വീകരിക്കില്ലെന്ന് കെജ്‌രിവാൾ പറഞ്ഞിരുന്നു. എന്നാൽ, മുഖ്യമന്ത്രിയായ ശേഷം എല്ലാ സൗകര്യങ്ങളും ഉപയോ​ഗിക്കുന്നു. ലാളിത്യം അവകാശപ്പെട്ടാണ് രാഷ്ട്രീയത്തിൽ വന്നത്. സത്യപ്രതിജ്ഞ ചെയ്യാൻ മെട്രോയിൽ വന്ന് താൻ ഒരു സാധാരണക്കാരനാണെന്ന് കാണിക്കാൻ ശ്രമിച്ചു. എന്നാൽ ഇപ്പോൾ വീട് മോടി പിടിപ്പിക്കാനായി മാത്രം 45 കോടിയാണ് അ​ദ്ദേഹം ചെലവാക്കിയതെന്ന് ബിജെപി കുറ്റപ്പെടുത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇൻഡിഗോ വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത് രാത്രി 8:40ന്, എത്തിയത് 9:24ന്, നിലത്തിറക്കിയതും ഭീഷണി സന്ദേശം; ഫ്ലൈറ്റ് സുരക്ഷിതമെന്ന് അധികൃതർ
ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്