
ദില്ലി: ഐടി നിയമം പാലിക്കാൻ ട്വിറ്റർ തയ്യാറാവണമെന്ന് ദില്ലി ഹൈക്കോടതി. നിയമം ഉണ്ടെങ്കിൽ അതു പാലിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ദില്ലി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസർക്കാർ കൊണ്ടു വന്ന പുതിയ ഡിജിറ്റൽ ഗൈഡ് ലൈൻ നടപ്പാക്കാൻ ട്വിറ്റർ തയ്യാറാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഒരു അഭിഭാഷകൻ സമർപ്പിച്ച ഹർജിയിലാണ് ദില്ലി ഹൈക്കോടതിയിൽ നിന്നും ഈ പരാമർശമുണ്ടായത്. അതേസമയം പുതിയ പരിഷ്കാരങ്ങളുമായി തങ്ങൾ സഹകരിക്കുന്നുണ്ടെന്നും ഈ മാസം 28-ന് റെസിഡൻ്റ് ഗ്രിവൻസ് ഉദ്യോഗസ്ഥരെ നിയമിച്ചതായും ട്വിറ്റർ കോടതിയെ ബോധിപ്പിച്ചു. ഹർജി ജൂലൈ ആറിന് പരിഗണിക്കാനായി ദില്ലി ഹൈക്കോടതി വീണ്ടും മാറ്റിവച്ചു.
ഫെബ്രുവരി 25-നാണ് കേന്ദ്ര വാർത്താവിനിമയമന്ത്രാലയവും നിയമമന്ത്രാലയവും ചേർന്ന് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കായി പുതിയ ഗൈഡ് ലൈൻ കൊണ്ടു വന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളടക്കം എല്ലാ സ്ഥാപനങ്ങളും ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കാനും തുടർനടപടി സ്വീകരിക്കാനുമായി പ്രത്യേക പരാതി പരിഹാരസെൽ കൊണ്ടു വരണമെന്ന് പുതിയ ചട്ടത്തിലുണ്ട്. ഇന്ത്യക്കാരായെ ഉദ്യോഗസ്ഥരെ വേണം ഈ പദവിയിൽ വിന്യസിക്കാനെന്നും നിയമത്തിൽ പറയുന്നു. ഈ പരിഷ്കാരം നടപ്പാക്കുന്നതിനെ ചൊല്ലി ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ ഭിന്നത ശക്തമാണ്.
ഇതിനിടെ പോക്സോ നിയമം ലംഘിച്ചതിന് ട്വിറ്ററിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു . ദേശീയ ബാലാവകാശ കമ്മീഷന്‍റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പോക്സോ നിയമം ലംഘനം , തെറ്റായ വിവരം കൈമാറല്‍ തുടങ്ങിയവയാണ് ട്വിറ്ററിനെതിരായ പരാതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam