രാജ്യത്ത് ഏറ്റവും കൂടുതല്‍ നഴ്സുമാര്‍ക്ക് കൊവിഡ് ബാധിച്ചത് ദില്ലിയില്‍; 35 കേസുകള്‍

By Web TeamFirst Published Apr 22, 2020, 4:23 PM IST
Highlights

35 നഴ്സുമാരാണ് ഇവിടെ കൊവിഡ് ബാധിതരായിട്ടുള്ളത്. മുംബൈയിൽ 27 നഴ്സുമാർക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. 

ദില്ലി: കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുന്നവരിൽ പലരും വൈറസ് ബാധയ്ക്കിരയായിട്ടുണ്ട്. അവരിൽ ആരോ​ഗ്യപ്രവർത്തകരും നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടുന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ രോ​ഗബാധിതരായ നഴ്സുമാരുള്ളത് ദില്ലിയിലാണെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. 35 നഴ്സുമാരാണ് ഇവിടെ കൊവിഡ് ബാധിതരായിട്ടുള്ളത്. മുംബൈയിൽ 27 നഴ്സുമാർക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. നാടും വീടും വിട്ട് അന്യസ്ഥലങ്ങളിൽ ജോലി ചെയ്യേണ്ടി വരുന്നവരാണ് നഴ്സുമാർ. തങ്ങൾക്ക് കൃത്യമായ താമസ സൗകര്യങ്ങളോ ​ഗുണനിലവാരമുള്ള ഭക്ഷണമോ സുരക്ഷാ വസ്ത്രങ്ങളോ ഒന്നും തന്നെ ലഭിക്കുന്നില്ലെന്ന് ഇവർ പരാതിപ്പെട്ടിരുന്നു. 

നിരവധി ആരോ​ഗ്യ പ്രശ്നങ്ങളുമായി എത്തുന്ന രോ​ഗികൾ പരിശോധനയ്ക്ക് ശേഷമാണ് കൊവിഡ് ബാധിതരാണെന്ന് അറിയുന്നത്. അതേ സമയം ഈ രോ​ഗിയെ ശുശ്രൂഷിക്കുന്ന ജീവനക്കാർക്ക് സുരക്ഷാ വസ്ത്രങ്ങൾ ഒന്നും തന്നെ നൽകാത്ത സാഹചര്യമാണുള്ളത്. കൊവിഡ് 19 രോ​ഗബാധിതരെ ചികിത്സിക്കാത്ത ആശുപത്രികളിലാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നത്. ഇത്തരം ആളുകൾ എത്തുന്നത് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളുമായിട്ടാണ്. കൊവിഡ് 19 സ്ഥിരീകരണം എത്തുമ്പോഴേയ്ക്കും ഇവരുമായി സമ്പർക്കത്തിലേർപ്പെട്ട ഏതെങ്കിലും ഒരാൾ കൊവിഡ് ബാധിതരായി മാറിയിട്ടുണ്ടാകും. ദില്ലി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ 18 നഴ്സുമാരാണ് രോ​ഗബാധിതരായിരിക്കുന്നത്. ഇവിടെ കൊവിഡ് ബാധിതരെ ചികിത്സിച്ചിട്ടില്ല. പക്ഷേ യുകെയിൽ നിന്നും എത്തിയ സഹോദരങ്ങളിൽ നിന്ന് ഡോക്ടർ കൊവിഡ് ബാധിതയാകുകയും പിന്നീടത് മറ്റുള്ളവർക്ക് പകരുകയുമായിരുന്നു.

ദില്ലിയിലെ ലേഡി ഹാർദിം​ഗ് ഹോസ്പിറ്റലിൽ ആറ് നഴ്സുമാർക്കാണ് കൊവിഡ് ബാധിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് പത്ത് മാസം പ്രായമുള്ള കുട്ടിയെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീടാണ് കുഞ്ഞിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. കലാവതി സരൺ ചിൽഡ്രൻസ് ഹോസ്പിറ്റൽ, മഹാരാജ അ​ഗ്രസൻ ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ മൂന്ന് നഴ്സുമാർ വീതവും, ലോക് നായക് ജയപ്രകാശ് നാരായൺ ഹോസ്പിറ്റലിലെ രണ്ട് നഴ്സുമാർ, അപ്പോളോ ഹോസ്പിറ്റൽ, മാക്സ് ഹോസ്പിറ്റൽ, മൂൽചന്ദ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഓരോ നഴ്സുമാർ എന്നിവർക്കാണ് കൊവിഡ് 19 ബാധിച്ചിരിക്കുന്നത്. ഇവിടങ്ങളിൽ താമസിക്കുന്ന നഴ്സുമാർക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭ്യമാകുന്നില്ല എന്ന് എൻഡിടിവി തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. സാമൂഹിക അകലം പാലിക്കുന്നതിനുള്ള സാഹചര്യം പോലുമില്ല.

 
 

click me!