'ഫിലിപ്പോ ഒസെല്ലയെ എന്തിന് കേരളത്തിൽ നിന്ന് മടക്കി അയച്ചു'; കേന്ദ്രത്തോട് റിപ്പോർട്ട് തേടി ദില്ലി ഹൈക്കോടതി

Published : Aug 22, 2022, 06:23 PM ISTUpdated : Aug 22, 2022, 06:29 PM IST
'ഫിലിപ്പോ ഒസെല്ലയെ എന്തിന് കേരളത്തിൽ നിന്ന് മടക്കി അയച്ചു'; കേന്ദ്രത്തോട് റിപ്പോർട്ട് തേടി ദില്ലി ഹൈക്കോടതി

Synopsis

കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഫിലിപ്പോ ഒസെല്ലയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയും തിരിച്ചയക്കുകയും ചെയ്തത്.

ദില്ലി: അന്തർ ദേശീയ നരവംശ ശാസ്ത്രജ്ഞൻ ഫിലിപ്പോ ഒസെല്ലയെ കേരളത്തിൽ നിന്ന് മടക്കി അയച്ച സംഭവത്തിൽ കേന്ദ്രത്തേോട് റിപ്പോർട്ട് തേടി ദില്ലി ഹൈക്കോടതി.  നടപടിക്കെതിരായ ഫിലിപ്പോ ഒസെല്ല നൽകിയ ഹർജിയിൽ ദില്ലി ഹൈക്കോടതി ജഡ്ജി യശ്വന്ത് വെർമ്മ അധ്യക്ഷനായ ബെഞ്ചാണ് റിപ്പോർട്ട് തേടിയത്.  ഒരു മാസത്തിനകം കേന്ദ്രം മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി.

വിസയും ഗവേഷണത്തിനുള്ള അനുമതിയും അടക്കം എല്ലാ രേഖകളുമുണ്ടായിട്ടും തന്നെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് തിരികെ അയച്ച നടപടി റദ്ദാക്കണമെന്നും തിരികെ ഇന്ത്യയിൽ എത്തി ഗവേഷണത്തിന്  അനുമതി നൽകണമെന്നും കാട്ടിയാണ് ഫിലിപ്പോ ഒസെല്ലെ ദില്ലി ഹൈക്കോടതിയെ സമീപിച്ചത്. അഭിഭാഷകരായ കുര്യാക്കോസ് വർഗീസ്, ശ്യാം മോഹൻ എന്നിവരാണ് ഫിലിപ്പോ ഒസെല്ലയ്ക്കായി ഹാജരായത്. തിരുവനന്തപുരത്ത് നടന്ന സംഭവമായതിനാൽ വിശദമായ റിപ്പോർട്ട് നൽകാൻ സമയം വേണമെന്ന കേന്ദ്ര ആവശ്യം കണക്കിലെടുത്താണ് കോടതി ഒരു മാസത്തെ സമയം നീട്ടി സർക്കാരിന് നൽകിയത്.

കഴിഞ്ഞ മാർച്ചിലാണ് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഫിലിപ്പോ ഒസെല്ലയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടയുകയും തിരിച്ചയക്കുകയും ചെയ്തത്. റിസർച് വീസയിലാണ് ഫിലിപ്പോ കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് മത്സ്യത്തൊഴികളെ കുറിച്ചുള്ള ഒരു ഗവേഷണ കോൺഫറൻസിൽ പങ്കെടുക്കാനായിരുന്നു യാത്ര. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്നും കാരണം വ്യക്തമാക്കാൻ കഴിയില്ലെന്നും എഫ്ആർആർഒ അധികൃതർ നൽകിയ വിശദീകരണം. സംഭവം കേരളത്തിൽ വലിയ ചർച്ചയായിരുന്നു.

ഫിലിപ്പോ ഒസെല്ലയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ഒരു കാരണവും വ്യക്തമാക്കാതെ തിരികെ അയച്ച കേന്ദ്ര സർക്കാർ നടപടിക്കെതിരെ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അടക്കം രംഗത്ത് വന്നിരുന്നു. കേന്ദ്രത്തിന്‍റെ നടപടി അനീതിയാണെന്നും പ്രതിഷേധാർഹമാണെന്നും കോടിയേരി അഭിപ്രായപ്പെട്ടു. തിരിച്ചയക്കാനുള്ള കാരണം വ്യക്തമാക്കാനോ അത് അദ്ദേഹത്തെ ബോധിപ്പിക്കാനോ വിമാനത്താവള അധികൃതർ തയാറായിരുന്നില്ലെന്ന് ചൂണ്ടികാട്ടിയ കോടതി കേന്ദ്ര നടപടിയുടെ കാരണമെന്താണെന്ന് വ്യക്തമാക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Read More : മുഖ്യമന്ത്രിക്കെതിരായ വിധി സഭയ്ക്ക് പരിശോധിക്കാം? ലോകായുക്ത നിയമഭേദഗതിയിൽ സമവായ നിര്‍ദേശം

ഇംഗ്ലണ്ടിലെ ഫാല്‍മര്‍ പ്രദേശത്ത് 1959ല്‍ സ്ഥാപിച്ച സസക്‌സ് സര്‍വ്വകലാശാലയിലെ നരവംശശാസ്ത്ര ദക്ഷിണേഷ്യന്‍ പഠന വിഭാഗം പ്രൊഫസറാണ് ഫിലിപ്പോ ഒസെല്ല. നരവംശശാസ്ത്രത്തില്‍ ഇന്റര്‍നാഷണല്‍ ഡെവലപ്പ്‌മെന്റ്, കള്‍ച്ചറല്‍ സ്റ്റഡീസ്, ഗ്ലോബല്‍ സ്റ്റഡീസ് എന്നീ മേഖലകളിലും അദ്ദേഹം ഗവേഷണം ചെയ്യുന്നുണ്ട്. കേരളത്തിന്റെ സാമൂഹികസാംസ്‌കാരിക മാറ്റങ്ങളെ കുറിച്ച് കഴിഞ്ഞ 30 വര്‍ഷമായി ഗവേഷണം ചെയ്യുന്ന വ്യക്തി കൂടിയാണ് ഫിലിപ്പോ ഒസെല്ല. ഗവേഷണത്തിന്റെ ഭാഗമായി നിരവധി തവണ അദ്ദേഹം കേരളം സന്ദര്‍ശിച്ചിട്ടുണ്ട്. 1980കള്‍ മുതല്‍ കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ഒസെല്ല. മലയാളികളുടെ ജീവിതം, ബന്ധങ്ങള്‍, ശീലങ്ങള്‍, പരിഷ്‌കാരങ്ങള്‍ എന്നിവയെ പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.

PREV
click me!

Recommended Stories

അങ്ങനെ വിടില്ല, ശക്തമായി കടുപ്പിച്ച് കേന്ദ്രം, 'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർക്കണം', ഇൻഡിഗോയ്ക്ക് നിർദ്ദേശം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ