
ദില്ലി: ചരിത്ര പ്രസിദ്ധമായ ദില്ലി ജമാ മസ്ജിദിൽ സ്ത്രീകൾക്ക് തനിച്ച് പ്രവേശനം നിരോധിച്ചു. സ്ത്രീകൾ ഒറ്റക്കോ ഒരുമിച്ചോ പള്ളി സമുച്ചയത്തിൽ പ്രവേശിക്കരുതെന്ന് ജമാ മസ്ജിദ് മാനേജ്മെന്റ് കമ്മിറ്റിയുടെ പേരിൽ ഗേറ്റിൽ പതിച്ച നോട്ടീസിൽ അറിയിച്ചു. ജമാ മസ്ജിദ് സമുച്ചയത്തിലേക്ക് സ്ത്രീകൾക്ക് പ്രവേശനം ലഭിക്കണമെങ്കിൽ അവരുടെ കുടുംബത്തിലെ പുരുഷൻ കൂടെ വേണമെന്നും നോട്ടീസിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് ജമാ മസ്ജിദിന്റെ പ്രവേശന കവാടത്തിൽ നിരോധനം അറിയിച്ചുള്ള നോട്ടീസ് പതിച്ചത്. മൂന്ന് ഗേറ്റുകളിലും നോട്ടീസ് പതിച്ചിട്ടുണ്ട്. എന്നാൽ നോട്ടീസ് അച്ചടിച്ച തീയതി ഇല്ല.
വിഷയത്തിൽ ജമാ മസ്ജിദ് ഭരണകൂടത്തിന് നോട്ടീസ് നൽകുമെന്നും ഇത്തരമൊരു വിലക്ക് പുറപ്പെടുവിക്കാൻ ആർക്കും അവകാശമില്ലെന്നും ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ പറഞ്ഞു. അതേസമയം, നമസ്കാരത്തിനായി എത്തുന്നവർക്ക് ശല്യമാണെന്നും മസ്ജിദിന്റെ ദൃശ്യങ്ങൾ സ്ത്രീകൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് തടയാനാണ് നിരോധനമെന്ന് ജമാ മസ്ജിദിന്റെ പബ്ലിക് റിലേഷൻസ് ഓഫീസർ സബിയുള്ള ഖാൻ പറഞ്ഞു. കുടുംബത്തോടൊപ്പം എത്തുന്നവർക്കും വിവാഹിതരായ ദമ്പതികൾക്കും നിയന്ത്രണങ്ങളില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം വ്യാപകമായ പ്രതിഷേധത്തിന് ഇടയായതോടെ പ്രാർത്ഥന നടത്താൻ വരുന്നവർക്ക് ഉത്തരവ് ബാധകമല്ലെന്ന് ജമാ മസ്ജിദ് ഷാഹി ഇമാം രംഗത്തെത്തി. പള്ളി ആരാധനക്കുള്ള സ്ഥലമാണ്. എന്നാൽ പെൺകുട്ടികൾ അവരുടെ കാമുകനെ കാണാനായി പള്ളിയിൽ കാത്തിരിക്കുന്നത് ശരിയല്ലെന്നും ഇമാം വ്യക്തമാക്കി. ആരാധനക്കായി ഏത് പ്രായത്തിലുള്ള സ്ത്രീകൾക്കും പള്ളിയിൽ പ്രവേശിക്കാമെന്നും അതിന് തടസ്സമില്ലെന്നും ഇമാം പറഞ്ഞു. 17ാം നൂറ്റാണ്ടിൽ മുഗൾ കാലഘട്ടത്തിലാണ് ദില്ലി ജമാ മസ്ജിദ് നിർമിച്ചത്.
നാക്കിലെ ഓപ്പറേഷന് എത്തിച്ച പിഞ്ചുകുഞ്ഞിന്‍റെ ജനനേന്ദ്രിയത്തില്‍ ശസ്ത്രക്രിയ നടത്തിയതായി ആരോപണം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam