നിങ്ങൾ ഏത് ലോകത്താണ്? കൊവിഡ് പ്രതിരോധത്തിൽ കേന്ദ്രത്തിനെതിരെ ദില്ലി ഹൈക്കോടതി

By Web TeamFirst Published May 4, 2021, 8:48 PM IST
Highlights

''നിങ്ങൾക്ക് നിങ്ങളുടെ തല ഒട്ടകപക്ഷിയെ പോലെ മണലിൽ പൂഴ്ത്താം. എന്നാൽ ഞങ്ങൾക്ക് ആവില്ല. നിങ്ങൾ ഇപ്പോഴും ചില്ലുകൂട്ടിലാണോ കഴിയുന്നത്' എന്നും കോടതി...

ദില്ലി: ദില്ലിക്ക് ആവശ്യമായ ഓക്സിജൻ നൽകണമെന്ന ദില്ലി ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാൻ കഴിയാത്ത കേന്ദ്രത്തെ ശക്തമായ ഭാഷയിൽ വിമർശിച്ച് കോടതി. എന്ത് തന്നെ ആയാലും ദില്ലിക്ക് ആവശ്യമായ ഓക്സിജൻ എത്തിക്കണമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഉത്തരവന് നടപ്പിലാക്കാത്തതിനെതിരെ കോടതിയലക്ഷ്യക്കേസ് എടുക്കാതിരിക്കാൻ എന്താണ് കാരണമുള്ളതെന്നും കോടതി ചോദിച്ചു.

നിങ്ങൾക്ക് നിങ്ങളുടെ തല ഒട്ടകപക്ഷിയെ പോലെ മണലിൽ പൂഴ്ത്താം. എന്നാൽ ഞങ്ങൾക്ക് ആവില്ല. നിങ്ങൾ ഇപ്പോഴും ചില്ലുകൂട്ടിലാണോ കഴിയുന്നതെന്നും കോടതി ചോദിച്ചു. ‌മെയ് മൂന്ന് അ‍ർദ്ധരാത്രിക്കുള്ളിൽ ദില്ലിക്ക് ആവശ്യമായ അളവിലുള്ള ഓക്സിജൻ നൽകണമെന്ന് ഏപ്രിൽ 30ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് ദില്ലി ഹൈക്കോടതിയുടെ വിമ‍ർശനം. 

490 മെട്രിക് ടൺ പോരാ, ​ദില്ലിക്ക് 700 മെട്രിക് ടൺ ഓക്സിജൻ തന്നെ നൽകണമെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടിരുന്നത്. "തലയ്ക്ക് മുകളിൽ പ്രളയമാണ്. നിങ്ങൾ ഇപ്പോൾ എല്ലാം ക്രമീകരിക്കണം. നിങ്ങൾ അത് നിറവേറ്റണം. എട്ട് ജീവൻ നഷ്ടപ്പെട്ടു. ഞങ്ങൾക്ക് ഇതിൽ കണ്ണടയ്ക്കാൻ കഴിയില്ല," ജസ്റ്റിസ് വിപിൻ സംഘിയും രേഖ പല്ലിയും വ്യക്തമാക്കി. 
 

click me!