ദില്ലിയിൽ 'കൊറോണ' എന്നാക്ഷേപിച്ച് മണിപ്പുരി യുവതിയുടെ മുഖത്ത് തുപ്പിയ ആൾ അറസ്റ്റിൽ

Published : Mar 26, 2020, 08:14 AM IST
ദില്ലിയിൽ 'കൊറോണ' എന്നാക്ഷേപിച്ച് മണിപ്പുരി യുവതിയുടെ മുഖത്ത് തുപ്പിയ ആൾ അറസ്റ്റിൽ

Synopsis

ഇരുപത്തിയഞ്ചുകാരിയായ യുവതിയ്ക്ക് നേരെയാണ് ദില്ലി സ്വദേശിയായ നാൽപതുകാരൻ വംശീയാക്രമണം നടത്തിയത്. മാർക്കറ്റിൽ പച്ചക്കറി വാങ്ങി തിരികെ വരികയായിരുന്ന യുവതിയെ തടഞ്ഞു നിർത്തി കൊറോണ എന്നാക്ഷേപിച്ച് തുപ്പുകയായിരുന്നു.

ദില്ലി: തലസ്ഥാനനഗരിയിൽ മണിപ്പൂരി യുവതിയ്ക്ക് നേരെ കൊറോണ എന്നാക്ഷേപിച്ച് തുപ്പിയയാൾ അറസ്റ്റിൽ. മുഖർജി നഗർ സ്വദേശിയായ നാൽപതുകാരനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരും വിവരങ്ങളും പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. 

ഞായറാഴ്ച, ജനതാ കർഫ്യൂ ദിനം, നിയന്ത്രണങ്ങൾ അവസാനിച്ച ശേഷം രാത്രിയാണ് മണിപ്പൂരി യുവതിയ്ക്ക് ഈ വംശീയാധിക്ഷേപം നേരിടേണ്ടി വന്നത്. തൊട്ടടുത്തുള്ള പച്ചക്കറി മാർക്കറ്റിൽ നിന്ന് അത്യാവശ്യത്തിന് വേണ്ട പച്ചക്കറി വാങ്ങി മടങ്ങി വരവെയാണ് ബൈക്കിലെത്തിയ ഇയാൾ യുവതിയെ തടഞ്ഞു നിർത്തിയത്. വെളിച്ചമില്ലാത്ത ഇടത്ത് യുവതിയെ തടഞ്ഞ ഇയാൾ ആദ്യം അശ്ലീലച്ചുവയോടെ യുവതിയോട് സംസാരിച്ചു. ഇയാളെ അവഗണിച്ച് നടന്ന് പോകാനാണ് ആദ്യം യുവതി ശ്രമിച്ചത്. തുടർന്ന് ഇവരെ ബലം പ്രയോഗിച്ച് തടഞ്ഞു നിർത്താനായി ഇയാളുടെ ശ്രമം. യുവതി ശക്തമായി എതിർത്തപ്പോൾ, 'കൊറോണ', എന്ന് അധിക്ഷേപിച്ച് ഇവരുടെ മുഖത്തും ദേഹത്തും ഇയാൾ തുപ്പുകയായിരുന്നു.

യുവതി ഉടൻ തന്നെ തൊട്ടടുത്തുള്ള വിജയനഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. യുവതി നൽകിയ വിവരങ്ങളനുസരിച്ച് രൂപരേഖ തയ്യാറാക്കിയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.

സംഭവം പുറത്തറിഞ്ഞപ്പോൾ സാമൂഹ്യമാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധമാണ് ഉയർന്നത്. പ്രതിയെ ഉടനടി അറസ്റ്റ് ചെയ്യണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ ട്വീറ്റ് ചെയ്തു. 

ഇത്തരം വംശീയക്രമണങ്ങൾ നിരവധിത്തവണ ദില്ലിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രത്യേകിച്ചും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലുള്ളവരെ, പ്രത്യേകിച്ച് സ്ത്രീകളെ ലാക്കാക്കി ഇത്തരം അപമാനശ്രമങ്ങൾ പതിവാണ്. 

കൊറോണവൈറസ് ബാധ വ്യാപകമായ ശേഷം, മൂന്ന് തവണയെങ്കിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ദില്ലി യൂണിവേഴ്സിറ്റിയുടെ നോർത്ത് ക്യാമ്പസിൽ ഹോളി ദിനം വിദ്യാർത്ഥിയ്ക്ക് നേരെ വാട്ടർ ബലൂൺ എറിഞ്ഞ് കൊറോണ എന്ന പരിഹസിച്ചതായി പരാതിയുയർന്നിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഒരു യുവതിയെ പൻഡാര റോഡിലെ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം തരില്ലെന്ന് പറഞ്ഞ് ഇറക്കിവിട്ടിരുന്നു.

PREV
click me!

Recommended Stories

ദി ഈസ് ഹ്യൂജ്! ഇന്ത്യയിൽ മെഗാ പ്രഖ്യാപനവുമായി മൈക്രോസോഫ്റ്റ്, 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് സത്യ നദെല്ല
'പക്ഷപാതപരമായി പ്രവർത്തിക്കുന്നു', ജസ്റ്റിസ് ജി ആർ സ്വാമിനാഥനെ ഇംപീച്ച് ചെയ്യാൻ ലോക്സഭാ സ്പീക്കർക്ക് നോട്ടീസ് നൽകി പ്രതിപക്ഷം