ദില്ലിയിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു; ഉന്നതതല യോഗം ചേരുന്നു; ചെങ്കോട്ടയിൽ വീണ്ടും കൊടി കെട്ടി കർഷകർ

By Web TeamFirst Published Jan 26, 2021, 4:37 PM IST
Highlights

സമരത്തിൽ അക്രമം നടത്തിയത് സാമൂഹ്യവിരുദ്ധരാണെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി. സംഘർഷത്തെ നേരിടാൻ അർദ്ധ സൈനിക വിഭാഗങ്ങളെ രംഗത്തിറക്കുന്ന കാര്യം ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും

ദില്ലി: കർഷക പ്രക്ഷോഭം ശക്തമായി നടക്കുന്നതിനിടെ രാജ്യ തലസ്ഥാനത്ത് പല ഭാഗത്തും ഇന്റർനെറ്റ് വിച്ഛേദിച്ചു. ചെങ്കോട്ടയിൽ വീണ്ടും കടന്നുകയറിയ കർഷകർ ഏറ്റവും ഉയരത്തിലുള്ള മന്ദിരത്തിൽ കർഷക സംഘടനകളുടെയും മറ്റും കൊടികൾ സ്ഥാപിച്ചു. സ്ഥിതിഗതികൾ അനിയന്ത്രിതമായതോടെ ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ.

ദില്ലിയിൽ ഇന്ന് ഉച്ച മുതൽ 12 മണിക്കൂർ നേരത്തേക്കാണ് ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുന്നത്. ഇന്ന് വൈകീട്ട് അഞ്ച് മണി വരെയാണ് കർഷകർക്ക് റാലി നടത്താൻ അനുവാദം നൽകിയിരിക്കുന്നത്. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നടപടികൾ കർശനമാക്കുന്ന കാര്യത്തിൽ ഉന്നതതല യോഗം തീരുമാനമെടുക്കും. രാവിലെ സിംഗു അതിർത്തിയിലും തിക്രി അതിർത്തിയിലും ബാരിക്കേഡ് തകർത്ത് സമരക്കാർ പ്രതിഷേധവുമായി മുന്നോട്ട് പോവുകയായിരുന്നു. ഗാസിപ്പൂരിലും പിന്നീട് സംഘർഷം ഉണ്ടായി. ബാരിക്കേഡ് നീക്കി കർഷകർ മുന്നോട്ട് നീങ്ങിയപ്പോൾ പൊലീസ് തടഞ്ഞതാണ് കാരണം.

സിംഗു അതിർത്തിയിൽ നിന്നും തിക്രിയിൽ നിന്നും എത്തിയവരാണ് ചെങ്കോട്ടയിലേക്ക് പോയത്. ഗാസിപ്പൂരിൽ നിന്ന് വന്നവർ ഐടിഒയിലേക്കാണ് പോയത്. നോയിഡ അതിർത്തി വഴി കടക്കാനുള്ള കർഷകരുടെ നീക്കത്തിനെതിരെ പൊലീസ് ലാത്തിവീശി തടഞ്ഞു. ഇവിടെ ഇപ്പോൾ സമാധാനപരമാണ്. ആഭ്യന്തര മന്ത്രാലയം വിളിച്ചുചേർത്ത യോഗത്തിൽ സമാധാനം പുനസ്ഥാപിക്കാനാണ് നീക്കം. സമരത്തിൽ അക്രമം നടത്തിയത് സാമൂഹ്യവിരുദ്ധരാണെന്ന് കർഷക സംഘടനകൾ കുറ്റപ്പെടുത്തി. സംഘർഷത്തെ നേരിടാൻ അർദ്ധ സൈനിക വിഭാഗങ്ങളെ രംഗത്തിറക്കുന്ന കാര്യം ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും.

click me!