'മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞിട്ട് ഫോൺ പോലും തന്നില്ല, കസ്റ്റഡിയിൽ നേരിട്ടത് വലിയ ട്രോമ', ദില്ലി പൊലീസിന്‍റെ വാദങ്ങൾ തള്ളി അഭിജീത് ദീപ്കെ

Published : Oct 11, 2026, 08:14 PM IST
Abhijit Dipke

Synopsis

മുത്തശ്ശിയുടെ മരണവിവരം അറിഞ്ഞിട്ടും ദില്ലി പൊലീസ് ഫോൺ നൽകിയില്ലെന്നും കസ്റ്റഡിയിൽ കടുത്ത പീഡനം നേരിട്ടെന്നും സി ജെ പി സ്ഥാപകൻ അഭിജീത് ദീപ്കെ ആരോപിച്ചു. എന്നാൽ ദീപ്കെയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തിരുന്നു എന്നായിരുന്നു ദില്ലി പൊലീസിന്‍റെ വാദം

ദില്ലി: മുത്തശ്ശി മരിച്ച വിവരം കൃത്യമായി അറിയിച്ചെന്ന വാദവുമായി രംഗത്തെത്തിയ ദില്ലി പോലീസിനെതിരെ സി ജെ പി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ രൂക്ഷ വിമർശനം. മരണ വിവരം അറിയിച്ചപ്പോൾ ബന്ധുക്കളോട് ഒരു മിനിറ്റ് സംസാരിക്കാൻ ഫോൺ തരാൻ ആവശ്യപ്പെട്ടെങ്കിലും തന്നില്ലെന്ന ഗുരുതര ആരോപണമടക്കം ഉന്നയിച്ചാണ് ദീപ്കെ രംഗത്തെത്തിയത്. പുലർച്ചെ മൂന്നരയ്ക്കാണ് പോലീസ് അച്ഛനോട് സംസാരിക്കാൻ ഫോൺ തന്നതെന്നും അദ്ദേഹം വിവരിച്ചു. വലിയ ട്രോമയാണ് തനിക്ക് ദില്ലി പോലീസിൽ നിന്നുണ്ടായതെന്നും ദീപ്കെ വിവരിച്ചു. കസ്റ്റഡിയിലിരിക്കെ അഭിഭാഷകനോടും സംസാരിക്കാൻ അനുവദിച്ചില്ലെന്നും ദീപ്കെ വെളിപ്പെടുത്തി. ദില്ലിയിലെ പൊലീസുകാർ യൂണിഫോമിട്ട ​ഗുണ്ടകളാണെന്നും അമിത്ഷാ ആണ് അവരെ ​ഗുണ്ടകളാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. മോദിയുടെയും ഷായുടെയും ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്നും ഒരുതവണയല്ല നൂറുതവണ ജയിലിലടച്ചാലും പ്രക്ഷോഭം തുടരുമെന്നും സി ജെ പി സ്ഥാപകൻ വ്യക്തമാക്കി. രാജ്യത്ത് നിലനിൽക്കുന്ന ഏകാധിപത്യത്തിന് അന്ത്യംകുറിക്കുകയാണ് സി ജെ പിയുടെ ലക്ഷ്യമെന്നും ദീപ്കെ പ്രഖ്യാപിച്ചു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഇന്നലെ ദില്ലിയിലേക്ക് എത്തിയപ്പോൾ വിമാനത്തിനുള്ളിൽ വച്ചാണ് ദീപ്കെയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടയിലാണ് ദീപ്കെയും മുത്തശ്ശി മരണപ്പെട്ടത്.

എല്ലാ സഹായവും വാഗ്ദാനം ചെയ്തെന്ന് ദില്ലി പൊലീസ്

അതേസമയം മുത്തശ്ശിയുടെ മരണവിവരമറിഞ്ഞതിന് പിന്നാലെ തന്നെ അഭിജീത് ദീപ്കെയ്ക്ക് എല്ലാ സഹായങ്ങളെല്ലാം വാ​ഗ്ദാനം ചെയ്തിരുന്നെന്നാണ് ദില്ലി പോലീസ് നേരത്തെ അവകാശപ്പെട്ടത്. ദീപ്കെയെ വിട്ടയക്കാൻ വൈകിയെന്നും മുത്തശ്ശിയുടെ സംസ്കാരചടങ്ങുകളിൽ പങ്കെടുക്കാതിരിക്കാനാണ് പൊലീസ് ഇങ്ങനെ ചെയ്തതെന്നുമുള്ള ദീപ്കെയുടെയും കുടുംബത്തിന്‍റെയും ആരോപണം തെറ്റാണെന്നായിരുന്നു ദില്ലി പൊലീസ് പി ആർ ഒയായ ഡി സി പി നേഹ യാദവിന്റെ വിശദീകരണം. ദീപ്കെ പൊലീസ് കസ്റ്റഡിയിലിരിക്കെയുള്ള ദൃശ്യങ്ങൾ സഹിതമാണ് ഡി സി പി വാർത്താസമ്മേളനം നടത്തിയത്. മുത്തശ്ശിയുടെ മരണവിവരവും സംസ്കാരത്തിന്റെ സമയവുമെല്ലാം ദീപ്കെയെ കൃത്യസമയത്ത് തന്നെ അറിയിച്ചിരുന്നതായാണ് ഡി സി പിയുടെ വാദം. വീട്ടിലേക്ക് പോകാനുള്ള യാത്രാസൗകര്യമടക്കം വാ​ഗ്ദാനം ചെയ്തു. എവിടെ വേണമെങ്കിലും യാത്രചെയ്യാമെന്നും ബസോ വിമാനമോ അല്ലെങ്കിൽ മറ്റ് സൗകര്യങ്ങൾ ഒരുക്കാമെന്നും ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ ദീപ്കെയോട് പറയുന്നതാണ് പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിലുള്ളത്. തന്റെ ഔദ്യോഗിക ഫോണിൽ നിന്ന് കുടുംബത്തെ വിളിക്കാമെന്നും പൊലീസ് ഉദ്യോ​ഗസ്ഥൻ പറഞ്ഞു. എന്നാൽ, ഇപ്പോൾ തന്റെ പിതാവിനോട് സംസാരിക്കാനാകില്ലെന്ന് ദീപ്കെ മറുപടി പറയുന്നതാണ് വീഡിയോയിൽ ഉള്ളത്. തുടർന്ന് നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് നോക്കാമെന്ന് ഉദ്യോ​ഗസ്ഥൻ പറയുന്നതും പൊലീസ് പുറത്തുവിട്ട ദൃശ്യങ്ങളിലുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ജോലിയിൽ നിന്ന് പിരിച്ചുവിട്ടു, നടപടിക്ക് മുൻകൈ എടുത്തയാളുടെ പേരക്കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി, മുൻ സെക്യൂരിറ്റി ജീവനക്കാരനായി തെരച്ചിൽ
മുത്തശ്ശിയുടെ മരണം: ദീപ്കെയ്ക്ക് എല്ലാസഹായവും വാ​ഗ്ദാനം ചെയ്തെന്ന് ഡൽഹി പൊലീസ്; പൊലീസിന്റെ വാദങ്ങൾ തെറ്റെന്ന് ദീപ്കെ, ഫോൺ പോലും നൽകിയില്ല