ജാമിയ മിലിയയിലെ ഐഎഎസ് പരിശീലന ക്ലാസുകളെ അധിഷേപിച്ചുള്ള ടിവി പരിപാടിക്ക് സ്റ്റേ

By Web TeamFirst Published Aug 28, 2020, 9:12 PM IST
Highlights

യുപിഎസ്സി ജിഹാദി എന്ന ഹാഷ്ടാഗോടെ പുറത്തിറങ്ങിയ പരിപാടിയുടെ പ്രമോയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.സുദര്‍ശന്‍ ചാനലിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവ്ഹാങ്കേയായിരുന്നു പ്രമോ പങ്കുവച്ചത്. ഓഗസ്റ്റ് 26നാണ് സംപ്രേക്ഷണം ചെയ്യാന്‍ പോകുന്ന തന്റെ പരിപാടിയുടെ ട്രെയിലര്‍ എന്ന വിശേഷണത്തോടെയായിരുന്നു ട്വീറ്റ്. 

സിവില്‍ സര്‍വ്വീസിലെ മുസ്ലിം നുഴഞ്ഞുകയറ്റം വെളിച്ചപ്പെടുത്തുന്നുവെന്ന രീതിയില്‍ പ്രക്ഷേപണം ചെയ്യുന്ന പരിപാടിക്ക് സ്റ്റേ അനുവദിച്ച് ദില്ലി ഹൈക്കോടതി. സുദര്‍ശന്‍ ന്യൂസ് ചാനലിന്‍റെ എക്സ്പോസ് ഓണ്‍ദി ഇന്‍ഫില്‍റ്ററേഷന്‍ ഓഫ് മുസ്ലിംസ് ഇന്‍ ദി സിവില്‍ സര്‍വ്വീസ് എന്ന പരിപാടിയുടെ സംപ്രേക്ഷണത്തിനാണ് സ്റ്റേ അനുവദിച്ചിട്ടുളളത്. ദില്ലി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജസ്റ്റിസ് നവീന്‍ ചാവ്ളയാണ് സ്റ്റേ അനുവദിച്ചത്. ജാമിയ മിലിയ ഇസ്ലാമിയയിലെ വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. 

യുപിഎസ്സി ജിഹാദ് എന്ന ഹാഷ്ടാഗോടെ പുറത്തിറങ്ങിയ പരിപാടിയുടെ പ്രമോയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു.സുദര്‍ശന്‍ ചാനലിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫ് സുരേഷ് ചാവ്ഹാങ്കേയായിരുന്നു പ്രമോ പങ്കുവച്ചത്. ഓഗസ്റ്റ് 26നാണ് സംപ്രേക്ഷണം ചെയ്യാന്‍ പോകുന്ന തന്റെ പരിപാടിയുടെ ട്രെയിലര്‍ എന്ന വിശേഷണത്തോടെയായിരുന്നു ട്വീറ്റ്. ഇതില്‍ സിവില്‍ സര്‍വ്വീസുകളിലെ മുസ്ലിം നുഴഞ്ഞുകയറ്റം വെളിപ്പെടുത്തുമെന്നായിരുന്നു അവകാശവാദം. ജാമിയ മിലിയ ഇസ്ലാമിയയിലെ ഐഎഎസ് ക്ലാസുകളില്‍ പരിശീലനം നേടി യുപിഎസ്സി റാങ്ക് പട്ടികയില്‍ ഇടം നേടുന്ന പരീക്ഷാര്‍ത്ഥികളെ ജാമിയയിലെ ജിഹാദി എന്നായിരുന്നു സുരേഷ് ചാവ്ഹാങ്കേ വിശേഷിപ്പിച്ചത്. 

ഇതിനെതിരേയാണ് ജാമിയയിലെ വിദ്യാര്‍ഥികള്‍ വ്യാഴാഴ്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്ത് എഴുതിയിരുന്നു. സര്‍വ്വകലാശാലയെ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന സുദര്‍ശന്‍ ന്യൂസ് ചാനലിനും അതിന്‍റെ എഡിറ്റര്‍ക്കുമെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു കത്ത്. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ കോടതിയെ സമീപിച്ചതെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത്തരം പരാമര്‍ശങ്ങളെ പരിഗണിക്കുന്നില്ലെന്നാണ് ജാമിയ വിസി നജ്മ അക്തര്‍ പറയുന്നത്. അനാവശ്യ പ്രാധാന്യം സംഭവത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ല.  യുപിഎസ്സി റാങ്ക് പട്ടികയില്‍ ഇടം നേടിയ ഇവിടെ നിന്നുള്ള 30 പേരില്‍ 16 മുസ്ലിം, 14 ഹിന്ദു വിദ്യാര്‍ഥികളാണുള്ളത്. ഇവരെയെല്ലാവരേയുമാണ് പരിപാടിയില്‍ ജിഹാദി എന്ന് വിളിച്ചത്. അതിനര്‍ത്ഥം 16 മുസ്ലിം ജിഹാദിയും 14 ഹിന്ദു ജിഹാദിയുമാണ് എന്നല്ലേ. ഇന്ത്യ ജിഹാദി എന്നതിന് മതേതര സ്വഭാവമുള്ള വ്യാഖ്യാനം നല്‍കിയെന്നാണ് കരുതുന്നതെന്നും നജ്മ അക്തര്‍ ദി ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചത്. 

എന്നാല്‍ ജാമിയയിലെ പരിശീലന കേന്ദ്രത്തില്‍ നിന്ന് റാങ്ക് പട്ടികയില്‍ ഇടം നേടിയവരില്‍ മറ്റ് വിഭാഗത്തില്‍ നിന്നുള്ളവരുണ്ടോയെന്ന് അറിയില്ലെന്നും സിവില്‍ സര്‍വ്വീസില്‍ മുസ്ലിം വിഭാഗത്തില്‍ നിന്ന് സിവില്‍ സര്‍വ്വീസിലെത്തുന്നവര്‍ക്ക് മറ്റ് രീതിയിലെ സഹായം ലഭിക്കുന്നുണ്ടെന്നാണ് താന്‍ പറയുന്നത്. ഇസ്ലാമിക് പഠനങ്ങളും ഉര്‍ദു ഭാഷയും അവര്‍ക്ക് സഹായമാകുന്നുണ്ടെന്നാണ് വിവദങ്ങളേക്കുറിച്ച് സുരേഷ് ചാവ്ഹാങ്കേ പ്രതികരിക്കുന്നത്.

click me!