ദില്ലി ആരോഗ്യമന്ത്രിക്ക് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് രണ്ടാം പരിശോധനയിൽ

By Web TeamFirst Published Jun 17, 2020, 8:07 PM IST
Highlights

രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. എന്നാൽ ശ്വാസ തടസ്സവും പനിയും തുടരുന്നതിനാലാണ് വീണ്ടും പരിശോധിച്ചത്.

ദില്ലി: ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയ്ന് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ടാം പരിശോധനയിലാണ് സത്യേന്ദർ ജെയ്ന് രോഗം സ്ഥിരീകരിച്ചത്. നിലവിൽ രാജീവ് ഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. എന്നാൽ, ശ്വാസ തടസ്സവും പനിയും തുടരുന്നതിനാലാണ് വീണ്ടും പരിശോധിച്ചത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ അമിത് ഷാ, അരവിന്ദ് കെജരിവാൾ, ദില്ലി ലഫ്.ഗവർണർ അടക്കമുള്ളവരുമായി ഇദ്ദേഹം കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ദില്ലിയിൽ ആം ആദ്മി പാർട്ടി എംഎൽഎ അതിഷി മർലെനയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു‌. നേരിയ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് എംഎൽഎ പരിശോധനയ്ക്ക് വിധേയയായത്. കൽക്കാജി മണ്ഡലത്തിലെ എംഎൽഎയായി അതിഷി വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുന്നിൽ തന്നെയുണ്ടായിരുന്ന അതിഷി വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ ആശംസിച്ചു.

അതിനിടെ, കൊവിഡ് ചികിത്സാ പ്രതിസന്ധിയുടെ പേരില്‍ ദില്ലി സര്‍ക്കാരിനെ സുപ്രീംകോടതി വീണ്ടും വിമര്‍ശിച്ചു. സത്യം പുറത്തുവരാതിരിക്കാന്‍ ഡോക്ടര്‍മാരടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരെ സര്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. അതിനിടെ, നേരത്തെ പുറത്തുവിടാതിരുന്ന കണക്കുകള്‍ പുറത്തുവന്നതോടെ ദില്ലിയിലെ കൊവിഡ് മരണം 1837 ആയി ഉയര്‍ന്നു.

click me!