
ദില്ലി: ദില്ലി മദ്യനയ അഴിമതി കേസില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് മുന്നില്‍ ചോദ്യത്തിന് ഹാജരാകാത്തതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. തന്‍റെ ശരീരത്തെ നിങ്ങൾക്ക് അറസ്റ്റ് ചെയ്യാം, എന്നാൽ തങ്ങളുടെ ആശയത്തെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് അരിവന്ദ് കെജ്രിവാള്‍ തുറന്നടിച്ചു. ഇഡിക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കി രാവിലെ ദില്ലി വിട്ടശേഷമാണ് അരവിന്ദ് കെജ്രിവാളിന്‍റെ പ്രതികരണം. അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാത്തതിനെതുടര്‍ന്ന് അരവിന്ദ് കെജ്രിവാളിന് പുതിയ നോട്ടീസ് നല്‍കുമെന്ന് ഇഡി അധികൃതര്‍ അറിയിച്ചു.
തന്നെ അറസ്റ്റു ചെയ്യാനാകുമെങ്കിലും തന്നെ നയിക്കുന്ന ആശയത്തെയും ആയിരക്കണക്കിന് അണികളെയും അറസ്റ്റു ചെയ്യാൻ കഴിയില്ലെന്ന് കെജ്രിവാള്‍ പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനോടൊപ്പം മധ്യപ്രദേശിൽ എത്തിയ ശേഷമാണ് കെജ്രിവാൾ ആദ്യമായി ഇഡി നോട്ടീസിനോട് പ്രതികരിച്ചത്. രാവിലെ 11 മണിക്ക് ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിയിരുന്ന കെജ്രിവാൾ ഇതിന് തൊട്ടുമുമ്പ് ഇഡി നോട്ടീസിന് മറുപടി നല്കി. നോട്ടീസ് രാഷ്ട്രീയ പ്രരിതമാണ്. ബിജെപി എംപി മനോജ് തിവാരി അറസ്റ്റു ചെയ്യും എന്ന് പരസ്യമായി പറഞ്ഞ ശേഷമാണ് ഇഡി നോട്ടീസ് വന്നതെന്നും കെജ്രിവാൾ മറപടിയിൽ ചൂണ്ടിക്കാട്ടി.
ഇഡി വീണ്ടും നോട്ടീസ് നല്കിയാൽ ഇതിനെതിരെ കോടതിയിൽ പോകാനാണ് എഎപി ആലോചിക്കുന്നത്. ഇഡി നടപടി തെളിവുകളുടെ അടിസ്ഥാനത്തിലെന്ന് ബിജെപി തിരിച്ചടിച്ചു. മനീഷ് സിസോദിയയും സഞ്ജയ് സിംഗും ജയിലിൽ കിടക്കുമ്പോൾ കെജ്രിവാളിൻറെ അറസ്റ്റ് എങ്ങനെയും വൈകിക്കാനാണ് ആംആദ്മി പാർട്ടി നോക്കുന്നത്. അറസ്റ്റു ചെയ്താൽ ജയിലിൽ കിടന്ന് കെജ്രിവാൾ സർക്കാരിനെ നയിക്കട്ടെ എന്ന നിലപാടിലാണ് പാർട്ടിയുടെ നേതാക്കൾ.
ഇഡിക്ക് മുന്നിൽ ഹാജരാകാതെ കെജ്രിവാൾ, നോട്ടീസ് ബിജെപി നിർദ്ദേശപ്രകാരമെന്ന് ഇഡിക്ക് മറുപടിക്കത്ത്
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam