വിലനിർണ്ണയം കേന്ദ്രം ഏറ്റെടുക്കണം; വാക്സീൻ നയത്തിൽ വീണ്ടും കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി

By Web TeamFirst Published May 31, 2021, 1:33 PM IST
Highlights

പകുതി വാക്സീൻ സംസ്ഥാനങ്ങളും സ്വകാര്യ കേന്ദ്രങ്ങളും വാങ്ങട്ടെ എന്ന് എന്തുകൊണ്ട് തീരുമാനിച്ചു എന്ന് കോടതി ചോദിച്ചു. വിലനിർണ്ണയം കമ്പനികൾക്ക് നൽകരുത്. രാജ്യമാകെ വാക്സീന് ഒറ്റ വില നിർണ്ണയിച്ച് ഇത് സർക്കാർ ഏറ്റെടുക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു

ദില്ലി: വാക്സീൻ നയത്തിൽ വീണ്ടും കേന്ദ്ര സർക്കാരിനെ വിമർശിച്ച് സുപ്രീം കോടതി. വാക്സീൻ വിലനിർണ്ണയം കേന്ദ്രം ഏറ്റെടുക്കണം എന്ന നിർദ്ദേശം സുപ്രീംകോടതി ആവർത്തിച്ചു. 18 മുതൽ 45 ഇടയിലുള്ളവർക്ക് വാക്സീൻ നല്‍കുന്നതില്‍ നിന്ന് കേന്ദ്രം ഒഴിഞ്ഞു മാറരുതെന്നാണ് സുപ്രീം കോടതിയുടെ നിർദ്ദേശം. സ്വമേധയ എടുത്ത കേസ് പരിഗണിക്കുമ്പോഴായിരുന്നു വിമർശനം. 45 വയസിന് മുകളിലുള്ളവരുടെ വാക്സീൻ പോലെ മറ്റ് വിഭാഗങ്ങൾക്കായും വാക്സീൻ കേന്ദ്രം നേരിട്ട് കമ്പനികളിൽ നിന്ന് വാങ്ങാൻ ശ്രമിക്കണമെന്നാണ് കോടതി പറയുന്നത്.

പകുതി വാക്സീൻ സംസ്ഥാനങ്ങളും സ്വകാര്യ കേന്ദ്രങ്ങളും വാങ്ങട്ടെ എന്ന് എന്തുകൊണ്ട് തീരുമാനിച്ചു എന്ന് കോടതി ചോദിച്ചു. വിലനിർണ്ണയം കമ്പനികൾക്ക് നൽകരുത്. രാജ്യമാകെ വാക്സീന് ഒറ്റ വില നിർണ്ണയിച്ച് ഇത് സർക്കാർ ഏറ്റെടുക്കണമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. കൊവിൻ ആപ്പിലെ രജിസ്ട്രേഷന് കുടിയേറ്റ തൊഴിലാളികൾ ഉൾപ്പടെ പലർക്കും കഴിയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഡിസംബറോടെ എല്ലാവർക്കും വാക്സീൻ നൽകാനാവും എന്നാണ് സോളസിറ്റർ ജനറൽ കോടതിയെ അറിയിച്ചത്. 

അതിനിടെ രണ്ട് വാക്സീൻ ഡോസുകൾക്കിടയിലെ ഇടവേള വീണ്ടും മാറ്റേണ്ടതുണ്ടോ എന്ന് കേന്ദ്രം ആലോചിക്കുകയാണ്. വാക്സീൻ ഒറ്റ ഡോസ് മതിയാകുമോ എന്ന പഠനവും ഓഗസ്റ്റോടെ പൂർത്തിയാക്കാൻ കേന്ദ്രം തീരുമാനിച്ചു. കൊവിഷീൽഡ്, കൊവാക്സിൻ എന്നീ വാക്സീൻ ഡോസുകൾക്കിടയിലെ ഇടവേള നാലു മുതൽ എട്ടാഴ്ച എന്നായിരുന്നു ആദ്യ ധാരണ. എന്നാൽ  കൊവിഷീൽഡ് ഡോസ് നൽകാനുള്ള ഇടവേള പിന്നീട് 12 മുതൽ 16 ആഴ്ച വരെ ആക്കി. കൊവാക്സിന് പഴയ ഇടവേള തുടർന്നു. 

എല്ലാ വാക്സീനുകളുടെ കാര്യത്തിലും ഇടവേള എത്ര വേണം എന്ന വിശദമായ പഠനത്തിനാണ് കേന്ദ്രം ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റോടെ പഠനം പൂർത്തിയാക്കി പുതിയ മാർഗ്ഗനിർദ്ദേശം വരും. കൊവിഷീൽഡ് ഒറ്റ ഡോസ് മാത്രം മതിയോ എന്ന ആലോചനയുമുണ്ട്. ഒരു വാക്സീൻ കുത്തിവച്ച ശേഷം അടുത്ത ഡോസ് മറ്റൊരു വാക്സീൻ സ്വീകരിക്കാമോ എന്ന സംശയം ഇപ്പോഴുണ്ട്. ഇത് പ്രായോഗികമാണോ എന്നതും പഠനവിഷയമാക്കി. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

click me!