
ദില്ലി: ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് താമസിക്കുന്ന സ്ത്രീയ്ക്ക് വിവാഹ മോചനം അനുവദിച്ച് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാവുന്നു. സ്ത്രീയുടെ ചാരിത്ര്യശുദ്ധിക്കെതിരായ ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ വലിയ ക്രൂരതയില്ലെന്ന നിരീക്ഷണത്തോടെയാണ് കോടതിയുടെ തീരുമാനം. ദില്ലി ഹൈക്കോടതിയാണ് വിവാഹ മോചനം അനുവദിച്ച് സുപ്രധാന നിരീക്ഷണങ്ങള്‍ നടത്തിയത്. സാമ്പത്തിക സ്ഥിരതയില്ലാത്ത അവസ്ഥ എപ്പോഴും ആകുലതകള്‍ക്ക് കാരണം ആകും. ഭര്‍ത്താവിന് സാമ്പത്തിക സ്ഥിരതയില്ലാതെ വരുന്നത് ഭാര്യക്ക് സ്ഥിരമായി മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാവുന്നതിന് കാരണമാകുന്നുവെന്നും കോടതി വിശദമാക്കി.
മാനസിക ബുദ്ധിമുട്ടുണ്ടാക്കി എന്നതിനെ പല രീതിയില്‍ നിര്‍വ്വചിക്കാം എന്ന് വിശദമാക്കിയാണ് കോടതിയുടെ നിരീക്ഷണം. കോടതി പരിഗണിച്ച കേസില്‍ ഭാര്യ ജോലി ചെയ്യുകയും ഭര്‍ത്താവ് തൊഴില്‍ രഹിതനുമാണ്. ഇത് ഇരുവര്‍ക്കും ഇടയില്‍ വലിയ രീതിയിലുള്ള സാമ്പത്തിക പരമായ വിടവും അസമത്വവും സൃഷ്ടിക്കും. ഇത് ഭര്‍ത്താവിന് പരാജിതനാണെന്ന തോന്നലുപോലും സൃഷ്ടിക്കുന്നുവെന്നും കോടതി നിരീക്ഷിച്ചു. ഉപേക്ഷിക്കലിനും ക്രൂരതയും അടിസ്ഥാനമാക്കി വിവാഹ മോചനം അനുവദിക്കാനാവില്ലെന്ന കുടുംബ കോടതിയുടെ ഉത്തരവിനെതിരെയാണ് യുവതി കോടതിയെ സമീപിച്ചത്. ഭര്‍തൃ സഹോദരനും മറ്റ് നിരവധി പേരുമായി ബന്ധപ്പെടുത്തി വിവാഹേതര ബന്ധം അടക്കമുള്ള നിരവധി ആരോപണങ്ങളാണ് ഭര്‍ത്താവ് യുവതിക്കെതിരെ നടത്തിയത്. എന്നാല്‍ അലസമായി പറഞ്ഞ കാര്യങ്ങളാണ് യുവതി ഗുരുതരമായി എടുത്തതെന്നായിരുന്നു ഭര്‍ത്താവ് കോടതി അറിയിച്ചത്.
ഇതിലാണ് ചാരിത്ര്യശുദ്ധിക്കെതിരായ ദുരാരോപണങ്ങൾ ഉന്നയിക്കുന്നതിനേക്കാൾ വലിയ ക്രൂരതയില്ലെന്ന് ദില്ലി ഹൈക്കോടതി വിശദമാക്കിയത്. ജസ്റ്റിസ് സുരേഷ് കുമാര്‍ കെയ്റ്റ്, നീന ബന്‍സല്‍ കൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചിന്റെതാണ് തീരുമാനം. 1996 ഡിസംബറിലാണ് ക്രൂരതയുടെ പശ്ചാത്തലത്തില്‍ യുവതി മാറി താമസിച്ചത് 1989ല്‍ വിവാഹിതരായ ഇവര്‍ക്ക് കുട്ടികള്‍ ഇല്ല. ദില്ലി സര്‍വ്വകലാശാലയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഭര്‍ത്താവിന് വിവാഹ സമയത്ത് ജോലിയുണ്ടായിരുന്നുവെന്നും പതിനായിരം രൂപ മാസ വരുമാനമുണ്ടായിരുന്നുവെന്നും അവകാശപ്പെട്ടായിരുന്നു വിവാഹാലോചന വന്നത്. എന്നാല്‍ വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവ് ബിരുദം പോലും പൂര്‍ത്തിയാക്കിയിട്ടില്ലെന്നും തൊഴില്‍ ചെയ്യാന്‍ താല്‍പര്യമില്ലാത്ത ആളാണെന്നും വ്യക്തമായത്.
അമ്മ നല്‍കുന്ന പണം ഉപയോഗിച്ച് ജീവിതം മുന്നോട്ട് പോകുന്നതായിരുന്നു ഇയാളുടെ രീതി. ഭാര്യ വിവാഹത്തിന് മുന്‍പുണ്ടായിരുന്ന ജോലി ഉപേക്ഷിക്കാത്തതും ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിന് കാരണമായിരുന്നുവെന്നാണ് പരാതിക്കാരി വിശദമാക്കിയത്. 27 വര്‍ഷമായി പിരിഞ്ഞ് താമസിക്കുന്നത് തന്നെ ബന്ധത്തില്‍ തുടരാന്‍ ഇവര്‍ക്ക് താല്‍പര്യമില്ലെന്നത് വ്യക്തമാക്കുന്നുവെന്ന് വിശദമാക്കി ദില്ലി ഹൈക്കോടതി സ്ത്രീയ്ക്ക് വിവാഹ മോചനം അനുവദിച്ച് നല്‍കുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam