എച്ച്‍ഡിഎഫ്സി ബാങ്കിനുള്ളിൽ ജാതിപ്പേര് പറഞ്ഞ് ആക്രോശിക്കുന്ന റിലേഷൻഷിപ്പ് മാനേജർ ആസ്ത സിംഗിന്റെ വീഡിയോ വൈറലായി. എന്നാൽ, താൻ ഉപഭോക്താവിനോടല്ല, ഭീഷണിപ്പെടുത്തിയ സഹപ്രവർത്തകയുടെ ഭർത്താവിനോടാണ് പ്രതികരിച്ചതെന്ന് അവർ വിശദീകരിച്ചു. 

കാൺപൂർ: ബാങ്കിനുള്ളിൽ ജാതിപ്പേര് പറഞ്ഞ് ആക്രോശിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണവുമായി എച്ച്‍ഡിഎഫ്സി ബാങ്ക് റിലേഷൻഷിപ്പ് മാനേജരായ ആസ്ത സിംഗ്. താൻ ജാതീയമായി പെരുമാറിയെന്ന രീതിയിലുള്ള പ്രചാരണം തെറ്റാണെന്നും വീഡിയോ പൂർണ്ണമല്ലെന്നും അവർ അവകാശപ്പെട്ടു. വീഡിയോയിൽ താൻ തട്ടിക്കയറുന്നത് ബാങ്കിലെ ഒരു ഉപഭോക്താവിനോടല്ല, മറിച്ച് അവിടെ ജോലി ചെയ്തിരുന്ന മറ്റൊരു സ്ത്രീയുടെ ഭർത്താവിനോടാണെന്ന് ആസ്ത പറഞ്ഞു. ജനുവരി ആറിന് നടന്ന സംഭവമാണിതെന്നും അവർ വ്യക്തമാക്കി.

ജോലി രാജിവെച്ച ഒരു ജീവനക്കാരി അന്നുതന്നെ റിലീവിംഗ് ലെറ്റർ വേണമെന്ന് ആവശ്യപ്പെട്ടതിനെച്ചൊല്ലിയാണ് തർക്കം തുടങ്ങിയത്. ബാങ്ക് ജോലിക്ക് ശേഷം ഓഫീസിനുള്ളിൽ അതിക്രമിച്ചു കയറിയ ആ ജീവനക്കാരിയുടെ ഭർത്താവ് തന്നോട് മോശമായി പെരുമാറിയെന്ന് ആസ്ത ആരോപിക്കുന്നു. "നീ ഏത് ജാതിക്കാരിയാണ്? നിനക്ക് എന്തിനാണ് ഇത്ര അഹങ്കാരം? നിന്നെ ഞാൻ പാഠം പഠിപ്പിക്കും" എന്നിങ്ങനെ അയാൾ ഭീഷണിപ്പെടുത്തിയപ്പോഴാണ് താൻ ഒരു താക്കൂറാണെന്നും തന്നെ പേടിപ്പിക്കാൻ നോക്കേണ്ടെന്നും മറുപടി നൽകിയതെന്ന് ആസ്ത വിശദീകരിച്ചു.

പൊതുസേവനത്തിന് ഇരിക്കുമ്പോൾ വാക്കുകൾ ശ്രദ്ധിക്കണമെന്നത് ശരിയാണ്. എന്നാൽ തന്നെ പാഠം പഠിപ്പിക്കുമെന്ന് ഒരാൾ വന്ന് ഭീഷണിപ്പെടുത്തിയാൽ അത് സഹിക്കില്ലെന്നും തന്‍റെ ജാതിയിൽ താൻ അഭിമാനിക്കുന്നുവെന്നും പറഞ്ഞാണ് അവർ വീഡിയോ അവസാനിപ്പിച്ചത്. വീഡിയോയിൽ സഹപ്രവർത്തകർ ആസ്തയെ ശാന്തയാക്കാൻ ശ്രമിക്കുന്നത് കാണാമായിരുന്നു. എന്നാൽ "താക്കൂർ ഹൂ മേ, എന്നോട് കളിക്കാൻ നിൽക്കണ്ട" എന്ന് അവർ ആവർത്തിക്കുന്നത് ജാതിയുടെ പേരിൽ ഭീഷണിപ്പെടുത്തുന്നതിന് തുല്യമാണെന്നായിരുന്നു സോഷ്യൽ മീഡിയയിലെ വിമർശനം. ഈ സംഭവത്തിൽ ബാങ്ക് അധികൃതർ ഇതുവരെ ഔദ്യോഗിക നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.

വീഡിയോ പ്രചരിച്ചതോടെ ബാങ്ക് ജീവനക്കാരുടെ പ്രൊഫഷണലിസത്തെ ചോദ്യം ചെയ്ത് നിരവധി പേർ രംഗത്തെത്തി. തൊഴിലിടങ്ങളിൽ ഇത്തരം ജാതീയ അഹങ്കാരം അനുവദിക്കരുതെന്ന് സാമൂഹിക മാധ്യമങ്ങളിൽ പ്രതികരണമുണ്ടായി. എച്ച് ഡി എഫ് സി ബാങ്കിനെ ടാഗ് ചെയ്ത്, ജീവനക്കാരിക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.